ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാന്‍ സുപ്രിം കോടതി ഉത്തരവ്, കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2017 11:21 AM  |  

Last Updated: 09th May 2017 05:09 PM  |   A+A-   |  

justice-cs-karnan-600x369


ന്യൂഡല്‍ഹി: കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിഎസ് കര്‍ണനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസിലാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ നടപടി. ആറു മാസം തടവാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. 

രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജി കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെടുന്നത്. ജസ്റ്റിസ് കര്‍ണന്‍ ഇതിനോടു പുതിയ വിധിന്യായത്തിലൂടെ പ്രതികരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഉത്തരവുകളോ പ്രസ്താവനകളോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ട്. 

ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ ഉള്‍പ്പെടെ എട്ടു സുപ്രിം കോടതി ജഡ്ജിമാര്‍ക്കു അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ഉത്തരവിട്ടിരുന്നു. എസ്‌സി, എസ്ടി നിയമപ്രകാരം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ എട്ടു പേരെ ശിക്ഷിക്കുന്നതായാണ്, കല്‍ക്കത്തയിലെ വീട്ടില്‍ സജ്ജമാക്കിയ കോടതി മുറിയില്‍ നിന്നുള്ള വിധിപ്രസ്താവയില്‍ ജസ്റ്റിസ് കര്‍ണന്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ്, ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ ആറു മാസം തടവിന് സുപ്രിം കോടതി ശിക്ഷിച്ചിരിക്കുന്നത്.

ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കാന്‍ പശ്ചിമ ബംഗാള്‍ ഡിജിപിക്കാണ സുപ്രിം കോടതി ഉത്തരവു നല്‍കിയിരിക്കുന്നത്. ഇന്നു തന്നെ ഉത്തരവു നടപ്പാക്കാനാണ് സാധ്യത.

ജുഡീഷ്യറിക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച ജസ്റ്റിസ് കര്‍ണന് എതിരെ സുപ്രിം കോടതി നേരത്തെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയിരുന്നു. ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റിവ് നടപടളില്‍നിന്ന് അദ്ദേഹത്തിനു വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ തുടര്‍ച്ചയായി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചാണ് ജസ്റ്റിസ് കര്‍ണന്‍ ഇതിനോടു പ്രതികരിച്ചത്. ഇതിനെത്തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ കഴിഞ്ഞയാഴ്ച സുപ്രിം കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ സംഘം കൊല്‍ക്കത്തയിലെ വസതിയില്‍ എത്തിയെങ്കിലും പരിശോധിക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ അനുവദിച്ചില്ല. ബന്ധുക്കളുടെ അനുമതി വാങ്ങുത തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സുപ്രിം കോടതി ഉത്തരവ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹംപരിശോധക സംഘത്തെ തിരിച്ചയച്ചത്. ജസ്റ്റിസ് കര്‍ണന്റെ മാനസിക നിലയ്ക്കു കുഴപ്പമില്ല എന്നാണ് ബോധ്യമാവുന്നത് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തെ ആറു മാസം തടവിനു വിധിച്ച് പരമോന്നത കോടതി ഉത്തരവായിരിക്കുന്നത്.