
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് മോഹൻലാൽ ചിത്രം ‘തുടരും’. ഇപ്പോഴിതാ ഷോ കൗണ്ടിൽ ‘പുലിമുരുക’നെ പിന്നിലാക്കിയിരിക്കുകയാണ് ചിത്രം. 41000 ഷോ കൗണ്ട് എന്ന പുലിമുരുകന്റെ റെക്കോഡാണ് 45000 ഷോ കൗണ്ടിലൂടെ തുടരും മറികടന്നിരിക്കുന്നത്. ഒൻപത് വർഷത്തോളം ഇളക്കം സംഭവിക്കാത്ത ഷോ കൗണ്ട് ആയിരുന്നു പുലിമുരുകന്റേത്. ഇതാണ് മറ്റൊരു മോഹൻലാൽ ചിത്രം പിന്നിലാക്കിയത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വിഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
മോഹൻലാലിന്റെ ബെൻസ് എന്ന കഥാപാത്രം മകൻ പവിയുടെ പുകവലി കണ്ടുപിടിക്കുന്ന സീനിന്റെ മേക്കിങ് വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വൻ സ്വീകാര്യതയാണ് മേക്കിങ് വിഡിയോയ്ക്കും ലഭിക്കുന്നത്. ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
തരുൺ മൂർത്തിയും കെആർ സുനിലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ നായികയായി ശോഭന എത്തിയതും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഫർഹാൻ ഫാസിൽ, പ്രകാശ് വർമ, ബിനു പപ്പു, മണിയൻപിള്ള രാജു, ഇർഷാദ്, തോമസ് മാത്യു, ആർഷ ചാന്ദ്‌നി, അമൃതവർഷിണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.
‘തൊടരും’ എന്ന പേരിൽ സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് തമിഴ്‌നാട്ടിൽ നിന്നും ലഭിച്ചത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പെർഫോമൻസിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ