കശാപ്പു നിയന്ത്രണം: കേന്ദ്ര വിജ്ഞാപനം മദ്രാസ് ഹൈക്കോടതിസ്‌റ്റേ ചെയ്തു, നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം 

കേന്ദ്ര വിജ്ഞാപനം ഇഷ്ട ഭക്ഷണം കഴിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി
കശാപ്പു നിയന്ത്രണം: കേന്ദ്ര വിജ്ഞാപനം മദ്രാസ് ഹൈക്കോടതിസ്‌റ്റേ ചെയ്തു, നാലാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം 

മധുര: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പു നിയന്ത്രണ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്‌റ്റേ. കേന്ദ്ര വിജ്ഞാപനം ഇഷ്ട ഭക്ഷണം കഴിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

കേസില്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. തമിഴ്‌നാട് സര്‍ക്കാരും കേസില്‍ നിലപാട് അറിയിക്കണം.

കശാപ്പ് നിയന്ത്രണത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികള്‍ കേരള ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തമിഴ്‌നാട്ടില്‍ കോടതി വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുന്നത്. കേരള ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന്‍ ഉള്‍പ്പെടെ നാലു പേരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ വിജ്ഞാപനം എന്നാണ് ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹര്‍ജിക്കാരുടെ വാദങ്ങളെ അനുകൂലിക്കുന്നതായി കേരള സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. നാളെ നിലപാട് അറിയിക്കാനാണ് കേരള ഹോക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

കന്നുകാലി കശാപ്പും കന്നുകാലി ചന്തകളും സംസ്ഥാന വിഷയമായിരിക്കെയാണ് ഇവയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി ഈ മാസം 23ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു തുല്യ അവകാശമുള്ള സമാവര്‍ത്തി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ മറവിലാണ് കേന്ദ്ര വിജ്ഞാപനം. 

അതിനിടെ വിജ്ഞാപനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഉചിത സമയത്ത് തീരുമാനമെടുക്കുമെന്നും നായിഡു പറഞ്ഞു.

കശാപ്പു നിയന്ത്രണത്തില്‍നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com