
അജയ് ദേവ്ഗൺ, ആർ മാധവൻ, ജ്യോതിക എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ശൈത്താൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വികാസ് ബാൽ ആണ്. വശ് എന്ന ഗുജറാത്തി ഹൊറർ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ശൈത്താൻ. ജാൻകി ബൊഡിവാലയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ഗുജറാത്തിയിലും ജാൻകി തന്നെയാണ് അഭിനയിച്ചത്. ജാൻവി റിഷി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇപ്പോഴിതാ വശിന്റെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ജാൻകി.
ആര്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നടിയെത്തിയത്. സിനിമയിലെ ഒരു പ്രധാന രംഗത്തിൽ ജാൻകിയുടെ കഥാപാത്രം സ്വന്തം വസ്ത്രത്തിൽ അറിയാതെ മൂത്രമൊഴിക്കുന്ന സീനുണ്ട്. ഇത് സിനിമ ടെക്നിക്കുകളില്ലാതെ ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സംവിധായകൻ കൃഷ്ണദേവ് യാഗ്നിക് ചോദിച്ചതായാണ് ജാൻകിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജാൻകിയുടെ തുറന്നുപറച്ചിൽ.
ഒരു പ്രത്യേക സാഹചര്യം വഷളാക്കാതിരിക്കാൻ സ്വന്തം പിതാവിനെ തടയാനായാണ് ആര്യ വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത്. ഇതിന്റെ ചിത്രീകരണ സമയത്താണ് സംവിധായകൻ ഇങ്ങനെയൊരാശയം മുന്നോട്ടുവച്ചതെന്ന് ജാൻകി പറഞ്ഞു.
"ഞാൻ ഗുജറാത്തി പതിപ്പാണ് ചെയ്തത്, അവിടെയും ഇതേ രംഗം ചെയ്യാനുണ്ടായിരുന്നു. സംവിധായകൻ കൃഷ്ണദേവ് വളരെ നല്ല വ്യക്തിയാണ്. ഞങ്ങൾ വർക്ക്‌ഷോപ്പുകൾ ചെയ്യുമ്പോൾ, അദ്ദേഹം എന്നോട് ചോദിച്ചു, നിങ്ങൾക്ക് മൂത്രമൊഴിക്കുന്ന രംഗം ശരിക്കും ചെയ്യാൻ കഴിയുമോ എന്ന്. ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. എനിക്കതിൽ സന്തോഷം തോന്നി. കാരണം ആരും ഇതുവരെ ചെയ്യാത്ത ഒരു കാര്യം സ്ക്രീനിൽ ചെയ്യാൻ അഭിനേത്രി എന്ന നിലയിൽ എനിക്ക് അവസരം ലഭിക്കുകയാണ്.” ജാൻകി പറഞ്ഞു.
എന്നാൽ ചിത്രീകരണം തുടങ്ങിയപ്പോൾ താനും സംവിധായകനും ആഗ്രഹിച്ച രീതിയിൽ ആ രംഗം ചെയ്യുന്നത് അസാധ്യമാണെന്ന് തോന്നിയെന്ന് നടി പറഞ്ഞു."എന്നാൽ പിന്നീട്, സാങ്കേതികമായ കാര്യങ്ങൾ കാരണം അത് നടന്നില്ല. കാരണം ധാരാളം റീടേക്കുകൾ വേണ്ടിവരുമായിരുന്നു. ഷൂട്ടിങ് സെറ്റിൽ അത് പ്രായോഗികമായി സാധ്യമല്ലായിരുന്നു.
അതിനാൽ ഞങ്ങൾ അത് ചെയ്യാനായി മറ്റൊരു വഴി കണ്ടെത്തി. യഥാർഥ ജീവിതത്തിൽ എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവതിയായിരുന്നു. ആ രംഗം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗമാണ്. ആ രംഗം കാരണമാണ് ഞാൻ ആ സിനിമ ചെയ്യാൻ സമ്മതിച്ചത്."- ജാൻകി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ