ജൂണ്‍ 21 യോഗദിനം; ജെ. രഘു എഴുതുന്നു: ചുട്ടകോഴി പറക്കുന്ന വിപ്‌ളവ യോഗ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇസ്‌ളാമിക പണ്ഡിതരും ബിഷപ്പുമാരും  ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളും വരെയുളവരെയുള്ളവര്‍ യോഗയുടെ അംബാസഡര്‍മാരായി മാറിയിരിക്കുന്നു
ജൂണ്‍ 21 യോഗദിനം; ജെ. രഘു എഴുതുന്നു: ചുട്ടകോഴി പറക്കുന്ന വിപ്‌ളവ യോഗ

യോഗ എന്ന അഭ്യാസമുറ, ഇന്ന് ആഗോളവ്യാപകമായ ഒരു ആത്മീയ-വിനോദ-വ്യായാമ വ്യവസായ സാമ്രാജ്യമായി മാറിയിരിക്കുകയാണ്.  ജൂണ്‍ 21 അന്താരാഷ്ട്രയോഗദിനമായി ആഘോഷിക്കപെ്പടുന്നതോടെ, യോഗ അതിന്റെ പരമ്പരാഗത ഹൈന്ദവ ആലഭാരങ്ങളുപേക്ഷിച്ച് ഒരു 'മതേതര' സമ്പ്രദായമായി രൂപം മാറിയിരിക്കുകയാണ്. കളരികളിലും ആശ്രമങ്ങളിലും ഒതുങ്ങിയിരുന്ന യോഗ സാവധാനം സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മറ്റ് മതേതര പൊതുമണ്ഡലങ്ങളിലേക്കും 'അധിനിവേശം' ആരംഭിച്ചുകഴിഞ്ഞു. യോഗയുടെ 'ആരോഗ്യക്ഷമത' ശാസ്ര്തീയമായി തെളിയിക്കപെ്പട്ടിട്ടിലെ്‌ളങ്കിലും ആധുനികതയോടും യുക്തിചിന്തയോടും ശാസ്ര്തത്തോടുമുള്ള സമകാലിക കാല്പനിക-ഫാസിസ്റ്റു വിരക്തിയാണ് യോഗയെ ജനപ്രിയമാക്കുന്നത്.

ആധുനികതാവിരുദ്ധൗഷധമായി 'പൗരാണികത'യെ ഉദ്‌ഘോഷിക്കുന്ന കാല്പനികതാവാദികളാണ് ഈ 'മഹാമനോവ്യാധി'യുടെ ഉല്പാദകരും വ്യാപാരികളും. എത്ര 'അഭ്യാസപരത'യും 'ആരോഗ്യക്ഷമത'യും അവകാശപെ്പട്ടാലും യോഗയുടെ 'പൗരാണിക ഹൈന്ദവച്ഛായ' അത്ര എളുപ്പം മായ്ച്ചുകളയാനാവില്‌ള. ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ക്കു മുന്‍പില്‍ പകച്ചുനില്‍ക്കുന്ന 'കാതര ജനക്കൂട്ട'ത്തെ ആട്ടിത്തെളിയിച്ചുകൊണ്ടു പോകാവുന്ന സാന്ത്വനത്തിന്റെ പര്‍ണശാലയാണ് പൗരാണികത. പൗരാണികവും ഹൈന്ദവവുമായ ഛായാപടങ്ങള്‍ അഴിച്ചുവെച്ചുകൊണ്ടാണ്, ഇപേ്പാള്‍ യോഗ അതിന്റെ അധിനിവേ​ശം ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുതല്‍ ഇസ്‌ളാമിക പണ്ഡിതരും ബിഷപ്പുമാരും സെലിബ്രിറ്റികളും വിദേശ രാഷ്ര്ടത്തലവന്മാരും ഐക്യരാഷ്ട്രസംഘടനാ തലവനും ഇടതു രാഷ്ട്രീയപ്പാര്‍ട്ടികളും വരെയുള്ളവര്‍ യോഗയുടെ അംബാസഡര്‍മാരായി മാറിയിരിക്കുന്നു. യോഗ, ഇപേ്പാള്‍ സാര്‍വലൗകികവും മതേതരവുമായ ആരോഗ്യ-ചികിത്സാ പദ്ധതിയായും സമ്മര്‍ദശമനൗഷധമായും വ്യായാമമുറയായും ചിത്രീകരിക്കപെ്പടുന്നത് എന്തുകൊണ്ടാണ്?    

അടുത്തകാലം വരെ, ഹിന്ദുത്വത്തിന്റെ ഭാഗമെന്ന് ഊറ്റംകൊണ്ടിരുന്ന പൗരാണിക സമ്പ്രദായങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ഗ്രന്ഥങ്ങളെയും ആചാര്യന്മാരെയും ഹിന്ദുത്വത്തില്‍നിന്ന് അടര്‍ത്തിമാറ്റുകയും മതേതരവും ദേശീയവുമായ പ്രതിച്ഛായ നല്‍കി 'സര്‍വമത പൊതുമണ്ഡല'ത്തില്‍ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഹിന്ദു ഫാസിസം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുമുദ്ര പെട്ടെന്ന് തിരിച്ചറിയാനാവാത്ത ചില പാരമ്പര്യഘടകങ്ങളെയാണ് അവര്‍ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മറ്റേതൊരു ഹിന്ദു പാരമ്പര്യഘടകത്തെക്കാളും ഇതിനു പറ്റിയത് യോഗയാണെന്ന് ഹിന്ദു ഫാസിസ്റ്റുകള്‍ക്കറിയാം. യോഗയെ പതഞ്ജലിയില്‍നിന്നും ഷഡ്ദര്‍ശനത്തില്‍നിന്നും മോക്ഷത്തില്‍നിന്നും പാരമ്പര്യത്തില്‍നിന്നും വിച്ഛേദിക്കാനും നിര്‍ദോഷമായ ഒരു കായികവ്യായാമമായി വേഷം കെട്ടിക്കാനും വളരെ എളുപ്പമാണ്. പൊണ്ണത്തടി കുറയ്ക്കുന്ന, ആസ്തമയും ആര്‍ത്രൈറ്റിസും ഭേദമാക്കുന്ന, മാനസിക സമ്മര്‍ദം ശമിപ്പിക്കുന്ന, മനശ്ശാന്തി നല്‍കുന്ന, ആരോഗ്യക്ഷമമായ ഒരു 'അഭ്യാസ'വും 'ഔഷധ'വുമാണെങ്കില്‍, യോഗയെ എന്തിന് എതിര്‍ക്കണം? യോഗയുടെ സമീപകാല വ്യാപനത്തില്‍ ആകൃഷ്ടരാകുന്നവര്‍ സ്വയം ചോദിക്കുന്ന ചോദ്യവും ഇതായിരിക്കും. 

രാജ്യാന്തര യോഗ ദിനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ യോഗ ചെയ്യുന്നു
ചിത്രം ബിപി ദിപു, എക്‌സ്പ്രസ്‌

 

യോഗയെ ഒരു വെറും 'കായികവ്യായാമ'മായി ചിത്രീകരിക്കുന്നതോടെ, അതിന്റെ പ്രചാരണജോലിയില്‍നിന്നും ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് സമര്‍ത്ഥമായി ഒഴിഞ്ഞുനില്‍ക്കാനും കഴിയും. കാരണം, ഇന്ന് സര്‍വമത സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും ജയിലുകളും അച്ചന്മാരും കന്യാസ്ര്തീകളും മുല്‌ളമാരും വാര്‍ത്താമാധ്യമങ്ങളും പൊലീസും പട്ടാളവും അവസാനം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും യോഗയുടെ പ്രചാരണ-പ്രയോഗദൗത്യവും ഏറ്റെടുത്തിരിക്കുന്നു. യോഗ പഠിപ്പിക്കുന്നത് ആര്‍.എസ്.എസ്. ശാഖകളിലാണെങ്കില്‍ അതിന്റെ ഹിന്ദുമുദ്ര വെളിച്ചത്തുവരും. എന്നാല്‍, ഇതേ യോഗതന്നെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഓഫീസില്‍ പരിശീലിപ്പിക്കുമ്പോള്‍, അതിന്റെ ഹിന്ദുമുദ്ര അതിസമര്‍ത്ഥമായി മറയ്ക്കപെ്പടുന്നു. കമ്മിറ്റികളുണ്ടാക്കുകയും ഫണ്ട് സമാഹരിക്കുകയും ഇടയ്ക്കിടെ രാഷ്ട്രീയശത്രുക്കളെ വകവരുത്തുകയും ചെയ്യുന്നതാണ് 'വിപ്‌ളവരാഷ്ട്രീയ പ്രവര്‍ത്തനം' എന്നു വിചാരിക്കുന്ന കേരളത്തിലെ പ്രത്യേകിച്ചും കണ്ണൂരിലെ മാര്‍ക്‌സിസ്റ്റു നേതാക്കളാണ്, അവര്‍ പോലുമറിയാതെ മോദി ഫാസിസ്റ്റു തന്ത്രത്തിന്റെ ഭാഗമായ യോഗയുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നത്. തങ്ങള്‍ തന്നെ യോഗ പരിശീലനം നല്‍കിയിലെ്‌ളങ്കില്‍ സഖാക്കള്‍ മറ്റ് യോഗക്കളരികളില്‍ പോകും. അതിനാല്‍ അത് തടയാനാണ് പാര്‍ട്ടി യോഗ പരിശീലിപ്പിക്കുന്നത് എന്ന ലളിതയുക്തിയാണ് ഇവരെ നയിക്കുന്നത്. ഹിന്ദു ഫാസിസത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നവരെത്തന്നെ, ഫാസിസത്തിന്റെ പരോക്ഷപ്രചാരകരും പ്രയോക്താക്കളുമായി റിക്രൂട്ട് ചെയ്യുന്നതില്‍ മോദി ഫാസിസം വിജയിച്ചിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. 

കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവിക ഉദ്യോഗസ്ഥര്‍ രാജ്യാന്തര യോഗ ദിനം ആചരിച്ചപ്പോള്‍

ചിത്രം മെല്‍ട്ടണ്‍ ആന്റണി, എക്‌സ്പ്രസ്‌
 

പാമ്പ് വന്ന് വിഷമിറക്കുമ്പോള്‍
യോഗയെപേ്പാലെ പ്രത്യക്ഷ ഹിന്ദുമുദ്ര ആരോപിക്കാന്‍ കഴിയാത്ത കുറെയധികം 'മഹത് സംഭാവനകള്‍' പരമ്പരാഗത ഹിന്ദുത്വത്തിനുണ്ട്. നാട്ടുവൈദ്യം, ഒറ്റമൂലി, ജ്യോതിഷം, പാമ്പാട്ടികള്‍, കുട്ടിച്ചാത്തന്‍ സേവ, കൂടോത്രം, കൈനോട്ടം, കവടിനിരത്തല്‍, തത്തയെക്കൊണ്ട് ഭാവി പ്രവചിപ്പിക്കല്‍, കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കല്‍, ചുട്ടകോഴിയെ പറപ്പിക്കല്‍ എന്നിങ്ങനെയുള്ള ലോകാദ്ഭുതങ്ങള്‍ ഹിന്ദുയിസത്തിന്റെ പാരമ്പര്യ സംഭാവനകളാണ്. കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കുന്ന വിദ്യയെ 'വിഷചികിത്സാപദ്ധതി'യായും ചുട്ടകോഴിയെ പറപ്പിക്കുന്ന വിദ്യയെ 'ഹിന്ദു മാജിക്കാ'യും ചിത്രീകരിച്ച് ലോകത്തിനു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനായിരിക്കും ഇനി ഹിന്ദുഫാസിസം ശ്രമിക്കുന്നത്. പാപ്പിനിശേ്ശരിയില്‍ വിഷചികിത്സാ കേന്ദ്രമാരംഭിച്ച മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്ക്, പുതിയൊരു വിഷചികിത്സാരീതിയെ എങ്ങനെ എതിര്‍ക്കാന്‍ കഴിയും. കടിച്ച പാമ്പ,് മടങ്ങിവന്ന് വിഷം കൊത്തിയെടുത്താല്‍, ഒരു ജീവനലേ്‌ള രക്ഷപെ്പടുന്നത്! അതിലെന്തു ഹിന്ദുത്വം? ഇതായിരിക്കും സഖാക്കളുടെ യുക്തി. 

മതമുക്തയോഗ പ്രച്ഛന്ന ഹിന്ദുത്വം തന്നെയാണ്. പാര്‍ട്ടി ഓഫീസുകളെ യോഗക്കളരികളാക്കാന്‍ തീരുമാനിച്ച മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഫലത്തില്‍ പ്രച്ഛന്ന ഹിന്ദുയിസത്തിന്റെ ഇടതുപക്ഷ യോദ്ധാക്കളായി മാറിയിരിക്കുകയാണ്. ഈ കളരികളില്‍ പരിശീലനം നേടുന്ന യോഗവിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ ഹിന്ദുഫാസിസത്തിന്റെ സന്നദ്ധസൈനികരായി മാറുമെന്ന് മനസ്‌സിലാക്കാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലെ 'മീഡിയോക്കര്‍' മാനേജര്‍മാര്‍ക്കാവില്‌ള. കാരണം, ഒരാളെ മികച്ച സംഘാടകനും പാര്‍ട്ടി മാനേജരുമാക്കുന്നത് ധിഷണാശേഷിയല്‌ള, മറിച്ച് തത്ക്കാലം സംഘപരിവാറിന്റെ യോഗശിബിരങ്ങളിലേക്കുള്ള സഖാക്കളുടെ ഒഴുക്കു തടയുക! ഒരു സംഘാടകന്റെ ശുഷ്‌കവും ഹ്രസ്വവുമായ വീക്ഷണത്തിന് ഇത്രയൊക്കെ മതി. കളരികളാകുന്ന പാര്‍ട്ടി ഓഫീസുകളിലെ ചുവരില്‍ മാര്‍ക്‌സിനും ലെനിനുമൊപ്പം യോഗയുടെ പിതാവായ പതഞ്ജലിയുടെ ചിത്രം ഏതെങ്കിലുമൊരു യോഗ സഖാവ് തൂക്കിയാല്‍ എങ്ങനെ തടയും! 'ഇടതുയോഗ'യുടെ പിതാവ് 'ഇടതുപതഞ്ജലി'യാണെന്ന് വ്യാഖ്യാനിക്കാനെ കഴിയൂ! യോഗയ്ക്കുശേഷം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാര്‍ സ്വന്തം അയ്യപ്പസേവാസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചതായി ഈയടുത്ത കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. ശബരിമല തീര്‍ത്ഥാടകരെ സഹായിക്കാന്‍ വിശ്രമ-സേവനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ പോകുന്നുവെന്നായിരുന്നു വാര്‍ത്ത. 

ഇത് ഹിന്ദുപ്രീണനമെന്ന് വിമര്‍ശനമുയര്‍ന്നാല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്കും വേണ്ട സേവനകേന്ദ്രങ്ങള്‍ തുടങ്ങാനും സഖാക്കള്‍ മടിക്കില്‌ള. ഇത്രയൊക്കെയായാല്‍ 'ഇടത് അമ്പല'ങ്ങളെക്കുറിച്ചും 'ഇടതു പൊങ്കാല'യെക്കുറിച്ചും ആലോചിക്കാവുന്നതാണ്! അപേ്പാഴും നാട്ടിന്‍പുറങ്ങളില്‍ ആര്‍.എസ്.എസ്. ശാഖകളിലേക്കു പോകുന്ന ചെറുപ്പക്കാരെ മാര്‍ക്‌സിസ്റ്റുപാര്‍ട്ടി എങ്ങനെ ആകര്‍ഷിക്കും? ഒറ്റവഴിയേയുള്ളൂ, മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഓഫീസുകളില്‍തന്നെ ശാഖകള്‍ തുടങ്ങുക. പാര്‍ട്ടി ശാഖകളില്‍തന്നെ കുറുവടി പ്രയോഗവും അടിപിടിയും പഠിപ്പിച്ചാല്‍ ഒരു വിഭാഗം ചെറുപ്പക്കാരെങ്കിലും ആര്‍.എസ്.എസ്. ശാഖകളില്‍ പോകുന്നത് നിര്‍ത്തിയേക്കും. പക്ഷേ, ശാഖ പൂര്‍ണമാകണമെങ്കില്‍ കാവിക്കൊടിയും കാവിപെ്പാട്ടും രാഖിയും ത്രിശൂലവും പാര്‍ട്ടി ശാഖകളില്‍ വിതരണം ചെയ്യണം. ഇങ്ക്വിലാബിനു പകരം പാര്‍ട്ടി ഓഫീസുകള്‍ 'കാളികൂളി' മന്ത്രങ്ങള്‍കൊണ്ട് മുഖരിതമാകണം. പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ ഗോള്‍വാള്‍ക്കറുടെ എണ്ണച്ഛായാചിത്രം സ്ഥാപിതമാവുന്നതോടെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ 'ഹിന്ദുഫാസിസ്റ്റുവിരുദ്ധവിപ്‌ളവം' പരിസമാപ്തിയിലെത്തും!

കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ സംഭവിച്ച 'പൊങ്കാലവല്‍ക്കരണ'ത്തിന്റെ, 'ശബരിമല വല്‍ക്കരണ'ത്തിന്റെ, 'ആത്മീയവല്‍ക്കരണ'ത്തിന്റെ, 'ആള്‍ദൈവവല്‍ക്കരണ'ത്തിന്റെ രാഷ്ട്രീയ പ്രഭാവമാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കു കാരണം.  മതഗ്രസ്തമാകുന്ന ഒരു സമൂഹത്തില്‍ മതേതരത്വത്തിനുള്ള ഇടങ്ങള്‍ കുറയുകയായിരിക്കും ഫലം. അപേ്പാള്‍, പൊങ്കാലവല്‍ക്കരിക്കപെ്പടുന്ന കേരളം ചക്കുളത്തുകാവുവല്‍ക്കരിക്കപെ്പടുന്ന കേരളം, ആള്‍ദൈവവല്‍ക്കരിക്കപെ്പടുന്ന കേരളം, അയ്യപ്പവല്‍ക്കരിക്കരിക്കപെ്പടുന്ന കേരളം, തീര്‍ച്ചയായും മതേതരത്വത്തിനും ഇടതുപക്ഷത്തിനും ഒരു മരുഭൂമിയായിമാറും എന്നതില്‍ സംശയമില്‌ള. അങ്ങനെയുള്ള കേരളം  മറ്റൊരു ഗുജറാത്ത് ആയിമാറും. അതിന്റെ ഗുണം ലഭിക്കുന്നത് അയ്യപ്പസേവാകേന്ദ്രങ്ങളിലൂടെ ശബരിമലഭക്തര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടിക്ക് ആയിരിക്കില്‌ള. അതിന്റെ ഫലം കൊയ്യുന്നത് തീര്‍ച്ചയായും സംഘപരിവാര്‍ തന്നെയായിരിക്കും. ബോംബ് നിര്‍മാണത്തിലും അടിപിടിയിലും പ്രൊഫഷണലുകളായ സഖാക്കളുടെ ബുദ്ധിശൂന്യതയും ദീര്‍ഘവീക്ഷണമില്‌ളായ്മയും യഥാര്‍ത്ഥത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുകയായിരിക്കും ചെയ്യുന്നത്.  

രാജ്യാന്തര യോഗ ദിനത്തില്‍ ഗവര്‍ണര്‍ പി സദാശിവം രാജ്ഭവന്‍ ജീവനക്കാരോടൊപ്പം യോഗ ചെയ്യുന്നു

ചിത്രം മനു ആര്‍ മാവേലില്‍, എക്‌സ്പ്രസ്‌
 

യോഗയുടെ ചരിത്രം
ഇന്നു പ്രചാരത്തിലുള്ള യോഗ, വാസ്തവത്തില്‍ ഒരു മധ്യകാല നിര്‍മിതിയായ 'ഹഠയോഗ'യുടെ ഭാഗമാണ്. 'ഹഠ' എന്ന വാക്കിനര്‍ത്ഥം ബലപ്രയോഗം എന്നാണ്. സ്വാഭാവികമായ ശാരീരികപ്രക്രിയകളെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുന്ന അഭ്യാസങ്ങളാണ് ഹഠയോഗം ആവിഷ്‌കരിച്ചത്. ഹഠയോഗം പരിശീലിച്ചിരുന്നത് മോക്ഷത്തിനോ ആരോഗ്യത്തിനോ വേണ്ടിയായിരുന്നില്‌ള. കുണ്ഡലിനിയെ ഉണര്‍ത്തി, മാന്ത്രികസിദ്ധികള്‍ ആര്‍ജിക്കുകയും അത് പ്രദര്‍ശിപ്പിച്ച് കനകവും കാമിനിയും അധികാരവും നേടുകയെന്നതായിരുന്നു ആദിമ ഹഠയോഗികളുടെ ലക്ഷ്യം. ഹഠയോഗത്തിന്റെ അടിസ്ഥാനം പതഞ്ജലിയുടെ യോഗസൂത്രമല്‌ള. മഹായാനബുദ്ധിസം, താന്ത്രികശൈവിസം, രസായനവിദ്യ, മന്ത്രവാദം തുടങ്ങിയ നിഗൂഢസമ്പ്രദായങ്ങളില്‍നിന്നാണ് ഹഠയോഗം രൂപംകൊണ്ടത്. ആത്മീയതയുടെ പരിവേഷം ചാര്‍ത്തപെ്പട്ട ലൈംഗികാഭാസമാണ് താന്ത്രികവിദ്യ. 

അഗമ്യഗമനം  പോലും താന്ത്രികാചാര്യന്മാര്‍ക്ക് നിഷിദ്ധമായിരുന്നില്‌ള. എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ രചിക്കപെ്പട്ട കശ്മീര്‍ താന്ത്രിക കൃതിയാണ് 'നേത്രതന്ത്രം', 'സൂക്ഷ്മയോഗം', 'അതീന്ദ്രിയ യോഗം' എന്നിങ്ങനെ രണ്ടു യോഗകളെക്കുറിച്ച് ഈ കൃതി ചര്‍ച്ച ചെയ്യുന്നു. പരകായപ്രവേശനത്തിനുള്ള സാങ്കേതികവിദ്യയാണ് സൂക്ഷ്മയോഗം. അതീന്ദ്രിയ യോഗയാകട്ടെ, മനുഷ്യരെ തിന്നുന്ന യോഗിനിമാര്‍ക്കുള്ളതാണ്. 'മനുഷ്യരെ തിന്നുക' എന്നതിനര്‍ത്ഥം 'കൊല്‌ളുക' എന്നുതന്നെയാണ്. 'യോഗിനി'യാല്‍ ആഹരിക്കപെ്പടുന്ന വ്യക്തിയുടെ ശരീരത്തില്‍നിന്ന് കര്‍മപാപങ്ങള്‍ ഒഴിഞ്ഞ്, അയാള്‍ ശിവനില്‍ ലയിക്കുന്നുവെന്നാണ് സിദ്ധാന്തം. യോഗിനിമാര്‍ പക്ഷികളെപേ്പാലെ പറക്കുന്നവരാണെന്നും വിശ്വസിക്കപെ്പട്ടിരുന്നു. പറക്കാനുള്ള സൗകര്യത്തിനുവേണ്ടി യോഗിനിക്ഷേത്രങ്ങള്‍ക്ക് മേല്‍ക്കൂര നിര്‍മിച്ചിരുന്നില്‌ള!
വ്യഭിചാരവും കൊള്ളയും കൊലപാതകവും തൊഴിലാക്കിയിരുന്ന മധ്യകാല ഹിന്ദു-ക്രിമിനല്‍ സംഘങ്ങളായിരുന്നു ആദ്യകാല താന്ത്രിക ഹഠയോഗ പ്രചാരകര്‍. കുറ്റവാസനകളെ ന്യായീകരിക്കുന്നതിനുള്ള മറ മാത്രമായിരുന്നു ഇവര്‍ക്ക് ആത്മീയതയും അനുഷ്ഠാനപരതയും. അത്ഭുതസിദ്ധികളുള്ള യോഗിമാരെ ജനങ്ങള്‍ ഭയക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. 

ഇവരെ പല രാജാക്കന്മാരുടെയും അണിയറ സുഹൃത്തുക്കളാക്കിയതും ഈ അത്ഭുതസിദ്ധികളാണ്. അധികാരമത്സരങ്ങളില്‍ യോഗിമാരുടെ അത്ഭുതസിദ്ധികള്‍ രാജാക്കന്മാര്‍ക്ക് തുണയായി. രാജാക്കന്മാരെ വാഴിക്കാനും സ്ഥാനഭ്രഷ്ടരാക്കാനുമുള്ള ശക്തി ചില യോഗിമാര്‍ ആര്‍ജിച്ചിരുന്നു. ഇങ്ങനെയൊരു വിഭാഗമായിരുന്നു നാഗയോഗി സമ്പ്രദായം. മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബറും ഔറംഗസീബും പല സന്ദര്‍ഭങ്ങളിലും ഇവരുടെ സിദ്ധികളെ ഉപയോഗിച്ചിരുന്നു. 1687-ലാണ് ന്യൂട്ടന്റെ 'പ്രിന്‍സിപ്പിയ' പ്രസിദ്ധീകരിക്കപെ്പട്ടത്. അതോടെ ലോകം 'പ്രിന്‍സിപ്പിയ പൂര്‍വലോക'മെന്നും 'പ്രിന്‍സിപ്പിയാനന്തരലോക'മെന്നും വിഭജിക്കപെ്പട്ടു.
 
ഇന്ന് മൊട്ടുസൂചി മുതല്‍ ബഹിരാകാശപേടകങ്ങളും ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ യന്ത്രങ്ങളുംവരെ നിര്‍മിക്കുന്നത് ന്യൂട്ടോണിയന്‍ ഫിസിക്‌സ് ഉപയോഗിച്ചാണ്. 'പ്രിന്‍സിപ്പിയ' പ്രസിദ്ധീകരിക്കപെ്പട്ട വര്‍ഷം 'ഭാരതീയസംസ്‌കാരം' ലോകത്തിനുനല്‍കിയ 'മഹത് സംഭാവന' 'ഗ്രന്ഥസംഹിത' എന്ന ഹഠയോഗ കൃതിയാണ്. ലൈംഗികോത്തേജനത്തിനുള്ള 32 ആസനങ്ങളാണ് ഇതിലെ പ്രതിപാദ്യം. കോപ്പര്‍നിക്കസിന്റെയും ഹാര്‍വെയുടെയും ഗലീലിയോയുടെയും ന്യൂട്ടന്റെയും കൃതികള്‍ ലോകത്തെയും മനുഷ്യജീവിതത്തെയും പുതുക്കിപ്പണിതുകൊണ്ടിരുന്നപേ്പാള്‍, 'ഭാരതീയസംസ്‌കാരം', 'അഗമ്യഗമന'ത്തെയും 'ലൈംഗികോത്തേജനാസന'ങ്ങളെയും കുറിച്ചുള്ള ഹഠയോഗ-താന്ത്രിക ഗവേഷണങ്ങളില്‍ വ്യാപൃതമായിരുന്നു!

യോഗയുടെ വൈദ്യശാസ്ര്തവത്കരണം
സമകാലീന യോഗയുടെ ജനപ്രീതിക്കു പ്രധാന കാരണം, അതിന്റെ വൈദ്യശാസ്ര്തവത്കരണമാണ്. യോഗയെ അതിന്റെ പരമ്പരാഗത മത പ്രതിച്ഛായയില്‍നിന്ന് അടര്‍ത്തിയെടുത്ത് ശാരീരികവും മാനസികവുമായ ക്ഷേമത്തിനുള്ള വൈദ്യശാസ്ര്തസാങ്കേതികവിദ്യ എന്ന പുതിയൊരു പ്രതിച്ഛായയാണ് യോഗപ്രചാരകര്‍ സൃഷ്ടിച്ചത്. ലോകത്തിന് ഇന്ത്യ നല്‍കുന്ന നിസ്തുല സംഭാവനയെന്ന മട്ടിലാണ്, യോഗയെ ഇന്ത്യയ്ക്കകത്തും പുറത്തും വിപണനം ചെയ്തുകൊണ്ടിരിക്കുന്നത്. 

ആദ്യമായി യോഗയെ ശാസ്ര്തീയപഠനത്തിനു വിധേയമാക്കിയത് 1851-ല്‍ ബംഗാളിയായ ഡോ. നവീന്‍ ചന്ദ്രപാല്‍ ആണ്. യോഗാഭ്യാസനത്തിന്റെ ആത്യന്തികഫലം ശരീരത്തിന്റെ 'ഉപാപചയ'നിരക്ക് കുറയ്ക്കുകയാണ്. ഇത് രക്തം കട്ടപിടിക്കുന്നതിനും മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടയുന്നതിനുമാണ് ഇടയാക്കുന്നതെന്ന് ഡോ. നവീന്‍ ചന്ദ്രപാല്‍ സമര്‍ത്ഥിച്ചു. യോഗിമാരുടെ സിദ്ധികളെയും ഡോ. നവീന്‍ തുറന്നുകാണിച്ചു. വായുകടക്കാത്ത കുഴികളിലും അടച്ച പെട്ടികളിലും മണിക്കൂറുകളോളം കിടക്കുന്ന സിദ്ധിയെ നവീന്‍ ശാസ്ര്തീയമായി വിശകലനം ചെയ്തു. ഈ സിദ്ധി, ജന്തുക്കളുടെ ശൈത്യകാലനിദ്രയ്ക്കു തുല്യമാണെന്ന് ഡോ. നവീന്‍ തെളിയിച്ചു. വവ്വാല്‍, മുള്ളന്‍പന്നി, എലി തുടങ്ങിയ ജീവികള്‍ ശൈത്യകാലത്ത് മാളങ്ങളില്‍ സുഖസുഷുപ്തിയില്‍ കഴിയുക പതിവാണ്. ഊര്‍ജം സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയാണ് ശൈത്യകാലനിദ്ര. 

ശൈത്യകാല നിദ്രയില്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് വര്‍ധിക്കുകയും ഉപാപചയനിരക്ക് കുറയുകയും ചെയ്യുന്നതുകൊണ്ടാണ് ജന്തുക്കള്‍ക്ക് ദീര്‍ഘകാലം സാധാരണ ജൈവപ്രവര്‍ത്തനങ്ങളെ സസ്‌പെന്‍ഡ് ചെയ്ത് ഉറങ്ങാന്‍ കഴിയുന്നതെന്ന് ജന്തുശാസ്ര്തജ്ഞനായ ഡേവിഡ് എ. വാര്‍ട്ടന്‍ നിരീക്ഷിക്കുന്നു. ഈ ജന്തുവിദ്യയുടെ ജൈവതത്ത്വങ്ങള്‍ തന്നെയാണ് 'ജീവനോടെ കുഴിച്ചിടുന്ന' സിദ്ധിയിലും പ്രവര്‍ത്തിക്കുന്നത്. ഒരു യോഗാഭ്യാസവുമില്‌ളാതെ മുള്ളന്‍പന്നികള്‍ക്ക്‌പോലും ജന്മനാ ലഭ്യമായ കഴിവാണ് വര്‍ഷങ്ങളുടെ കഠിന യോഗപരിശീലനങ്ങളിലൂടെ 'ഭാരതീയ യോഗി'മാരും 'ഋഷി'മാരും ആര്‍ജിച്ചിരുന്നത്.

അപേ്പാള്‍, ഭാരതീയ സംസ്‌കാരവാദികള്‍ അവരുടെ 'ഋഷി-യോഗി' പരമ്പരയില്‍ മുള്ളന്‍പന്നികള്‍ക്കുകൂടി സ്ഥാനം കൊടുക്കേണ്ടതാണ്! 1937-ല്‍ മലയാളിയും യേല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായിരുന്ന കോവൂര്‍ ടി. ബഹ്‌നാന്‍ രചിച്ച 'യോഗ: എ സയന്റിഫിക് ഇവാല്യുവേഷന്‍' എന്ന കൃതി, യോഗയുടെ അവകാശവാദങ്ങള്‍ വ്യാജമാണെന്ന് സമര്‍ത്ഥിച്ചിരുന്നു. ആരോഗ്യകരമായ മാനസികപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ആളുകളെ മന്ദബുദ്ധികളാക്കുകയും ചെയ്യുന്ന ഒരു അഭ്യാസം മാത്രമാണ് ആസനങ്ങളും പ്രാണായാമവും എന്ന് ബഹ്‌നാന്‍ തെളിയിച്ചു. യോഗാഭ്യാസം പ്രദാനം ചെയ്യുമെന്ന് കരുതപെ്പടുന്ന ഗാഢവിശ്രമം യഥാര്‍ത്ഥത്തില്‍ മാനസികപ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നതെന്ന് ആധുനിക വൈദ്യശാസ്ര്തത്തെ ഉദ്ധരിച്ചുകൊണ്ട് ബഹ്‌നാന്‍ സമര്‍ത്ഥിച്ചു.

യോഗയും പ്രാണായാമവും 'മനസ്‌സിനെ ശാന്തമാക്കു'മെന്നത് ഒരു പരിധിവരെ ശരിയാണ്. എന്നാല്‍ 'ശാന്തമായ മനസ്‌സ്', എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത് എന്താണ്? അശ്വവേഗത്തില്‍ പായുന്ന ചിന്തകളെ, മനസ്‌സില്‍നിന്ന് ഉച്ചാടനം ചെയ്യുകയാണ് യോഗ-പ്രാണായാമത്തിന്റെ ലക്ഷ്യം. ചിന്തകള്‍ ഇല്‌ളാതാകുമ്പോഴാണ് മനസ്‌സ് ശാന്തമാകുന്നത്. അപേ്പാള്‍, 'ശാന്തമായ മനസ്‌സ്' എന്നാല്‍ 'ചിന്താശൂന്യമായ മനസ്‌സ്' എന്നാണര്‍ത്ഥം. എന്നാല്‍, ചിന്തിക്കുന്ന മനസ്‌സിന് ശാന്തമായിരിക്കാനാവില്‌ള. ചിന്തിക്കുന്നവരുടെ മനസ്‌സ് ഇളകിമറിയുന്ന സമുദ്രംപോലെ സദാ പ്രക്ഷുബ്ധമായിരിക്കും! ന്യൂട്ടന്റെയും ഡാര്‍വിന്റെയും ഐന്‍സ്റ്റൈന്റെയും മനസ്‌സ് സ്വയം മറക്കുന്നിടത്തോളം പ്രക്ഷുബ്ധമായിരുന്നു. ശാന്തമായ മനസ്‌സ് വേണ്ടത് ആര്‍ക്കാണ്? ഒന്നും ചിന്തിക്കാനില്‌ളാത്ത, ചുറ്റുമുള്ള ലോകം അസ്വസ്ഥമാക്കാത്ത, അനീതികള്‍ ചാട്ടുളിപ്രയോഗം പോലെ പതിക്കാത്ത, മനുഷ്യനെതിരായ ഹിംസയില്‍ തപിക്കാത്ത, വെറും ശരീരങ്ങള്‍ക്കാണ് ശാന്തമായ മനസ്‌സിന്റെ ആവശ്യം വരുന്നത്. 


കാരണം, ശരീരത്തിന്റെ പ്രാഥമികമായ ആവശ്യങ്ങളുടെ പരിപാലനത്തിന് മനസ്‌സിന്റെയോ ചിന്തയുടെയോ ആവശ്യമില്‌ള. ശരീരത്തിന്റെ അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിന്തയുടെ ആവശ്യമില്‌ള. എന്നാല്‍, ഐച്ഛിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിന്ത അനിവാര്യമാണ്. 

'ഭാരതീയസംസ്‌കാര' സ്ഥാപകരായ വലിയ യോഗിമാരും താപസന്മാരും ഋഷിമാരും തങ്ങളുടെ മസ്തിഷ്‌കങ്ങളെ ഐച്ഛികപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍വലിച്ച്, അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വിട്ടുകൊടുത്തവരാണ്. നാഡീവ്യൂഹമുള്ള എല്‌ളാ ജീവികളും കൃമികീടങ്ങളുള്‍പെ്പടെ, ഇത്തരം അനൈച്ഛിക ജീവിതമാണ് ജീവിക്കുന്നത്. എങ്കില്‍ 'ഭാരത'ത്തിലെ 'മഹാമുനി'മാരുടെയും 'മഹായോഗി'മാരുടെയും മസ്തിഷ്‌കങ്ങളും കീടമസ്തിഷ്‌കങ്ങളും തമ്മില്‍ ഗുണപരമായ എന്തു വ്യത്യാസമാണുള്ളത്?

ദൈവദര്‍ശനം മസ്തിഷ്‌കത്തകരാര്‍
ഓക്‌സിജന്‍ ഉപഭോഗത്തിന്റെ അളവിനെ നിര്‍ണയിക്കുന്നത് ശ്വാസോച്ഛ്വാസരീതികളാണെന്ന പ്രാകൃതധാരണയാണ് പ്രാണായാമത്തിന്റ അടിത്തറ. പേശീപ്രവര്‍ത്തനം, ഉപാപചയം, ഹൃദയസ്പന്ദനനിരക്ക് എന്നിവയാണ് ഓക്‌സിജന്‍ ഉപഭോഗത്തെ നിര്‍ണയിക്കുന്നത്. പ്രാണായാമത്തിലെ ഗാഢശ്വസനം, ദ്രുതശ്വസനം, ശ്വാസം പിടിച്ചുനിര്‍ത്തല്‍, ദ്രുത-മന്ദനിശ്വാസം എന്നിവയെല്‌ളാം അശാസ്ര്തീയവും അത്യന്തം അപകടകരവുമാണ്. കുണ്ഡലിനീപ്രാണായാമത്തിലെ മുഖ്യഅഭ്യാസം 'കുംബക'മാണ്. ശ്വാസം പിടിച്ചുനിര്‍ത്തുന്ന വിദ്യയാണിത്. ആദ്യത്തെ സോവിയറ്റ് ബഹിരാകാശ സഞ്ചാരിയായ യൂറിഗഗാറിന് പരിശീലനം നല്‍കാന്‍ സ്ഥാപിച്ച 'റെസ്പിറേറ്ററി ലബോറട്ടറി'യുടെ ഡയറക്ടറായിരുന്ന ഡോ. കോന്‍സ്റ്റാന്റിന്‍ പാവ്‌ലോവിച് വിശേഷിപ്പിച്ച 'ഹൈപ്പര്‍വെന്റിലേഷന്‍ സിന്‍ഡ്രോം' ആണ് പ്രാണായാമത്തിന്റെ ഏകഫലം. കൂടുതല്‍ ശ്വസിക്കുന്നതുകൊണ്ടോ ശ്വസനത്തിന്റെ വേഗതയില്‍ മാറ്റം വരുത്തുന്നതുകൊണ്ടോ കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുമെന്ന ധാരണ അബദ്ധമാണ്. ശരീരത്തിലെ ഓക്‌സിജനേഷ'നെ നിയന്ത്രിക്കുന്നത് ശ്വാസകോശങ്ങളല്‌ള, മറിച്ച്, ഹൃദയമാണെന്ന് 1922-ല്‍ വൈദ്യശാസ്ര്ത നൊബേല്‍ സമ്മാനം ലഭിച്ച ബ്രിട്ടീഷ് ശരീരശാസ്ര്തജ്ഞനായ ആര്‍ച്ചിബാള്‍ഡ് വി. ഹില്‍ തെളിയിച്ചതാണ്. ഹൃദയം നടത്തുന്ന 'രക്തസേചന'വും ശ്വാസകോശങ്ങളിലൂടെയുള്ള 'വായുസേചന'വുമാണ് ഓക്‌സിജനേഷനെ നിര്‍ണയിക്കുന്നത്.  

മസ്തിഷ്‌കത്തിനാവശ്യമായ ഓക്‌സിജനേറ്റഡ് രക്തത്തിന്റെ അളവ് കുറയുന്നതിന്റെ ഫലമായുണ്ടാകുന്ന 'രോഗാവസ്ഥ'യാണ് യോഗിമാരില്‍ 'ആത്മീയാനുഭവ'ങ്ങളും 'ദൈവദര്‍ശന'വും മറ്റും സൃഷ്ടിക്കുന്നത്. ഓക്‌സിജന്‍ ലഭ്യതയുടെ കുറവുമൂലമുണ്ടാകുന്ന മസ്തിഷ്‌കത്തകരാറിനെ 'സെറിബ്രല്‍ ഹൈപേ്പാക്‌സിയ' എന്നാണ് ന്യൂറോ സയന്റിസ്റ്റുകള്‍ നിര്‍വചിച്ചിട്ടുള്ളത്.

ബി.ജെ.പി. ഗവണ്‍മെന്റിന്റെ പ്രത്യയശാസ്ര്ത അജന്‍ഡയുടെ ഭാഗമായ 'യോഗാപ്രചരണ'ത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതിനു കാരണം, ശാസ്ര്തത്തെക്കുറിച്ചുള്ള നിരക്ഷരതയും അജ്ഞതയുമാണ്. ഇന്ന് കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും യോഗ ക്‌ളാസുകള്‍ സര്‍വസാധാരണമായിരിക്കുന്നു. തങ്ങളുടെ കുട്ടികളെ യോഗ ക്‌ളാസുകളിലേക്കയയ്ക്കുന്ന രക്ഷിതാക്കള്‍, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. കാരെന്‍ എംഗല്‍ബര്‍ട്ടിന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്:`We were all surprised to learn that Yoga had such a detrimental effect on a person's mental health, and Shocked to learn that it lowers IQ and causes the onset of dementia' (Weekly world News, May 21, 2012)  രണ്ടു വര്‍ഷമായി യോഗ പരിശീലിക്കുന്ന 5800 പേരെക്കുറിച്ച് 'ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത്' നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത് എംഗല്‍ബര്‍ട്ടായിരുന്നു. അപൂര്‍വം ചിലരുടെ 'നടുവേദന'യ്ക്ക് പ്രയോജനമുണ്ടായിട്ടുള്ളതായും എന്നാല്‍ 72-80 ശതമാനം ആളുകള്‍ക്കും ഗുരുതരമായ മാനസികരോഗങ്ങളും ബുദ്ധിശോഷണവും സംഭവിച്ചിട്ടുള്ളതായും പഠനം തെളിയിക്കുന്നു. 

മത്സരപ്പരീക്ഷകളില്‍ വിജയിക്കുന്നതിനുവേണ്ടിയുള്ള തീവ്രപരിശീലനകോഴ്‌സുകളില്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ തന്നെയാണ് അവരെ യോഗാക്‌ളാസുകളിലേക്ക് പറഞ്ഞുവിടുന്നത് എന്ന വസ്തുത ഒരു ഐറണിയാണ്. ബുദ്ധിമാനം കുറഞ്ഞ തലമുറയെയാണോ മലയാളി രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്? ബുദ്ധിമാനം കുറയുന്ന കുട്ടികള്‍ക്ക് ഒരു മത്സരപ്പരീക്ഷയിലും മികവ് പുലര്‍ത്താനാവില്‌ള. കായികവ്യായാമം ആവശ്യമുള്ള കുട്ടികള്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത് നടത്തവും നീന്തലും സൈക്കിള്‍ചവിട്ടലുമാണ്. ശാസ്ര്തീയമായി തെളിയിക്കപെ്പടാത്ത യോഗയെ പ്രധാനമന്ത്രിയുടെയോ ഐക്യരാഷ്ട്രസഭയുടെയോ ആഹ്വാനത്തിന്റെ പേരില്‍, തങ്ങളുടെ മക്കളില്‍ രക്ഷിതാക്കള്‍ പരീക്ഷിക്കരുത്. ലോകപ്രശസ്ത ക്വാണ്ടം ഫിസിസ്റ്റായ റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍, യോഗയും ധ്യാനവും പോലുള്ള സമ്പ്രദായങ്ങളെ വിശേഷിപ്പച്ചത് 'മുറിവൈദ്യം' എന്നാണ്. സ്വന്തം കുട്ടികളെ ഈ മുറിവൈദ്യത്തിന്റെ ഇരകളാക്കണോ എന്ന് രക്ഷിതാക്കള്‍ ചിന്തിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com