

ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുള്ള റാപ്പർ ആണ് ഹനുമാൻ കൈൻഡ് (സൂരജ് ചെറുക്കാട്ട്) (Hanumankind). ജന്മം കൊണ്ട് മലയാളിയാണെങ്കിലും സംഗീതം കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ ചുരുങ്ങിയ സമയം കൊണ്ട് ഹനുമാൻ കൈൻഡിന് കഴിഞ്ഞു. ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ഹനുമാൻ കൈൻഡിന്റെ റൺ ഇറ്റ് അപ് എന്ന ആൽബവും വൻ ഹിറ്റായി മാറിയിരുന്നു. നെറ്റ്ഫ്ലിക്സിനൊപ്പം കൈകോർക്കുകയാണ് ഹനുമാൻ കൈൻഡ് ഇപ്പോൾ.
നെറ്റ്ഫ്ലിക്സ് ടുഡം 2025 ലാണ് ഹനുമാൻ കൈൻഡ് ലൈവ് പെർഫോമൻസുമായെത്തുക. ലോകമെമ്പാടും വൻ തരംഗമായി മാറിയ റൺ ഇറ്റ് അപ് എന്ന ഗാനം ആണ് ഹനുമാൻ കൈൻഡ് വേദിയിൽ അവതരിപ്പിക്കുക. മെയ് 31 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം ജൂൺ 1 ഞായറാഴ്ച രാവിലെ 5:30) ലോസ് ഏഞ്ചൽസിൽ വച്ചാണ് നെറ്റ്ഫ്ലിക്സിന്റെ ടുഡം ഗ്ലോബൽ ഫാൻ ഇവന്റ് നടക്കുക. നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് തത്സമയം പരിപാടി ആസ്വദിക്കാനാകും.
ലോകമെമ്പാടുമുള്ള നെറ്റ്ഫ്ലിക്സ് ആരാധകർക്ക് വേണ്ടിയൊരുക്കിയിരിക്കുന്ന പരിപാടിയാണ് നെറ്റ്ഫ്ലിക്സ് ടുഡം 2025. ലോകമെമ്പാടുമുള്ള നിരവധി താരങ്ങളും ഇവന്റിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വച്ച് മോദി ആൻഡ് യുഎസ് എന്ന പേരിൽ സംഘടപ്പിച്ച പരിപാടിയിൽ ഹനുമാൻ കൈൻഡ് പെർഫോം ചെയ്തിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹനുമാൻ കൈൻഡിനെ അഭിനന്ദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ചെറിയ റാപ്പ് ഇവന്റുകളിലൂടെ സംഗീത ലോകത്ത് തന്റേതായ ഇടം പിടിച്ച ഹനുമാൻ കൈൻഡിന്റെ ബിഗ് ഡോഗ്സ് എന്ന ഗാനം യൂട്യൂബിൽ കണ്ടത് 12 കോടിയിലധികം ആളുകളാണ്. ധൈര്യം, വിശ്വാസം എന്നിങ്ങനെയെല്ലാം അർഥം വരുന്ന ഹനുമാൻ എന്ന പേരും മനുഷ്യകുലം എന്നർഥം വരുന്ന കൈൻഡ് എന്ന വാക്കും കൂട്ടിച്ചേർത്താണ് സൂരജ് ബാൻഡിന് ഹനുമാൻ കൈൻഡ് എന്ന പേര് നൽകിയത്.
യുഎസിലെ കാലിഫോർണിയയിൽ നടന്ന കോച്ചെല്ല സംഗീതോത്സവത്തിലും കേരളത്തെ പ്രതിനിധീകരിച്ച്, ചെണ്ടമേളത്തോടൊപ്പം വേദിയിൽ എത്തിയ ഹനുമാൻ കൈൻഡ് കാണികളുടെ ഹൃദയം കീഴടക്കി. അത്യപൂർവമായി മാത്രം ഇന്ത്യക്കാർക്ക് അവസരം ലഭിക്കുന്ന സംഗീത പരിപാടിയാണ് കോച്ചെല്ല.
"സംഗീതം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. കാരണം നിങ്ങൾ എവിടെയായിരുന്നാലും, എവിടെ യാത്ര ചെയ്താലും, എന്ത് ചെയ്താലും, അത് നിങ്ങളെ ചുറ്റിപ്പറ്റിയുണ്ടാകും. അത് ആ സ്ഥലത്തിന്റെ സംസ്കാരത്തിന്റെയും ദേശത്തിന്റെ ഭാഷയുടെയും ഭാഗമാണ്. ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നുള്ള രണ്ട് പേർ കോച്ചെല്ലയിൽ എത്തുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? ഇവിടെയുള്ള എല്ലാവരെയും കുറിച്ചും നമ്മൾ ഇവിടെ എത്തിയതിനെ കുറിച്ചും ഓർത്ത് എനിക്ക് അഭിമാനമുണ്ട്".- എന്നാണ് അന്ന് ഹനുമാൻ കൈൻഡ് പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates