മൊട്ടയടിച്ച് സോനുനിഗം; ആ പത്തു ലക്ഷം എവിടെയെന്ന് ചോദ്യം

മൊട്ടയടിച്ച് സോനുനിഗം; ആ പത്തു ലക്ഷം എവിടെയെന്ന് ചോദ്യം

സോനുനിഗത്തിനെതിരെ ഫത്വ ഇറക്കിയത് പശ്ചിമബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഷാ അറ്റെഫ് അലി അല്‍ ഖുദേരി

മുംബൈ: വിവാദ ട്വീറ്റ് പരാമര്‍ശങ്ങള്‍ക്കു പിന്നാലെ സോനുനിഗത്തിന്റെ തലമൊട്ടയടിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പശ്ചിമബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ തലമൊട്ടയടിച്ചാണ് സോനു നിഗം എത്തിയത്. തന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് കൊടുക്കാമെന്നു പറഞ്ഞ പത്തുലക്ഷം തനിക്കുതന്നെ തന്നേക്ക് എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
സോനുനിഗത്തിനെതിരെ ഫത്വ ഇറക്കിയത് പശ്ചിമബംഗാള്‍ മൈനോറിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഷാ അറ്റെഫ് അലി അല്‍ ഖുദേരിയായിരുന്നു.
ഖുദേരിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ഇന്നു രാവിലെ സോനു നിഗം രണ്ടു മണിക്ക് തന്റെ വീട്ടിലേക്കെത്താന്‍ ഏവരെയും ക്ഷണിച്ചിരുന്നു. തന്റെ ഹെയര്‍ ഡിസൈനറായ ആലിം ഇന്നുച്ചയ്ക്ക് തന്റെ വീട്ടിലേക്ക് മുടി വെട്ടാന്‍ വരുന്നുണ്ട്. മൗലവി ആ പത്തുലക്ഷം റെഡിയാക്കി വച്ചോളൂ എന്നായിരുന്നു സോനുനിഗത്തിന്റെ ട്വീറ്റ്. പറഞ്ഞതുപോലെത്തന്നെ സോനു ചെയ്യുകയും ചെയ്തു.
മൊട്ടയടിച്ചെത്തിയ സോനുനിഗം തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. തനിക്ക് തന്റെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല എന്നതല്ലേ അസിഹിഷ്ണുത എന്നായിരുന്നു സോനുവിന്റെ ചോദ്യം. 
ഇതൊരു സാമൂഹ്യ പ്രശ്‌നമാണ് അല്ലാതെ മതപരമല്ലെന്നും സോനു കൂട്ടിച്ചേര്‍ത്തു.
സോനുവിന്റെ വിവാദമായ ട്വീറ്റ്: 
താനൊരു മുസ്ലീമല്ലെന്നും എന്നിട്ടും അതിരാവിലെ പള്ളിയിലെ ബാങ്കുവിളി കേട്ടാണ് എഴുന്നേല്‍ക്കേണ്ടിവരുന്നത്. ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളി ഇന്ത്യയില്‍ അവസാനിപ്പിക്കേണ്ടതില്ലേ എന്നായിരുന്നു. സോനുവിന്റെ ട്വീറ്റ് വിവാദമായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ട്വീറ്റുകള്‍ വന്നു. സോനു നിഗം ആര്‍.എസ്.എസിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണംവരെ ഉയര്‍ന്നതോടെ സോനുനിഗം അല്‍പംകൂടി കടന്നു പിടിച്ചു. എല്ലാ മതങ്ങളുടെയും ലൗഡ് സ്പീക്കറിലൂടെയുള്ള പ്രാര്‍ത്ഥനയെയാണ് താന്‍ വിമര്‍ശിച്ചത് എന്നാക്കി. ഈ വിവാദ ട്വീറ്റിനെതിരെയായിരുന്നു സയ്യിദ് ഷാ അറ്റെഫ് അലി അല്‍ ഖുദേരിയുടെ പരാമര്‍ശമുണ്ടായത്.
താന്‍ ഒരു അമ്പലത്തിലെ പള്ളിമണിയടിനാദത്തെക്കുറിച്ച് ഇതേപോലെ പറയുകയാണെങ്കില്‍ എന്തായിരിക്കും സ്ഥിതി? സഹിഷ്ണുതയാണ് വേണ്ടത്. മറ്റു മതങ്ങള്‍ക്കെതിരെ അസഹിഷ്ണുതയാകുന്നിടത്തോളം ഇവിടെ നിരീശ്വരവാദം വളരുകയാണ് ചെയ്യുക. സോനു നിഗത്തിനെ പോലുള്ളവരെ ജനങ്ങള്‍ രാജ്യത്തിനു പുറത്താക്കുകയാണ് വേണ്ടതെന്നും ഖുദേരി പറഞ്ഞിരുന്നു. പശ്ചിമ ബംഗാള്‍ മൗനോറിറ്റി യുണൈറ്റഡ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ റാണി റാഷ്‌മോണി അവന്യൂവില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനെ അപമാനിക്കുന്നതരത്തില്‍ ആര്‍എസ്എസ് പ്രചാരണത്തിന് വേദിയാക്കിയ അതേ സ്ഥലത്തുതന്നെയാവും സോനുനിഗത്തിനും ആര്‍എസ്എസിനും മറുപടി കൊടുക്കുവാന്‍ ഈ റാലി സംഘടിപ്പിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com