
സേക്രഡ് ഗെയിംസ്, ഹെയ്റ്റ് സ്റ്റോറി 2 എന്നിവയിലൂടെ ശ്രദ്ധേയായ നടിയാണ് സുർവീൻ ചൗള (Surveen Chawla). 2014 ൽ പുറത്തിറങ്ങയ ഹെയ്റ്റ് സ്റ്റോറി 2 വിലൂടെയാണ് സുർവീൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ് സിനിമാ മേഖലകളിലും സുർവീൻ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനേക്കുറിച്ച് പലപ്പോഴും സുർവീൻ തുറന്നു പറഞ്ഞിട്ടുമുണ്ട്.
വിവാഹശേഷം തനിക്ക് നേരിടേണ്ടി വന്ന ഒരു കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവച്ചിരിക്കുകയാണ് സുർവീനിപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുർവീന്റെ വെളിപ്പെടുത്തൽ. തന്നെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്ന സംഭവമായിരുന്നു ഇതെന്നും സുർവീൻ പറഞ്ഞു. മുംബൈയിലെ വീര ദേശായി റോഡിൽ വച്ചുണ്ടായ അനുഭവമാണ് സുർവീൻ ആദ്യം പങ്കുവച്ചത്.
"സംവിധായകന്റെ ഓഫീസ് കാബിനിൽ വെച്ച് ഒരു മീറ്റിങ് നടന്നു. അതിന് ശേഷം എന്നെ യാത്രയാക്കാൻ ഗേറ്റുവരെ അദ്ദേഹം വന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നും എന്റെ ഭർത്താവ് എന്ത് ചെയ്യുന്നുവെന്നും സംവിധായകൻ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം കാബിനിൽ വച്ച് നേരത്തെ തന്നെ സംസാരിച്ചതായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ അയാൾ എന്നെ ചുംബിക്കാൻ ശ്രമിച്ചു.
എനിക്ക് അദ്ദേഹത്തെ തള്ളി മാറ്റേണ്ടി വന്നു. ഞാൻ ഞെട്ടിപ്പോയി. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. എന്നിട്ട് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. വിവാഹശേഷമായിരുന്നു ഈ സംഭവം".- സുർവീൻ പറഞ്ഞു.
ഒരു തെന്നിന്ത്യൻ സിനിമാ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവമായിരുന്നു അവർ പിന്നീട് പറഞ്ഞത്. ഷൂട്ടിങ് സമയത്ത് തനിക്കൊപ്പം കിടക്ക പങ്കിടണമെന്ന് ഒരു സംവിധായകൻ പറഞ്ഞെന്ന് നടി വെളിപ്പെടുത്തി. ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കാനറിയാത്ത ആ സംവിധായകൻ പരിഭാഷകനെ ഉപയോഗിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും സുർവീൻ പറഞ്ഞു.
ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും നടി കൂട്ടിച്ചേർത്തു. മുൻപ് ഒരഭിമുഖത്തിൽ ബോഡി ഷെയിമിങ്ങിന് ഇരയായതിനേക്കുറിച്ച് സുർവീൻ സംസാരിച്ചിരുന്നു. ക്രിമിനൽ ജസ്റ്റിസ് സീസൺ 4 എന്ന സീരിസിലാണ് സുർവീൻ ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് പരമ്പരയായ റാണ നായിഡു സീസൺ 2 ആണ് നടിയുടേതായി ഇനി വരാനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ