
മുപ്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽ ഹാസനും ഒന്നിച്ചെത്തുന്ന ചിത്രമാണ് തഗ് ലൈഫ് (Thug Life). ജൂൺ അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരങ്ങളുൾപ്പെടെയുള്ള അണിയറപ്രവർത്തർ. കഴിഞ്ഞ ദിവസം പ്രൊമോഷൻ പരിപാടിക്കിടെ നടൻ കമൽ ഹാസന്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശം വൻ വിവാദമായി മാറിയിരുന്നു.
ഇപ്പോഴിതാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തഗ് ലൈഫിന്റെ റിലീസ് തടഞ്ഞിരിക്കുകയാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി). തഗ് ലൈഫിന് കർണാടകയിൽ വിലക്കേർപ്പെടുത്തിയത് കെഎഫ്‌സിസി പ്രതിനിധി സാ രാ ഗോവിന്ദു ആണ് വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. നടൻ പരസ്യമായി മാപ്പ് പറയുന്നതു വരെ ചിത്രത്തിന്റെ റിലീസ് തടയണമെന്ന കർണാടക രക്ഷണ വേദികെയുടെയും മറ്റ് കന്നഡ സംഘടനകളുടെയും ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കെഎഫ്സിസി അറിയിച്ചു.
സംഭവത്തിൽ കമൽ ഹാസൻ ഇതുവരെ ക്ഷമാപണം നടത്തിയിട്ടില്ലെന്നും കെഎഫ്സിസി വ്യക്തമാക്കി. കന്നഡയുടെ ഉത്ഭവം തമിഴ് ഭാഷയില്‍ നിന്നാണെന്നായിരുന്നു കമൽ ഹാസന്റെ പരാമർശം. സംഭവത്തിൽ കമൽ ഹാസൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു. അതേസമയം കമല്‍ ഹാസനെ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി.
കമല്‍ ഹാസന് കന്നഡയുടെ ചരിത്രത്തെ കുറിച്ച് ബോധ്യമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 'കന്നഡയ്ക്ക് വലിയ ചരിത്രമുണ്ട്, പാവം കമല്‍ ഹാസന് അതറിയില്ല'. എന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ വാക്കുകള്‍. രംഗരായ ശക്തിവേൽ നായകർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കമൽ ഹാസനെത്തുക. ചിമ്പു, തൃഷ, അഭിരാമി, ജോജു ജോർജ്, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എആർ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
അതേസമയം തമിഴ് ചിത്രങ്ങളുടെ വലിയ മാർക്കറ്റാണ് കർണാടകയും, തലസ്ഥമായ ബംഗളൂരുവും. അതുകൊണ്ട് തന്നെ കർണാടകയിൽ ചിത്രത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് കളക്ഷനെ ബാധിക്കുമെന്ന കാര്യമുറപ്പാണ്. 'എന്റെ ജീവനും എന്റെ കുടുംബവും തമിഴ് ഭാഷയാണ്' എന്നര്‍ഥം വരുന്ന 'ഉയിരേ ഉറവേ തമിഴേ' എന്ന വാക്കുകളോടെയാണ് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ കമല്‍ ഹാസന്‍ പ്രസംഗം ആരംഭിച്ചത്.
വേദിയില്‍ ഉണ്ടായിരുന്ന കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കമല്‍ പിന്നാലെയായിരുന്നു കന്നഡ ഭാഷയെക്കുറിച്ച് പരാമര്‍ശം നടത്തിയത്. 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാര്‍) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം ജീവന്‍, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴില്‍ നിന്ന് പിറന്നതാണ്, അതിനാല്‍ നിങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.'- എന്നായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ