
കൊച്ചി: ദിലീപ് നായകനായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെന്ന സിനിമ കണ്ടതില്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ഥന കൊണ്ടാണ് ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായതെന്ന് എംഎ ബേബി പറഞ്ഞു.
'സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.
ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല. തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്'- എംഎ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ചിത്രത്തെ പ്രശംസിച്ചുള്ള എംഎ ബേബിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. 'സമൂഹത്തില്‍ പ്രചരിക്കേണ്ട വളരേ വിലപ്പെട്ട ഒരാശയമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേള്‍ക്കുന്നതിന്റെ പിന്നാലെ ഓടുന്ന തെറ്റായ പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത പലതും സ്വകാര്യമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ബോധപൂര്‍വ്വവും അല്ലാതേയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വസ്തുതയറിഞ്ഞുവേണം നമ്മള്‍ ഏതു കാര്യത്തോടും പ്രതികരിക്കാന്‍ എന്നൊരു വലിയ സന്ദേശം, വസ്തുതയറിയാതെ പ്രതികരിച്ചാല്‍ അത് പലരുടേയും ജീവനത്തന്നെ ബാധിക്കുന്ന ഒരു വിഷയമാണ് എന്ന കാര്യവുമെല്ലാം കണ്ട് ആസ്വദിക്കാന്‍ പറ്റുന്ന കഥയിലൂടെ അവതരിപ്പിക്കാന്‍ സിനിമയുടെ സംവിധായകന്‍ ബിന്റോയ്ക്കും ഈ സിനിമയ്ക്കൊപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. അവരെയെല്ലാം അനുമോദിക്കുന്നു', എം.എ. ബേബി പറഞ്ഞു.
ബേബിയുടെ പ്രശംസയ്ക്ക് പിന്നാലെ ഇതിനെതിരെ അതിജീവിതയുടെ ബന്ധുക്കള്‍ രംഗത്തത്തിയിരുന്നു. . 'ഇത്രയും തിരക്കുള്ള താങ്കള്‍ സിനിമയോടുള്ള താല്‍പര്യം കൊണ്ട് മാത്രം മറ്റ് തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന പ്രമുഖ നടന്മാരുടെ സിനിമകള്‍ കാണാതെ ഈ സിനിമ തന്നെ കാണുകയും അതിനെ വാഴ്ത്തിപ്പാടുകയും ചെയ്യുന്നുവെന്നത് തികച്ചും അഭിനന്ദനാര്‍ഹം തന്നെയാണ്', എന്നായിരുന്നു കുറിപ്പ്. എംഎ ബേബിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എംഎ ബേബിയുടെ കുറിപ്പ്
പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്.
സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.
ഇക്കാര്യത്തിന് ഇതില്‍ കൂടുതല്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ