

ചെന്നൈ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് (75) (Rajesh) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ആരോഗ്യനില വഷളായതോടെ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ രജനികാന്ത് ഉൾപ്പെടെ സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 150 ലേറെ തമിഴ് ചിത്രങ്ങളിലും ഒരുപിടി തെലുങ്ക്, മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
1974 ൽ പുറത്തിറങ്ങിയ അവൾ ഒരു തൊടർക്കഥൈ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 1979 ൽ കന്നി പരുവത്തിലേ എന്ന ചിത്രത്തിലൂടെ നായകനുമായി. കെ ബാലചന്ദർ സംവിധാനം ചെയ്ത അച്ചമില്ലൈ അച്ചമില്ലൈ ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. ഈ ചിത്രത്തിനുശേഷം കാരക്ടർ റോളുകൾ ചെയ്യുന്നതിൽ രാജേഷ് കൂടുതൽ ശ്രദ്ധിച്ചു.
സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യു എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബംഗാരു ചിലക, ചദാസ്തപു മൊഗുഡു, മാ ഇൺടി മഹാരാജു എന്നിവയാണ് രാജേഷ് അഭിനയിച്ച തെലുങ്ക് ചിത്രങ്ങൾ.
ശ്രീറാം റാഘവൻ സംവിധാനം ചെയ്ത് 2024 ൽ പുറത്തിറങ്ങിയ വിജയ് സേതുപതി നായകനായെത്തിയ മെറി ക്രിസ്മസാണ് രാജേഷിന്റേതായി ഒടുവിലെത്തിയ ചിത്രം. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. നടികർ സംഘത്തിന്റെ (തെന്നിന്ത്യൻ ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു രാജേഷ്. 'എന്റെ അടുത്ത സുഹൃത്ത്, നടൻ രാജേഷിന്റെ അകാല വിയോത്തിന്റെ ഞെട്ടലിലാണ്. അത് വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നു. അത്ഭുതകരമായ മനുഷ്യൻ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു".- രജനികാന്ത് കുറിച്ചു.
'രാജേഷിന്റെ അപ്രതീക്ഷിതമായുള്ള വിയോഗ വാർത്ത കേട്ടപ്പോൾ പെട്ടെന്ന് ഞെട്ടിപ്പോയി. നിരവധി സിനിമകൾ ഞങ്ങൾ ഒരുമിച്ച് ചെയ്തു, സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവിനോട് എന്നും ബഹുമാനം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സിനിമാ ലോകത്തിനും വലിയ നഷ്ടം. ആദരാഞ്ജലികൾ'- എന്നാണ് നടി രാധിക ശരത് കുമാർ എക്സിൽ കുറിച്ചത്. ദിവ്യ, ദീപക് എന്നിവരാണ് മക്കൾ. ഭാര്യ ജൊവാൻ സിൽവിയ 2012ൽ മരിച്ചു. മകൾ അമേരിക്കയിൽ നിന്ന് എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates