ഗുര്‍മീതിന്റെ വീട്ടില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം

ആശ്രമത്തിനള്ളില്‍ രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഗുര്‍മീതിന്റെ വീട്ടില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം

ചണ്ഡിഗഡ്: ബലാല്‍ത്സംഗക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ വസതിയില്‍നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം. ദേരാ സച്ചാ സൗദാ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതോടെ ആശ്രമവുമായി ബന്ധപ്പെട്ട കൂടുതല്‍ ദുരൂഹതകള്‍ ചുരുഴളിയുകയാണ്. വന്‍ സുരക്ഷാ സന്നാഹങ്ങളോടെ നടക്കുന്ന പരിശോധനയില്‍ ആശ്രമ പരിസരത്ത് സ്‌ഫോടക വസ്തു നിര്‍മാണശാല കണ്ടെത്തി. ഇവിടെനിന്നും 85 പെട്ടി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് ഫാക്ടറി പൂട്ടി സീല്‍ ചെയ്തു.

പടക്കം, കമ്പിത്തിരി, പൂത്തിരി മുതലായ കരിമരുന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് ഫാക്ടറി സ്ഥാപിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആയുധനിര്‍മ്മാണം നടന്നിരുന്നോ എന്ന് വിശദമായി പരിശോധിക്കും. പൊലീസിനൊപ്പമുള്ള ഫൊറന്‍സിക് സംഘം സ്‌ഫോടക വസ്തുക്കള്‍ പരിശോധിച്ചു വരികയാണ്. 

ആശ്രമത്തിനള്ളില്‍ രണ്ട് തുരങ്കങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അതില്‍ ഒന്ന് ഗുര്‍മീത് റാം റഹിമിന്റെ സ്വകാര്യ വസതിയില്‍നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതാണ്. 

ഗുര്‍മീത് റാം റഹിം മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് ദേരാ സച്ചാ സൗദയുടെ സിര്‍സയിലെ ആസ്ഥാനം ഒഴിപ്പിച്ച് പരിശോധന നടത്താന്‍ ഉത്തരവിട്ടത്. മുന്‍ ജഡ്ജി കൂടിയായ എ.കെ.എസ് പവാറിന്റെ മേല്‍നോട്ടത്തിലാണ് പരിശോധന. ദേരാ സച്ചാ സൗദ ആസ്ഥാനം 'ശുചീകരിക്കല്‍' എന്ന പ്രഖ്യാപനത്തോടെ നടക്കുന്ന പരിശോധനയും ഒഴിപ്പിക്കല്‍ നടപടിയും ഒരാഴ്ചയോളം നീണ്ടുനില്‍ക്കും.

ദേരാ സച്ചാ സൗദ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച ശേഷമാണ് വന്‍ സന്നാഹങ്ങളോടെയുള്ള പരിശോധന. പരിശോധനയുടെ ഭാഗമായി വന്‍ സുരക്ഷാ സന്നാഹത്തെയാണ് സിര്‍സയില്‍ വിന്യസിച്ചിരിക്കുന്നത്. 

അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ ബലാല്‍ത്സംഗം ചെയ്തു എന്ന കേസിലാണ് സിബിഐ പ്രത്യേക കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. 

കോടതി വിധി ഗുര്‍മീതിന് എതിരായാല്‍ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികള്‍ക്കിടയില്‍ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വന്‍ അര്‍ധസൈനിക, പൊലീസ് സന്നാഹങ്ങളോടു കൂടിയാണ് പരിശോധന നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com