അക്രമം ഫലിക്കാതായപ്പോള്‍ കാരുണ്യ വേഷം; കോടതിയില്‍നിന്നു പുറത്തിറങ്ങാതെ കരച്ചില്‍, ആള്‍ദൈവത്തിന്റെ വേഷപ്പകര്‍ച്ചകളില്‍ ഉലയാതെ നീതിപീഠം

ഗുര്‍മിത് ഒട്ടേറെ ക്ഷേമ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദീര്‍ഘകാലത്തേക്കു ശിക്ഷിക്കപ്പെട്ടാല്‍ അതെല്ലാം നിന്നുപോവുമെന്നുമെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്
അക്രമം ഫലിക്കാതായപ്പോള്‍ കാരുണ്യ വേഷം; കോടതിയില്‍നിന്നു പുറത്തിറങ്ങാതെ കരച്ചില്‍, ആള്‍ദൈവത്തിന്റെ വേഷപ്പകര്‍ച്ചകളില്‍ ഉലയാതെ നീതിപീഠം

ചണ്ഡിഗഢ്: അക്രമം കൊണ്ട് നിയമത്തിനു മുന്നില്‍നിന്നു രക്ഷപെടാനാവില്ലെന്നു വ്യക്തമായപ്പോള്‍ ഗുര്‍മിത് റാം റഹിം കോടതിയില്‍ സ്വീകരിച്ചത് തികച്ചും വ്യത്യസ്തമായ വഴി. ഗുര്‍മിത് ഒട്ടേറെ ക്ഷേമ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദീര്‍ഘകാലത്തേക്കു ശിക്ഷിക്കപ്പെട്ടാല്‍ അതെല്ലാം നിന്നുപോവുമെന്നുമെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇതൊന്നും പക്ഷേ കോടതി കണക്കിലെടുത്തില്ല.

ഗുര്‍മിത് ഒട്ടേറെ നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നുണ്ടെന്നും ഇവര്‍ക്കു ഭക്ഷണം നല്‍കുകയും പഠന ചെലവുകള്‍ വഹിക്കുകയും ചെയ്യുന്നുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്കു ശിക്ഷിക്കപ്പെട്ടാല്‍ ഇതെല്ലാം നിന്നുപോവുമെന്നും പാവപ്പെട്ട കുട്ടികളാണ് ഇതിന്റെ ദുരിതം അനുഭവിക്കുക എന്നുമായിരുന്നു വാദം. പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് അഭിയാനില്‍ ഗുര്‍മിത് സജീവമായി പങ്കെടുത്തതും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം കണക്കിലെടുത്ത് ഗുര്‍മിതിന് കുറഞ്ഞ ശിക്ഷ നല്‍കണം എന്നായിരുന്നു വാദം. ജഡ്ജിക്കു മുന്നില്‍ തൊഴുതു കരഞ്ഞു മാപ്പപേക്ഷിച്ച ഗുര്‍മിത് ഈ വാദത്തെ ബലപ്പെടുത്താന്‍ ശ്രമിച്ചു. ശിക്ഷ പ്രഖ്യാപിച്ചതിനു ശേഷവും കോടതിമുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച് നാടകീയ രംഗങ്ങളും ദേരാ നേതാവ് സൃഷ്ടിച്ചു. കുനിഞ്ഞിരുന്നു കരഞ്ഞ ഗുര്‍മീതിനെ ബലം പ്രയോഗിച്ചാണ് കോടതിമുറിയില്‍നിന്ന് പുറത്തെത്തിച്ചത്.

ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗുര്‍മിതിനെ അവതരിപ്പിക്കാനാണ് അന്തിമ വാദത്തില്‍ പ്രതിഭാഗം പ്രധാനമായും ശ്രമിച്ചത്. ഇതിനെ പക്ഷേ സിബിഐയുടെ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തു. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ഗുര്‍മിത് ചെയ്തത് എന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു സിബിഐയുടെ വാദം.

ഗുര്‍മീതിന്റെ കാരുണ്യ ഇമേജ് കണക്കിലെടുക്കാന്‍ വിസമ്മതിച്ച കോടതി പത്തു വര്‍ഷം തടവുശിക്ഷയും 65000 രൂപ പിഴ ശിക്ഷയും വിധിക്കുകയായിരുന്നു. ജയിലില്‍ ഗുര്‍മിതിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.  ഏറ്റവും അടുത്ത അനുയായിയും ദത്തുപുത്രിയുമായ ഹണിപ്രീത് ഇന്‍സാനെ കോടതിയില്‍നിന്ന് ജയില്‍മുറിയിലേക്ക് ഒപ്പം പോവാന്‍ അനുവദിച്ച പൊലീസ് നടപടിയെ കോടതി വിമര്‍ശിച്ചു. 

ഹണിപ്രീത്

വിചാരണക്കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗുര്‍മീതിന്റെ അഭിഭാഷകര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ദേരാ നേതാവിനു ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com