

വീട്ടില്‍ സൂക്ഷിച്ച മാട്ടിറച്ചി പശുവിറച്ചിയാണെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക് എന്നയാളെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജോലി നല്‍കി ഉത്തര്‍ പ്രദേശിലെ ബിജെപി സര്‍ക്കാര്‍. ദാദ്രിയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനിലെ പ്രൈവറ്റ് ഫേമിലാണ് ഇവര്‍ക്ക് ജോലി ലഭിച്ചത്.
കേസിലെ പ്രധാന പ്രതിയടക്കമുള്ളവര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. ജയിലില്‍ കഴിയുന്നതിനിടക്ക് മരണപ്പെട്ട, കേസിലെ മറ്റൊരു പ്രതിയായ രവീണ്‍ സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കുമെന്ന് ബിജെപി എംഎല്‍എ തേജ്പാല്‍ സിങ് നഗര്‍ അറിയിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇയാള്‍ മരിച്ചത്.
സിസോദിയയുടെ കുടുംബത്തിന് വൈകാതെതന്നെ പണം കൈമാറുമെന്ന് എംഎല്‍എ അറിയിച്ചിട്ടുമുണ്ട്. സിസോദിയയുടെ ഭാര്യയ്ക്ക് െ്രെപമറി സ്‌കൂളില്‍ ജോലി നല്‍കും. നഷ്ടപരിഹാരമായി നല്‍കുന്ന എട്ട് ലക്ഷത്തില്‍ അഞ്ച് ലക്ഷം ആദ്യഘട്ടത്തിലും ബാക്കി തുക അടുത്ത ഘട്ടത്തില്‍ നല്‍കുമെന്നും തേജ്പാല്‍ പറഞ്ഞു.
കൊലപാതകക്കേസില്‍ പ്രതികളായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു. കേസിലെ മറ്റുപ്രതികളെല്ലാം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുകയാണ്.
അതേസമയം പ്രതികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനെ കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ലെന്നും അഖ്‌ലാക് കൊലക്കേസിലെ എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണെന്നും ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അഖ്‌ലാകിന്റെ സഹോദരന്‍ മുഹമ്മദ് ജാന്‍ പറഞ്ഞു.
2016 സെപ്തംബര്‍ 28ന് രാത്രിയാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ 20ഓളം പേരടങ്ങുന്ന സംഘം 52കാരനായ മുഹമ്മദ് അഖ്‌ലാക്കിനെ അടിച്ചുകൊന്നത്. ബീഫ് കഴിച്ചെന്നും വീട്ടില്‍ മാംസം സൂക്ഷിച്ചെന്നും ആരോപിച്ചായിരുന്നു മര്‍ദനവും തുടര്‍ന്ന് കൊലപാതകവും നടത്തിയത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ അഖ്‌ലകിന്റെ വീട്ടില്‍ സൂക്ഷിച്ചത് മാട്ടിറച്ചിയായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ടായിരുന്നു. കൊലപാതകത്തില്‍ ബിജെപി നേതാവ് സഞ്ജയ് റാണയുടെ അനുയായികള്‍ അടക്കം 18 പേരെ പൊലീസ് പ്രതിചേര്‍ത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates