

ന്യൂഡല്‍ഹി: എംപുരാന്‍ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരെ വീണ്ടും ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് എടുത്തു പറഞ്ഞുകൊണ്ടാണ് നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. സനാതന ധര്‍മ്മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജ്. രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാരിനെതിരെ പൃഥ്വിരാജ് എതിര്‍പ്പുമായി രംഗത്തു വരുന്നു. സേവ് ലക്ഷദ്വീപ് ക്യാംപെയ്‌നിന് പിന്നിലെ പ്രമുഖരില്‍ ഒരാളായിരുന്നു പൃഥ്വിരാജ്. സിഎഎ പ്രക്ഷോഭത്തില്‍ ഡല്‍ഹി പൊലീസിനെ നേരിട്ട അയേഷ റെന്നയെ പിന്തുണച്ച് പൃഥ്വിരാജിന്റെയും സഹോദരന്‍ ഇന്ദ്രജിത്തും രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് സിഎഎ പ്രതിഷേധങ്ങള്‍ നടത്തിയത് എന്നും ലേഖനത്തില്‍ പറയുന്നു.
ഹിന്ദുക്കളുടെ കാര്യത്തില്‍ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാന്‍ പൃഥ്വിരാജ് തയ്യാറായില്ലെന്നും ലേഖനം പറയുന്നു. പൃഥ്വിരാജിന്റെ ദുഷ്ട പദ്ധതിയും ദുരുദ്ദേശ്യവും എംപുരാന്‍ സിനിമയില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലന്, ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്റെ മറ്റൊരു പേരായ ബജരംഗ്ബലി എന്നാണ് നല്‍കിയിരിക്കുന്നത്. ഈ കഥാപാത്രത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചിരിക്കുന്നു വെന്നും ലേഖനത്തില്‍ പറയുന്നു.
പൃഥ്വിരാജിന്റെ സിനിമകള്‍ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നെന്നും സിനിമയുടെ പിന്നില്‍ അദൃശ്യമായ പിന്തുണകളുണ്ടെന്നും സംഘപരിവാര്‍ ആരോപണം ഉന്നയിച്ചിരുന്നു. പൃഥ്വിരാജിനെ ഹിന്ദുവിരുദ്ധനെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസര്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിച്ചിരുന്നു. വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ അടക്കം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാപ്പുപറഞ്ഞ സാഹചര്യത്തിലാണ് പുതിയ ലേഖനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates