'തമിഴിലും തെലുങ്കിലും എനിക്കു വേണ്ടി ശബ്ദം നൽകി, ആ ഓർമകൾക്ക് മുന്നിൽ'; കുറിപ്പുമായി ജോയ് മാത്യു

അഭിമന്യുവിലെ പൊലീസ് ഓഫിസറുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Rajesh
രാജേഷ്, ജോയ് മാത്യു (Rajesh) ഫെയ്സ്ബുക്ക്
Updated on

നടൻ രാജേഷിന്റെ വിയോ​ഗ വാർത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. തമിഴകത്ത് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തിന് തന്നെ ഒട്ടേറെ സംഭാവനകൾ നൽകി കൊണ്ടാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. അഭിനേതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, എഴുത്തുകാരൻ, അധ്യാപകൻ, യൂട്യൂബർ തുടങ്ങി പല മേഖലകളിലും അദ്ദേഹം തിളങ്ങി. രജനികാന്തും കമൽ ഹാസനും തിളങ്ങി നിന്ന സമയത്ത്, തമിഴ് സിനിമയിൽ തന്റേതായൊരിടം കണ്ടെത്താൻ രാജേഷിനായി (Rajesh).

സാധാരണക്കാരനായും അയൽക്കാരനായും നല്ലൊരു ഉദ്യോ​ഗസ്ഥനായുമൊക്കെ എത്തി അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റി. വേഷം എത്ര ചെറുതാണെങ്കിലും അത് പ്രേക്ഷകരിലേക്ക് ആഴത്തിൽ എത്തിക്കുന്നതിൽ അസാധ്യ കഴിവുണ്ടായിരുന്നു രാജേഷിന്. മലയാളത്തിൽ അലകൾ (1974), ഇതാ ഒരു പെൺകുട്ടി (1988), അഭിമന്യു(1991) എന്നീ മൂന്ന് ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചത്. ഇതിൽ അഭിമന്യുവിലെ പൊലീസ് ഓഫിസറുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു. മുരളിയ്ക്ക് വേണ്ടി ഡുംഡുംഡും, ജൂട്ട്, മജാ, ഉള്ളം കേൾക്കുമേ, റാം എന്നീ ചിത്രങ്ങൾക്ക് ശബ്ദം നൽകി. പൊയ് സൊല്ല പോറോം എന്ന ചിത്രത്തിൽ നെടുമുടി വേണുവിനും ഡബ്ബ് ചെയ്തു. ദേവി, ബലൂൺ, രാജാധിരാജ, വിസ്മയം എന്നീ ചിത്രങ്ങൾക്ക് വേണ്ടി തമിഴ്, തെലുങ്ക് ഭാഷകളിൽ ജോയ് മാത്യുവിന് വേണ്ടിയും ശബ്ദം നൽകി.

"തമിഴ് തെലുങ്ക് ചലച്ചിത്ര നടനും ഡബ്ബിങ് ആർട്ടിസ്റ്റും എഴുത്തുകാരനുമായ രാജേഷ് വില്യംസ് അന്തരിച്ചു. അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റായ ഇദ്ദേഹം എനിക്കു വേണ്ടി ദേവി, ബലൂൺ, രാജാധിരാജ, വിസ്മയം എന്നീ ചിത്രങ്ങൾക്ക് വേണ്ടി തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ശബ്ദം നൽകിയിട്ടുണ്ട്. പ്രിയ സഹപ്രവർത്തകന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ"- എന്നാണ് ജോയ് മാത്യു അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com