Asha protest: 'കഴുത്ത് മുറിക്കുന്നതിന് തുല്യം, ഇത് അമ്മമാരുടെ കണ്ണുനീര്‍'; സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍
Asha protest by cutting hair in front of the Secretariat
തലമുണ്ഡനം ചെയ്തും മുടി മുറിച്ചും ആശ വർക്കർമാരുടെ സമരംവിഡിയോ സ്ക്രീൻഷോട്ട്
Updated on

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ആശ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കമാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്.

'സ്ത്രീയെ സംബന്ധിച്ച് മുടി മുറിക്കുക എന്നാല്‍ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്.ആ പ്രതിഷേധം തന്നെയാണ് നടത്തിയിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ലോകത്തിന്റെ മനഃസാക്ഷിക്ക് മുന്നിലേക്ക് ഞങ്ങളുടെ സമരം വെയ്ക്കുകയാണ്. ഈ സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കിലും ലോക മനഃസാക്ഷി ഞങ്ങളുടെ മുന്നില്‍ കണ്ണുതുറക്കുമെന്ന് വിശ്വസിക്കുന്നു. അമ്മമ്മാരുടെ കണ്ണുനീരാണ് അത്രയും. ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും.'- ആശ വര്‍ക്കർമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കാണ് കടന്നത്. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചത്. നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളിയായത്.

രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ ഒത്തുകൂടിയാണ് പ്രതിഷേധം അറിയിച്ചത്. പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്. 154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com