ബീഫ് കടത്തിയെന്നാരോപിച്ച് ഒഡിഷയില്‍ ജനക്കൂട്ടം ട്രക്ക് കത്തിച്ചു

ഭുവനേശ്വറില്‍ നിന്ന് ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്ന ട്രക്ക് ആയിരുന്നു ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്.
ബീഫ് കടത്തിയെന്നാരോപിച്ച് ഒഡിഷയില്‍ ജനക്കൂട്ടം ട്രക്ക് കത്തിച്ചു

ഒഡിഷ: അനധികൃതമായി ബീഫ് കയറ്റിയെന്നാരോപിച്ച് ഒഡിഷയില്‍ ആള്‍ക്കൂട്ടം ട്രക്ക് കത്തിച്ചു. ഒഡിഷയിലെ തീരദേശ ജില്ലയായ ഗഞ്ചാമിലാണ് സംഭവം. ഭുവനേശ്വറില്‍ നിന്ന് ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്ന ട്രക്ക് ആയിരുന്നു ജനക്കൂട്ടം അഗ്നിക്കിരയാക്കിയത്.

ട്രക്ക് റോഡരികിലെ മണ്ണില്‍ താഴ്ന്നുപോയതുകൊണ്ട് ഡ്രൈവറും ക്ലീനറും ക്രെയ്ന്‍ ഉപയോഗിച്ച് അത് ഉയര്‍ത്താനുള്ള ശ്രമമായിരുന്നു. ഈ സമയത്ത് വണ്ടിയില്‍ നിന്നും റോഡിലേക്ക് ചോരയൊലിക്കുന്നത് കണ്ട് സമീപവാസികള്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇതിനിടെ ട്രക്കിന്റെ ഡ്രൈവറും ക്ലീനറും ഓടിരക്ഷപ്പെട്ടു.

വി എച്ച് പി, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ട്രക്ക് കത്തിച്ചത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുമ്പോഴേക്കും ട്രക്ക് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. രക്ഷപ്പെട്ട ട്രക്ക് ജീവനക്കാരെ കണ്ടെത്തുമെന്നും ട്രക്കില്‍ അനധികൃതമായി ബീഫ് കടത്തിയോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. ദേശീയപാത പതിനാറില്‍ വെച്ചാണ് ട്രക്ക് കത്തിച്ചത്. കഴിഞ്ഞ മാസവും ഇവിടെ സമാന സംഭവമുണ്ടായിട്ടുണ്ടായിരുന്നു.

1960ലെ ഗോവധ നിരോധന നിയമപ്രകാരം ഒഡിഷയില്‍ പശുവിനെ കൊല്ലുന്നതും കടത്തുന്നതും നിയമവിരുദ്ധമാണ്. ഈ നിയമമനുസരിച്ച് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും രണ്ട് വര്‍ഷം വരെ തടവും 1000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം 14നു വയസിന് മുകളിലുള്ള കാളകളെയും പോത്തുകളെയും കറവ, കാര്‍ഷിക ആവശ്യത്തിനല്ല എന്ന അനുമതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ഭക്ഷണത്തിനു വേണ്ടി കൊല്ലാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com