

തുടരും സിനിമയിലെ മോഹൻലാലിന്റെ ഇമോഷണൽ രംഗങ്ങളെല്ലാം പ്രേക്ഷകരുടെയും ഉള്ളുലച്ചിരുന്നു. പ്രത്യേകിച്ച് ബാത്ത് റൂമിൽ നിന്ന് മോഹൻലാൽ കരയുന്ന രംഗം. ഇപ്പോഴിതാ ഈ സീനുകൾ ഷൂട്ട് ചെയ്തത് എങ്ങനെയാണെന്ന് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ. ബാത്ത് റൂം സീനിൽ ഞാൻ ലാലേട്ടന് കൊടുത്ത ബ്രീഫിങ് മുഖം മറയ്ക്കരുത് എന്ന് മാത്രമായിരുന്നുവെന്നാണ് തരുൺ പറയുന്നത്.
"ബാത്ത് റൂം സീക്വൻസ് എടുക്കുന്നതിന് തൊട്ട് മുൻപുള്ള എന്റെ ബ്രീഫിങ് വളരെ സിംപിളായിരുന്നു. ലാലേട്ടാ മുഖം മറയ്ക്കരുത്. മുഖം പൊത്താതെ കരയണം. എത്രത്തോളം റോ ആയിട്ട്, വായിൽ നിന്ന് ഉമിനീര് പുറത്തുവന്നാലും കുഴപ്പമില്ല, അത്രയും റോ ആയിട്ട് പോവുക എന്ന് ലാലേട്ടനോട് പറഞ്ഞു. കരയുന്ന ഒച്ച പുറത്ത് കേൾക്കാതിരിക്കാൻ ടാപ്പ് തുറന്നു വച്ചിരിക്കുന്നു, ഭാര്യ അപ്പുറത്തിരുന്ന് മകനേക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു.
അപ്പോൾ പുറത്തേക്ക് ശബ്ദം കേൾക്കാൻ പാടില്ല. അത്രയേറെ ഇമോഷൻസ് ഉണ്ട്. ഞാൻ എപ്പോഴും മ്യൂസിക് ഒക്കെ ഇട്ടാണ് വർക്ക് ചെയ്യുന്നത്. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഞങ്ങൾക്കൊരു ഐഡിയയും ഇല്ല. ലാലേട്ടാ ഇത് ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പോയി പറഞ്ഞു കൊടുക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം. മുഖം പൊത്താതെ കരയുക, ഏറ്റവും റോ ആകുക, കൊളാബ്സ് ആകുക. എന്താണ് ഈ മനുഷ്യൻ ചെയ്യാൻ പോകുന്നത് എന്നതിന്റെ ആകാംക്ഷയിലാണ് ഞങ്ങളും.
പ്രകാശ് വർമ്മ എന്റെ അടുത്ത് വന്നിരുന്നു. എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അദ്ദേഹത്തിന് കാണണം. ബിനു എന്റെ പുറകിൽ വന്ന് തോളത്ത് കൈ വച്ച് നിൽപ്പുണ്ട്. എപ്പോഴും ഷോട്ടിന് മുൻപ് നമ്മൾ ആക്ടറിന്റെ പേര് വിളിക്കും. ബെൻസ് ആക്ഷൻ എന്ന് വിളിക്കും. പെട്ടെന്ന് മ്യൂസിക് വരുന്നു. ഈ മനുഷ്യൻ പെർഫോം ചെയ്ത് തുടങ്ങുന്നു. ലോങ് ലെൻസ് ഷോട്ടുകളാണ്. ഇടയ്ക്ക് ലാലേട്ടൻ മുഖം പൊത്തുന്നുണ്ട്. അതുകഴിഞ്ഞ് കൈ മാറ്റിയിട്ട് മുകളിലേക്ക് നോക്കി കരയുന്നുണ്ട്. ഭിത്തിയിൽ പോയി ചേർന്ന് നിൽക്കുന്നുണ്ട്.
ആ സമയമൊക്കെ മ്യൂസിക്കലി ഹൈ ആയി തന്നെയാണ് നിൽക്കുന്നത്. മോനേ കാണാൻ പോയിരുന്നോ എന്നൊക്കെ ശോഭന മാം പറയുന്ന ഡയലോഗ് ഒക്കെ മൈക്കിലൂടെ ഞാൻ ആണ് പറയുന്നത്. അത് ലാലേട്ടൻ കേട്ട്, വാ പൊത്തി പെട്ടെന്ന് കാല് അങ്ങ് സ്ലിപ് ആയി. അപ്പോൾ ലാലേട്ടന് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു എന്റെ ടെൻഷൻ. നിറയെ വെള്ളം കിടക്കുന്നു, അതുപോലെ അദ്ദേഹത്തിന്റെ പ്രായം... എന്തെങ്കിലും പറ്റി കാണുമോ എന്നായിരുന്നു ടെൻഷൻ.
ശ്രദ്ധയില്ലാതെ അദ്ദേഹത്തെ ഉപയോഗിച്ചോ എന്നൊക്കെയുള്ള പ്രശ്നങ്ങൾ വരുമോ എന്നൊക്കെ ടെൻഷൻ ഉണ്ടായിരുന്നു. കട്ട് പറയാൻ ഞാൻ മൈക്ക് കൈയിലെടുത്തു. പക്ഷേ അദ്ദേഹം പെർഫോമൻസ് നിർത്തുന്നില്ല. ഞാൻ വളരെ കൺഫ്യൂസ്ഡ് ആയി. ഇത് പെർഫോമൻസ് ആണോ അബദ്ധം പറ്റിയതാണോ എന്നൊക്കെ ഓർത്തു. വീണ്ടും ഞാൻ മൈക്ക് എടുത്തപ്പോൾ പ്രകാശ് വർമ്മ എന്റെ തുടയിൽ അടിച്ചിട്ട് പറഞ്ഞു, മോഹൻലാൽ നിനക്ക് തരുന്ന ഗിഫ്റ്റ് ആണിതെന്ന്.
ബിനു എന്റെ തോളത്ത് പിടിച്ചിട്ട് കിട്ടി മോനേ, അത് പുള്ളി നിനക്ക് തരുന്നതാടാ എന്ന് പറഞ്ഞു. പിന്നെ ഞാൻ മൈക്ക് മാറ്റി വച്ചു. ലെങ്തി ഷോട്ട് ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ഫുൾ പെർഫോമൻസ് കഴിഞ്ഞ് ഞാൻ കട്ട് വിളിച്ചു. ഞാൻ ഓടിച്ചെന്നത് ലാലേട്ടന്റെ അടുത്തോട്ടാണ്. സാർ ഓക്കെയല്ലേ എന്ന് ചോദിച്ചു. ഓക്കെയാണെന്ന് അദ്ദേഹം പറഞ്ഞു. മോൻ ഓക്കെയല്ലേ എന്ന് ചോദിച്ചു.
ഓക്കെയാണെന്ന് പറഞ്ഞ്, ഞാൻ ഷാജി ചേട്ടനെ നോക്കിയപ്പോൾ അദ്ദേഹം കണ്ണൊക്കെ നിറഞ്ഞ് ഇരിപ്പുണ്ട്. എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു. ലാലേട്ടൻ ഷോട്ടിന് മുൻപ് ഭിത്തിയിൽ കൈ ഒക്കെ വച്ച് നോക്കുന്നുണ്ടായിരുന്നു. കൊളാബ്സ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് അങ്ങനെയായിരിക്കും തോന്നിയത്. ഷോട്ട് കിട്ടി.
എനിക്ക് ഭയങ്കര കുറ്റബോധം ഉണ്ടായിരുന്നു. മോഹൻലാലിനെ നിലത്ത് കിടത്തി അഭിനയിപ്പിച്ചല്ലോ എന്നോർത്ത്. പിന്നെയും ഞാൻ ചോദിച്ചു, ലാലേട്ടാ ഒക്കെ അല്ലേ. പിന്നെന്താ മോനെ അങ്ങനെയല്ലേ ചെയ്യണ്ടേ എന്ന് അദ്ദേഹം പറഞ്ഞു". - തരുൺ മൂർത്തി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates