സുഖ്മ ആക്രമണം: കഴിഞ്ഞ വര്‍ഷം വ്യാജ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചതിനുള്ള പ്രതികാരമാണെന്ന് സൂചന

ഛത്തീസ്ഗഡിലെ സുഖ്മയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബസ്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു.
സുഖ്മ ആക്രമണം: കഴിഞ്ഞ വര്‍ഷം വ്യാജ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകളെ വധിച്ചതിനുള്ള പ്രതികാരമാണെന്ന് സൂചന

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബസ്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്. ഇത് മാവോയിസ്റ്റുകള്‍ തന്നെ പുറത്തുവിട്ടതാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

തങ്ങളുടെ വിപ്ലവ മേഖലയിലേക്ക് കടന്നുവരരുതെന്ന് മുന്നറിയിപ്പോടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശബ്ദ സന്ദേശത്തിലൂടെ മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. നക്‌സലുകള്‍ക്കെതിരായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന് പ്രതികാരമായാണ് സിആര്‍പിഎഫ് സംഘത്തെ ആക്രമിച്ചതെന്ന് മാവോയിസ്റ്റുകള്‍ ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ 
തങ്ങളുടെ പോരാട്ടം സൈന്യത്തിനെതിരേ അല്ലെന്നും പക്ഷേ, വിപ്ലവ വഴിയില്‍ തടസമായി നിന്നാല്‍ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2016ല്‍ ഛത്തീസ്ഗഡില്‍ ഒന്‍പത് പ്രവര്‍ത്തകരെ കൊന്നു. ഒഡീഷയില്‍ 21 പ്രവര്‍ത്തകരെയും സൈന്യം വ്യാജ ഏറ്റുമുട്ടിലൂടെ വധിച്ചു. ഗോത്ര വര്‍ഗക്കാരായ സ്ത്രീകളെ സംഘം ചേര്‍ന്ന് മാനഭംഗപ്പെടുത്തിയ ശേഷമാണ് വ്യാജ ഏറ്റുമുട്ടിലൂടെ വധിക്കുന്നത്. വ്യാജ ഏറ്റു മുട്ടലിന്റെ പേരില്‍ ഗ്രാമീണരേയും കൊന്നിട്ടുണ്ട്. ഇതിനെതിരേ പോരാട്ടം തുടരുമെന്നും മാവോയിസ്റ്റുകള്‍ ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ഛത്തീസ്ഗഡിലെ സുഖ്മയിലുണ്ടായ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജവാന്‍മാരുടെ പ്രത്യാക്രമണത്തില്‍ മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു. സുഖ്മയില്‍ റോഡുപണിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് സുരക്ഷ നല്‍കുകയായിരുന്നു സൈനികര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com