
കമൽ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് റിലീസിനൊരുങ്ങുകയാണ്. ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. പലരും തന്നെ വെച്ച് സിനിമയെടുക്കാൻ മടിച്ചിരുന്നപ്പോഴും, സിനിമ ഇല്ലാതിരുന്ന സമയത്തും മണിരത്‌നം തന്നെ തേടി വന്നുവെന്ന് പറയുകയാണ് ചിമ്പു. അദ്ദേഹത്തിനോടുള്ള നന്ദി എന്നും ഉണ്ടാകുമെന്നും, ഒരിക്കലും മറക്കില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു.
സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ചിമ്പു. "എന്നെ ഒരിക്കലും മണിരത്‌നം സിനിമകളിൽ വിളിക്കില്ലെന്നാണ് കരുതിയത്. കാരണം ഞാൻ കൂടുതലും മാസ് മസാല സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ആ ഒരു സമയത്ത് എന്റെ മേൽ റെഡ് കാർഡ് വന്നതു പോലെയുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പല പ്രൊഡ്യൂസേഴ്സും എന്നെ വെച്ച് സിനിമ ചെയ്യണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു.
എനിക്ക് അപ്പോൾ സിനിമകൾ ഇല്ല, സംവിധായകരാരും എന്നെ സമീപിക്കുന്നില്ല. ആ സമയം എനിക്ക് ഒരു ഫോൺ കോൾ വന്നു. മദ്രാസ് ടാക്കീസിൽ നിന്നാണ്, മണി സാർ എന്നെ കാണണം എന്ന് അറിയിച്ചുവെന്ന്. എനിക്ക് ആദ്യം എന്നെ ആരോ കളിപ്പിക്കുകയാണ് എന്നാണ് തോന്നിയത്. പക്ഷേ പോയതിന് ശേഷമാണ് സത്യമാണെന്ന് മനസിലായത്. ആ സമയത്ത് എല്ലാവരും എന്നെ വെച്ച് സിനിമ എടുക്കാൻ പേടിച്ചപ്പോൾ എന്നിൽ വിശ്വസിച്ച് മണി സാർ സിനിമ തന്നു. അത് ഒരിക്കലും ഞാൻ മറക്കില്ല.
ചെക്ക ചിവന്ത വാനം എന്ന സിനിമയിൽ മാത്രമല്ല പൊന്നിയൻ സെൽവൻ സിനിമയിലും അദ്ദേഹം എന്നെ വിളിച്ചിരുന്നു. പക്ഷേ എനിക്ക് ചെയ്യാൻ സാധിച്ചില്ല. തഗ് ലൈഫ് സിനിമയിൽ ആദ്യം വിളിച്ചപ്പോൾ എനിക്ക് ചെയ്യാൻ സാധിക്കില്ലായിരുന്നു അതിന് ശേഷം പിന്നീട് വീണ്ടും എനിക്ക് അവസരം വന്നു. അതും കമൽ സാറിനൊപ്പം വന്നു. എല്ലാത്തിനും നന്ദി."- ചിമ്പു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ