
ബംഗലൂരു: ബലാത്സംഗക്കേസില്‍ കന്നഡ നടന്‍ മദനൂര്‍ മനു അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന 33 കാരിയായ നടിയുടെ പരാതിയിലാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്തത്. മനു നായകനായ 'കുലദള്ളി കീല്യവുഡോ' എന്ന സിനിമ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് അറസ്റ്റ്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ മനു ഒളിവില്‍ പോയിരുന്നു. ഹാസന്‍ ജില്ലയിലെ സ്വന്തം നാടായ മദേനൂരില്‍ വച്ചാണ് നടനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കന്നഡ റിയാലിറ്റി ഷോയായ 'കോമഡി ഖിലാഡിഗലു' സീസണ്‍ 2 ലെ പ്രകടനത്തിലൂടെയാണ് മനു ശ്രദ്ധേയനാകുന്നത്.
പരാതിക്കാരിയും മനുവും ഏതാനും റിയാലിറ്റി ഷോകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 നവംബര്‍ മുതല്‍ 2025 മേയ് വരെയുള്ള സമയങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി മനു തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. മാനസികമായും ശാരീരികമായും തന്നെ ചൂഷണം ചെയ്തതായും യുവതി ആരോപിക്കുന്നു. മനുവിന് സാമ്പത്തികമായി സഹായം നല്‍കിയിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
ഒരു കോമഡി ഷോയ്ക്ക് ശേഷം, 2022 നവംബര്‍ 29 ന് ശിവമോഗയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് മനു ആദ്യം ബലാത്സംഗം ചെയ്യുന്നത്. പീന്നീട് നഗര്‍ഭാവിയിലെ വീട്ടില്‍ വെച്ചും പലതവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും, നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.
ശാരീരികബന്ധത്തിന്റെ വീഡിയോ പകര്‍ത്തിയ നടന്‍, വിവരം പുറത്തു പറഞ്ഞാല്‍, ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ മര്‍ദ്ദിച്ചിട്ടുണ്ടെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. ബലാത്സംഗം, വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധം, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസല്‍ എന്നിവയ്ക്ക് നടനെതിരെ അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നടന്‍ മദനൂര്‍ മനു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ