

എപിജെ അബ്ദുൽ കലാമിന്റെ ബയോപിക്കിൽ ധനുഷ് (Dhanush) അഭിനയിക്കുന്നുവെന്ന വാർത്ത ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരുന്നു. 'കലാം: ദ് മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിലേക്ക് ധനുഷിനെ കാസ്റ്റ് ചെയ്തതിനേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ഓം റൗട്ട്. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ചായിരുന്നു സംവിധായകൻ ഇക്കാര്യം പറഞ്ഞത്. “ഡോ കലാമിന്റെ ഉപദേശങ്ങൾ ഓരോ യുവാവിനെയും പ്രചോദനം നല്‍കുന്നത് തന്നെയാണ്.
കോളജിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ 'വിങ്‌സ് ഓഫ് ഫയർ' എന്ന പുസ്തകം ഞാൻ വായിച്ചത്. ഇന്ന് ഞാൻ ചെയ്യുന്നതെല്ലാം, ഞാൻ ആകാൻ ആഗ്രഹിക്കുന്നതെല്ലാം, ആ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് എനിക്ക് പറയാൻ കഴിയും. അത് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു, അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്".- ഓം റൗട്ട് പറഞ്ഞു.
"ഡോ കലാമിന്റെ യാത്ര എനിക്ക് എന്നും ആഴത്തിൽ പ്രചോദനം നൽകിയിട്ടുണ്ട്. എന്റെ നിരീക്ഷണത്തിലൂടെ എനിക്ക് മനസിലായ ഒരു കാര്യം, അദ്ദേഹത്തിന്റെ ജീവിതം മൂന്ന് പ്രധാന സിദ്ധാന്തങ്ങളെ ചുറ്റിപ്പറ്റിയാണിരിക്കുന്നത്. അതിൽ ആദ്യത്തേത് വിദ്യാഭ്യാസമാണ്. അദ്ദേഹമൊരു മികച്ച അധ്യാപകനാണ്, അതുപോലെ ഏറ്റവും മികച്ച വിദ്യാഭ്യാസത്തിന് തന്നെ അദ്ദേഹം പ്രാധാന്യം നൽകി.
രണ്ടാമത്തേത്, ഇന്നോവേഷന്‍ ആണ്, പ്രത്യേകിച്ച് തദ്ദേശീയമായ നവീനാശയങ്ങളോട് അദ്ദേഹത്തിന് താല്പര്യമായിരുന്നു. മൂന്നാമത്തേത്, പ്രതിസന്ധികള്‍ നേരിടാനുള്ള ക്ഷമയും ദൃഢനിശ്ചയവുമാണ്. ഈ മൂന്നു ഘടകങ്ങൾ ചിന്തിച്ചപ്പോഴാണ് ഈ സിനിമ ചെയ്യണമെന്ന് എനിക്ക് തോന്നിയത്. ദൈവസാന്നിധ്യത്താൽ, നിർമാതാവായ അഭിഷേക് അഗർവാൾ തന്നെ ഇതേ ആശയവുമായി എന്നെ സമീപിച്ചു.
ഞാൻ സമാനമായൊരു ആശയത്തിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് പറഞ്ഞപ്പോൾ, അദ്ദേഹം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് വന്ന് അതേക്കുറിച്ച് കൂടുതൽ വിശദമായി സംസാരിച്ചു. പിന്നീട് ടി-സീരീസ്, ഭൂഷൺ കുമാർ എന്നിവരും അതിൽ ചേർന്നു. ഞങ്ങള്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്".- ഓം റൗട്ട് വ്യക്തമാക്കി.
ധനുഷിനെ നായകനായി തിരഞ്ഞെടുത്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഡോ എപിജെ അബ്ദുൽ കലാമിനെ അവതരിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ മാത്രമല്ല, അദ്ദേഹത്തിന്റെ ആത്മീയ യാത്രയും അധ്യാപനവുമൊക്കെ പകർത്തേണ്ടത് അത്യാവശ്യമാണ്. ഇതുപോലെയുള്ള ഒരു ബയോപിക്കിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമാണിത്.
ആ ആത്മീയതയും ബൗദ്ധികതയും അവതരിപ്പിക്കാൻ ധനുഷിനെക്കാൾ അനുയോജ്യനായ മറ്റാരുമില്ല എന്ന് ഞാൻ കരുതുന്നു. അദ്ദേഹം തന്നെയാണ് ഈ കഥാപാത്രത്തിന് ഏറ്റവും പെർഫെക്ട്. ഈ പ്രൊജക്ടിന്റെ ഭാഗമായതിന് ധനുഷിന് എന്റെ മുഴുവൻ ടീമിന്റെയും നന്ദി അറിയിക്കുന്നു".- ഓം റൗട്ട് പറഞ്ഞു.
താനാജി: ദ് അൺസങ് വാരിയർ, ലോകമാന്യ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം ഓം റൗട്ട് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് കലാം. ഓം റൗട്ടിന്‍റെ അവസാന ചിത്രം ആദിപുരുഷ് തിയറ്ററില്‍ വന്‍ പരാജയമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates