
തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് കമൽ ഹാസൻ ഇപ്പോൾ. മണിരത്നവും കമൽ ഹാസനും (Kamal Haasan) മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രം ജൂൺ 5 ന് തിയറ്ററുകളിലെത്തും. കമൽ ഹാസനൊപ്പം ചിമ്പു, തൃഷ, അഭിമരാമി, നാസർ തുടങ്ങിയൊരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. 1960 ൽ പുറത്തിറങ്ങിയ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയായിരുന്നു കമൽ ഹാസൻ സിനിമയിലെത്തുന്നത്.
അന്ന് അദ്ദേഹത്തിന് അഞ്ച് വയസായിരുന്നു പ്രായം. ചിത്രത്തിലെ അഭിനയത്തിന് പ്രസിഡന്റിന്റെ കൈയിൽ നിന്ന് സ്വർണമെഡലും കമൽ ഹാസന് ലഭിച്ചിരുന്നു. 65 വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തിൽ അഭിനയം, സംവിധാനം, തിരക്കഥാരചന, കൊറിയോഗ്രഫി, മേക്കപ്പ് തുടങ്ങി എല്ലാ മേഖലയിലും കമൽ ഹാസൻ തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു.
തഗ് ലൈഫ് പ്രൊമോഷന്റെ ഭാഗമായുള്ള ഒരഭിമുഖത്തിനിടെ ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ? എന്ന ചോദ്യത്തിന്, പലതും എന്നായിരുന്നു കമൽ ഹാസന്റെ മറുപടി. തന്റെ അത്യാഗ്രഹം കാരണം പഠനമൊക്കെ എപ്പോഴേ താൻ നിർത്തിയെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എന്റെ ജോലിയുടെ സമയക്രമം കാരണം, ഞാൻ കൂടുതൽ ഗുരുക്കന്മാരെ തിരയുന്നത് നിർത്തി. പണത്തോടുള്ള അത്യാഗ്രഹം കൊണ്ടാണ് കൂടുതൽ പഠിക്കാതിരുന്നതിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ, ഞാൻ കൂടുതൽ പഠിക്കുമായിരുന്നു. പണത്തോട് എനിക്ക് ഇഷ്ടമായിരുന്നു, അതെന്റെ കൈകളിൽ വരാൻ ഞാൻ ആഗ്രഹിച്ചു. ഇരുപത് വയസിലൊക്കെ ആളുകൾ സ്വപ്നം കാണുന്നത് അതാണ്, ഞാനും അതിൽ നിന്ന് വ്യത്യസ്തനായിരുന്നില്ല.
അത് അപകടകരമാണെന്ന് അറിയാമായിരുന്നിട്ടു കൂടി കുറച്ചു കാലം ഞാൻ ആ വഴി തന്നെ പിന്തുടർന്നു. പിന്നെ ഞാൻ ഉണർന്നു. സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. ഭാഗ്യവശാൽ, 30 വയസ് തികയുന്നതിനു മുൻപ് ഞാൻ അത് ചെയ്തു. അത് റിസ്ക്കുള്ള ഒരു കാര്യമായിരുന്നു".- കമൽ ഹാസൻ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന അച്ഛൻ പാർഥസാരഥി ശ്രീനിവാസൻ എന്ന തന്റെ പേര് മാറ്റി കമൽ ഹാസൻ എന്നാക്കിയെന്നും സൂപ്പർ സ്റ്റാർ ഓർത്തെടുത്തു. "അസാധാരണ കഴിവുകളുള്ള ഒരു കുട്ടിയായിട്ടാണ് അന്നൊക്കെ ഞാൻ എന്നെ തന്നെ കരുതിയിരുന്നത്. പിന്നീട് ഏഴോ എട്ടോ വയസുള്ളപ്പോഴാണ് എന്നെക്കാൾ കഴിവുള്ളവർ ഉണ്ടെന്ന് എനിക്ക് മനസിലായത്.
അതോടെ ഞാൻ പരിഭ്രാന്തിയിലായി. സിനിമയിൽ നിന്നാണ് ഞാൻ നാടകത്തിലേക്ക് വരുന്നത്. സാധാരണ നേരെ മറിച്ചാണ് സംഭവിക്കുന്നത്. അവിടെ വച്ചാണ് ഞാൻ കഴിവുള്ള ഒരുപാട് ആളുകളെ കണ്ടുമുട്ടിയത്. ആദ്യമൊക്കെ എനിക്ക് ഒരു അപകർഷതാബോധം ഉണ്ടായിരുന്നു. പിന്നീട് അവർ എന്നെ സ്വീകരിച്ചു, കൂടുതൽ പഠിക്കണമെന്ന യാഥാർഥ്യത്തിലേക്ക് ഞാൻ എത്തി".- കമൽ ഹാസൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ