10 വയസ്സുകാരി ജന്‍മം നല്‍കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം

ഭ്രൂണത്തിന് 30 ആഴ്ച വളര്‍ച്ചയെത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അമ്മ തിരിച്ചറിഞ്ഞത്.
10 വയസ്സുകാരി ജന്‍മം നല്‍കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം

ചണ്ഡീഗഡ്: ബലാത്സംഗത്തിനിരയായ പത്ത് വയസ്സുകാരി കുഞ്ഞിനു ജന്‍മം നല്‍കിയ സംഭവത്തില്‍ കുഞ്ഞ് പ്രതിയായ ബന്ധുവിന്റേതല്ലെന്ന് ഡിഎന്‍എ പരിശോധനാ ഫലം. പ്രതിയുടെ അഭിഭാഷകനാണ് പീഢനത്തിനിരയായ പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിയുടെ ഡിഎന്‍എ പ്രതിയുടേതുമായി ഒത്തുപോകുന്നില്ലെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് . 

10 വയസുകാരിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് പോലീസ് കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. ബന്ധു തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. തുടര്‍ച്ചയായുള്ള പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെങ്കിലും ഭ്രൂണത്തിന് 30 ആഴ്ച വളര്‍ച്ചയെത്തിയപ്പോഴായിരുന്നു ഇത് തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മാനുഷിക പരിഗണന വെച്ച് ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ വരെ ഹര്‍ജിയെത്തിയ കേസായിരുന്നു ഇത്. എന്നാല്‍ വിദഗ്ധാഭിപ്രായം പരിഗണിച്ച് കോടതി ഇതിനുള്ള അനുമതി നിഷേധിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 17ന് പെണ്‍കുട്ടി പ്രസവിച്ചു. 

കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിചാരണക്കോടതിയില്‍ എത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം നവജാത ശിശുവിന്റെയും പ്രതിയുടെയും ഡിഎന്‍എ ഒത്തുചേരുന്നില്ലെന്നാണ് പ്രതിയുടെ അഭിഭാഷകന്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം കേസിലെ പുതിയ വഴിത്തിരിവിനെക്കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com