

കേരളത്തിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. അടുത്തിടെ സഹോദരൻ ഗോകുൽ സുരേഷും താനും ഗുരുവായൂരിൽ നിന്ന് വരുന്ന വഴി രണ്ടു ബസുകളുടെ മത്സരയോട്ടം കാരണം തങ്ങളുടെ കാർ ഒരു മരത്തിലിടിച്ച് അപകടത്തിൽപ്പെടേണ്ട അവസ്ഥയുണ്ടായി എന്ന് മാധവ് പറയുന്നു.
ഒന്നുകിൽ കേരള സർക്കാർ കെഎസ്ആർടിസി ബസുകളെയും പ്രൈവറ്റ് ബസുകളെയും ഒരു പാഠം പഠിപ്പിക്കണം അല്ലെങ്കിൽ ഇനി ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന വാഹനങ്ങൾ അടിച്ചുപൊട്ടിച്ച് കുറ്റക്കാരുടെ മുഖം തകർക്കാനുള്ള ലൈസൻസ് തനിക്ക് തരണമെന്നും മാധവ് സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. രണ്ടു ബസുകൾ മത്സരിച്ച് ഓടി അപകടം ഉണ്ടാകുന്നതിന്റെ വിഡിയോ ഷെയർ ചെയ്തു കൊണ്ടാണ് മാധവ് സുരേഷ് പ്രതികരിച്ചത്.
"കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം. കലൂരിൽ ഒരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് എന്റെ സഹോദരൻ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു.
അടുത്തിടെ ഞാനും ചേട്ടൻ ഗോകുലും ഗുരുവായൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡിൽ, അർധരാത്രിയിൽ രണ്ട് ബസുകൾ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലമില്ലാത്തിടത്തേക്ക് ഒതുക്കപ്പെട്ട് ഒരു മരത്തിൽ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങൾ രക്ഷപ്പെട്ടത്.
കെഎസ്ആർടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്, ഇതാണ് എന്റെ നിർദേശം. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാൽ ആ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറാനും വിൻഡോ ഗ്ലാസ് അടിച്ചു പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകേണ്ടതാണ്." മാധവ് സുരേഷ് കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിടി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറ്റൊരു കെഎസ്ആർടിസി ബസ്സിലിടിച്ച് അപകടമുണ്ടായത്. പെരിന്തൽമണ്ണ താഴേക്കോട് വാലിപ്പാറയിലായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates