
തമിഴ്- മലയാളം സിനിമാ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മുഖമാണ് നടി വരലക്ഷ്മി ശരത്കുമാറിന്റേത്. കുട്ടിക്കാലത്ത് താൻ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന് ഒരു തമിഴ് റിയാലിറ്റി ഷോ വേദിയിൽ കഴിഞ്ഞ ദിവസം വരലക്ഷ്മി പറഞ്ഞിരുന്നു. നടിയുടെ വാക്കുകളാണിപ്പോൾ സൈബറിടങ്ങളിൽ ചർച്ചയായി മാറുന്നത്. സ്വകാര്യ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെയും തുറന്നുപറച്ചിൽ.
"ഞാനും നിന്നെപ്പോലെ തന്നെയാണ്. എന്റെ മാതാപിതാക്കൾ (നടൻ ശരത്കുമാർ, ഛായ) അന്ന് ജോലി ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് തന്നെ എന്നെ നോക്കാൻ അവർ വേറെ ആളുകളെ നിയമിച്ചിരുന്നു. ഞാൻ കുട്ടിയായിരുന്ന സമയത്ത് അഞ്ചോ ആറോ പേർ എന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. നിന്റെ കഥ എന്റെയുമാണ്.
എനിക്ക് കുട്ടികളില്ല. പക്ഷേ, ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് എല്ലാ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണമെന്ന് ഞാൻ പറയുന്നു".- വരലക്ഷ്മി ശരത്കുമാർ പറഞ്ഞു. വരലക്ഷ്മിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മുൻപും താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് വരലക്ഷ്മി തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ സേവ് ശക്തി ഫൗണ്ടേഷനിലൂടെ അതിജീവിതകൾക്ക് പിന്തുണ നൽകുന്നതിനേക്കുറിച്ചും വരലക്ഷ്മി പലപ്പോഴായി സംസാരിക്കാറുണ്ട്.
12 വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ മധ ഗജ രാജ എന്ന ചിത്രമാണ് വരലക്ഷ്മിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത്. ഈ പൊങ്കലിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രം സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക