ആള്‍ദൈവത്തിനെതിരേ കോടതി വിധി: കലാപം സൃഷ്ടിച്ച് ഗുര്‍മീത് ഭക്തര്‍; 17 പേര്‍ കൊല്ലപ്പെട്ടു

ആള്‍ദൈവത്തിനെതിരേ കോടതി വിധി: കലാപം സൃഷ്ടിച്ച് ഗുര്‍മീത് ഭക്തര്‍; 17 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡെല്‍ഹി: സിഖ് വിഭാഗമായ ദേരാ സച്ചാ സൗധയുടെ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ഹരിയാന, ഡെല്‍ഹി,പഞ്ചാബ് എന്നിവിടങ്ങളില്‍ വ്യാപക അക്രമം അഴിച്ചു വിട്ട്  ഗുര്‍മീത് ഭക്തര്‍. കലാപത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പഞ്ച് കുലയിലടക്കം പഞ്ചാബിലെ അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലന്‍സിനും പോലീസ്, മാധ്യമ, അഗ്നിശമന സേനാ വാഹനങ്ങളും ഗുര്‍മീത് ഭക്തര്‍ തീയിട്ടു നശിപ്പിച്ചു. ഡെല്‍ഹി ആനന്ദ്് വിഹാറില്‍ രണ്ടു ട്രെയിന്‍ ബോഗികളും ജ്യോതി നഗറില്‍ രണ്ടു ബസുകളും കലാപകാരികള്‍ കത്തിച്ചു. സംഘര്‍ഷം രൂക്ഷമായ പഞ്ചകുലയില്‍ മാത്രം 200 ഓളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ നേതാവിനെ ശിക്ഷിച്ചതോടെ പഞ്ചാബും ഹരിയാനയും കലാപ ഭീതിയിലാണ്. ഡെല്‍ഹിയില്‍ പോലീസ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഹരിയാനയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ സംസ്ഥാന ബോര്‍ഡറുകളും അടച്ചു. ഹരിയാനയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഹരിയാനയിലെ സിസ്രയിലുള്ള ആശ്രമത്തില്‍ വച്ച് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹീമിനെ കുറ്റക്കാരനെന്നു പഞ്ചാബ്, ഹരിയാന ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഏഴു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് റാം റഹീമിനെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. അതേസമയം, കസ്റ്റഡിയിലുള്ള ഗുര്‍മീതിനെ റോഹ്തഗിലേക്കു മാറ്റിയെന്നാണ് സൂചന. ഭക്തര്‍ നടത്തിയ നാശ നഷ്ടങ്ങള്‍ക്കു പരിഹാരമായി ഗുര്‍മീതിന്റെയും ആശ്രമത്തിന്റെയും സ്വത്തു വകകള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. ആശ്രമം അടച്ചു പൂട്ടാനും നിര്‍ദേശമുണ്ട്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു റിപ്പോര്‍ട്ടു നല്‍കി. സംഘര്‍ഷ പ്രദേശത്തു കൂടുതല്‍ സൈന്യത്തെ ഉടന്‍ വിന്യസിച്ചേക്കും.

വിധി വരും മുമ്പുതന്നെ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികള്‍ പലയിടത്തും അക്രമം അഴിച്ചുവിടുകയായിരുന്നു. കോടതി പരിസരത്ത് ദൃശ്യമാധ്യമങ്ങളുടെ മൂന്ന് ഒബി വാനുകള്‍ ഇവര്‍ നശിപ്പിച്ചു. പൊലീസ് സ്‌റ്റേഷനുകള്‍ക്കും റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും അക്രമികള്‍ തീയിട്ടു. വന്നതിനു പിന്നാലെ തന്നെ ഹരിയാനയില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.  

പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് അനുയായിയെ ബാലാത്സംഗം ചെയ്ത കേസില്‍ റാം റഹീം കുറ്റക്കാരനെന്നു കണ്ടെത്തിയത്. വിധി വന്നതിനു പിന്നാലെ റാം റഹീമിനെ സൈന്യത്തിന്റെ കസ്റ്റഡിയിലേക്കു മാറ്റിയിട്ടുണ്ട്.  

ഇരുന്നൂറിലധികം കാറുകളുടെ അകമ്പടിയോടെയാണ് ദേര സച്ച സൗധ തലവന്‍ വിധി കേള്‍ക്കാന്‍ കോടതിയിലേക്കു പുറപ്പെട്ടത്. പൊലീസിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്ന് ഇരുപതു കാറുകളാണ് കോടതി പരിസരത്തേക്ക് എത്തിയത്. പതിനായിരക്കണക്കിന് അനുയായികളാണ് പഞ്ചാബിലും ഹരിയാനയിലുമാണ് ദേരാ നേതാവിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. സിസ്രയില്‍ വച്ച് റാം റഹീമിന്റ യാത്ര തടയാന്‍ അനുയായികള്‍ ശ്രമിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com