
ഒരുപിടി മികച്ച സിനിമകളിലൂടെ സിനിമാ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ സംവിധായകനാണ് മഹേഷ് നാരായണൻ (Mahesh Narayanan). ടേക്ക് ഓഫ്, സി യു സൂൺ, മാലിക് തുടങ്ങിയ മഹേഷ് നാരായണന്റെ സിനിമകളെല്ലാം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. മുൻപ് ഹിന്ദി സിനിമകളിലും എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള മഹേഷ് നാരായണൻ ഇപ്പോഴിതാ ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സൽമാൻ ഖാന്‍ നായകനായെത്തുന്ന ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിൽ വച്ച് സൽമാൻ ഖാനോട് മഹേഷ് നാരായണൻ ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെങ്കിലും, കഥയുടെ പ്രമേയം നടന് ഇഷ്ടമായെന്നും വരും മാസങ്ങളിൽ ഒരു പൂർണമായ തിരക്കഥ കേൾക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സൽമാന്റെ സഹോദരി അൽവിര ഖാൻ അഗ്നിഹോത്രി ആകും ഈ പ്രൊജക്ട് ഒരുക്കുന്നത്. ഇവരുടെ തന്നെ റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആയിരിക്കും സിനിമ നിർമിക്കുന്നത്. സൽമാൻ ഖാൻ സമ്മതം മൂളുകയാണെങ്കിൽ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഇതിന്റെ ചിത്രീകരണം ആരംഭിക്കാനാണ് നിർമാതാക്കളുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹേഷ് നാരായണന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ നിർമാണ ചെലവ് വരുന്ന സിനിമയാകുമിതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത കാലത്ത് പുറത്തിറങ്ങിയ സൽമാൻ ഖാന്റെ സിനിമകളും ഈദ് റിലീസായെത്തിയ സിക്കന്ദറും തിയറ്ററിൽ പരാജയമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ