Empuraan:'താങ്കള്‍ ധീരനല്ലേ? ഈ മൗനം എത്രനാള്‍ ?'; പൃഥ്വിരാജ് മൗനം വെടിയണമെന്ന് ശ്രീജിത്ത് പണിക്കര്‍

സംഘപരിവാര്‍ സമ്മര്‍ദ്ദത്തിലോ ഭീഷണിയിലോ ആണോ സിനിമ എഡിറ്റ് ചെയ്തതെന്നും സത്യാവസ്ഥ വിശദീകരിക്കണമെന്നും രാഷ്ട്രീയ സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടായോ എന്നും പറയണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നു
controversial parts in Empuraan Sreejith Panicker wants Prithviraj to break his silence
ശ്രീജിത്ത് പണിക്കര്‍, പൃഥ്വിരാജ്
Updated on

കൊച്ചി: എംപുരാനിലെ വിവാദ ഭാഗങ്ങള്‍ നീക്കിയതില്‍ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് വിശദീകരണം നല്‍കണമെന്ന് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. സംവിധായകന്‍ എന്ന നിലയില്‍ സിനിമയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും അതിനിടയാക്കിയ സാഹചര്യത്തെ കുറിച്ചും വിശദീകരിക്കേണ്ടത് പൃഥ്വിരാജിന്റെ ഉത്തരവാദിത്തമാണ്. മോഹന്‍ ലാലിന്റെ ഖേദപ്രകടനം ഷെയര്‍ ചെയ്താല്‍ സംവിധായകന്റെ ഉത്തരവാദിത്തം തീര്‍ന്നോയെന്നും ശ്രീജിത്ത് പണിക്കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

സംഘപരിവാര്‍ സമ്മര്‍ദ്ദത്തിലോ ഭീഷണിയിലോ ആണോ സിനിമ എഡിറ്റ് ചെയ്തതെന്നും സത്യാവസ്ഥ വിശദീകരിക്കണമെന്നും, രാഷ്ട്രീയ സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടായോ എന്നും പറയണമെന്നും പോസ്റ്റില്‍ ആവശ്യപ്പെടുന്നു. 'സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ഓടിനടക്കുകയും വാചാലനാകുകയും ചെയ്ത ഒരാള്‍ പെട്ടെന്ന് മൗനം അവലംബിക്കുന്നതിന്റെ കാരണം എന്താണ്? സിനിമയുടെ പ്രൊമോഷനെ കുറിച്ച് സംസാരിക്കും, എന്നാല്‍ അതിന്റെ പ്രമേയത്തിനെ കുറിച്ചുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഒരു വിവാദമായാലും അതെക്കുറിച്ച് സംസാരിക്കില്ല എന്നാണോ?' ഇങ്ങനെ പോകുന്നു ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്തേ പൃഥ്വിരാജിന് ഇപ്പോഴും മൗനം?

എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ ആള്‍ക്കാര്‍ക്ക് മനോവിഷമം ഉണ്ടാക്കിയെന്ന കാരണത്താല്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രസ്തുത ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന തീരുമാനവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇനി ചോദ്യങ്ങള്‍ പൃഥ്വിരാജിനോടാണ്.

എംപുരാന്‍ സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ മേല്പറഞ്ഞ എഡിറ്റുകളെ കുറിച്ചും അതിന്റെ സാഹചര്യത്തെ കുറിച്ചും വിശദീകരിക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്തമല്ലേ? നടന്റെ ഖേദപ്രകടനം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതില്‍ തീര്‍ന്നോ സംവിധായകന്റെ ഉത്തരവാദിത്തം? എന്തിനാണ് താങ്കളുടെ പടം വീണ്ടും എഡിറ്റ് ചെയ്യേണ്ടിവന്നതെന്ന് താങ്കള്‍ വിശദീകരിക്കൂ.

സംഘപരിവാര്‍ സമ്മര്‍ദ്ദത്തിലോ ഭീഷണിയിലോ ആണോ മേല്പറഞ്ഞ നടപടിയിലേക്ക് എമ്പുരാന്‍ ടീം പോയതെന്ന ചര്‍ച്ചയാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഉയര്‍ത്തുന്നത്. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് വിശദീകരിക്കേണ്ടതും എന്തെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടായോ എന്നൊക്കെ പറയേണ്ടത് ആ സിനിമയുടെ സംവിധായകനായ താങ്കളാണ്.

സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ഓടിനടക്കുകയും വാചാലനാകുകയും ചെയ്ത ഒരാള്‍ പെട്ടെന്ന് മൗനം അവലംബിക്കുന്നതിന്റെ കാരണം എന്താണ്? സിനിമയുടെ പ്രൊമോഷനെ കുറിച്ച് സംസാരിക്കും, എന്നാല്‍ അതിന്റെ പ്രമേയത്തിനെ കുറിച്ചുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഒരു വിവാദമായാലും അതെക്കുറിച്ച് സംസാരിക്കില്ല എന്നാണോ?

സിനിമയുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ കേള്‍ക്കുന്ന ആരോപണം, സിനിമയുടെ പൂര്‍ണ്ണരൂപം മോഹന്‍ലാലിനെ കാണിച്ചിരുന്നില്ല എന്നും, ഷൂട്ട് ചെയ്യുന്ന കലാപം ഗുജറാത്തില്‍ നടന്നതാണെന്ന് പറഞ്ഞിരുന്നില്ല എന്നതുമാണ്. സിനിമയുടെ ഉള്ളടക്കം വിദ്വേഷം ജനിപ്പിക്കരുതെന്ന ബോധ്യം തനിക്ക് എല്ലാക്കാലവും ഉണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലാകുന്നത് അദ്ദേഹത്തിന് മേല്പറഞ്ഞ വിഷയങ്ങളെ കുറിച്ച് അറിവില്ലായിരുന്നു എന്നുതന്നെയാണ്. എന്താണ് താങ്കളുടെ വിശദീകരണം? സിനിമ പൂര്‍ണ്ണമായും മോഹന്‍ലാലിനെ കാണിച്ചിരുന്നോ? അത് ഗുജറാത്ത് കലാപമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചിരുന്നോ?

ഒരു സിനിമയുടെയും ചിത്രീകരണത്തിനിടെ അതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് സംവിധായകന്‍ കൊണ്ടുനടക്കുന്ന പരിപാടിയൊന്നുമില്ല. അതുകൊണ്ടു തന്നെ, താങ്കള്‍ മോഹന്‍ലാലിന് ഗുജറാത്തില്‍ വച്ച് സിനിമ കാണിച്ചു കൊടുത്തെന്ന പ്രചരണത്തിന് വിശ്വാസ്യത കുറവാണ്. ചിത്രീകരിച്ച എന്തൊക്കെ ഭാഗങ്ങളാണ് താങ്കള്‍ മോഹന്‍ലാലിന് കാണിച്ചു കൊടുത്തത് എന്നു വിശദീകരിക്കാമോ?

മോഹന്‍ലാലിന് കഥ പൂര്‍ണ്ണമായും അറിയാമായിരുന്നു (ഗുജറാത്ത് കലാപം അടക്കം) എന്നും അദ്ദേഹം സിനിമ കണ്ടിരുന്നെന്നുമുള്ള താങ്കളുടെ മാതാവ് മല്ലിക സുകുമാരന്റെ വാദം സത്യമാണോ? ഈ വിവാദത്തെ കുറിച്ച് ആധികാരികമായി പ്രതികരിക്കേണ്ടത് താങ്കളാണോ താങ്കളുടെ മാതാവാണോ?

നടി ആക്രമിക്കപ്പെട്ട കേസ് ഉള്‍പ്പടെ തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും സിനിമാ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും സ്വീകരിച്ചിട്ടുള്ള താങ്കള്‍ക്ക് സ്വന്തം സിനിമയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാകുകയും സംവിധായകന്റെ എത്തിക്‌സിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്യുമ്പോള്‍ പ്രതികരണശേഷി ഇല്ലാതാകുന്നത് ധാര്‍മ്മികമാണോ?

ആവര്‍ത്തിക്കുന്നു; എംപുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങള്‍ക്കും കൃത്യമായ, ആധികാരികമായ വിശദീകരണങ്ങളും മറിപടികളും നല്‍കേണ്ടത് താങ്കളാണ്. ഈ പോസ്റ്റിലെ ചിത്രത്തിലേത് പോലെ മുന്നിലേക്ക് വരേണ്ടത് താങ്കളാണ്. നായകനടന്റെ ഖേദപ്രകടനത്തിനു പിന്നില്‍ അഭയം തേടുന്ന സംവിധായകന്‍ ഭീരുവാണ്. താങ്കള്‍ ധീരനല്ലേ? ഈ മൗനം ഇനി എത്രനാള്‍? പ്രതികരിക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com