സംഘടനാ റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച ; പിബിയിലെയും കേന്ദ്രകമ്മിറ്റിയിലെയും മാറ്റങ്ങളിലും തീരുമാനമായേക്കും

സംഘടനാ റിപ്പോർട്ടിന്മേൽ ഇന്ന് ചർച്ച ; പിബിയിലെയും കേന്ദ്രകമ്മിറ്റിയിലെയും മാറ്റങ്ങളിലും തീരുമാനമായേക്കും

എസ് രാമചന്ദ്രൻപിള്ള ഇന്നലെ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും

ഹൈദരാബാദ്: സിപിഎം പാർട്ടി കോൺ​ഗ്രസ് ഹൈദരാബാദിൽ തുടരുന്നു. പിബി അം​ഗം എസ് രാമചന്ദ്രൻപിള്ള ഇന്നലെ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും. സംഘടന റിപ്പോർട്ടിന്മേൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും അം​ഗീകാരം നൽകുക. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ  കേരളത്തില്‍ നിന്ന് എംബി രാജേഷ്, പി സതിദേവി, കെ. ചന്ദ്രന്‍ പിള്ള എന്നിവരാണ് പങ്കെടുത്ത് സംസാരിക്കുന്നത്.

തുടർന്ന് പുതിയ പോളിറ്റ് ബ്യുറോയെയും കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുക്കാനായി വൈകീട്ട് നിലവിലെ പോളിറ്റ് ബ്യുറോയുടെ യോ​ഗം ചേരും. പ്രായം കണക്കിലെടുത്ത് പൊളിറ്റ് ബ്യുറോയില്‍ നിന്ന് എസ് രാമചന്ദ്രന്‍ പിള്ളയും എകെ പത്മനാഭനും ഒഴിഞ്ഞേക്കും. ഇവർക്ക് പകരം പാർട്ടിയുടെ പരമോന്നത സമിതിയിലേക്ക് കൊണ്ടു വരുന്നവരുടെ കാര്യം ചർച്ചയാകും. മഹാരാഷ്ട്രയിലെ ഐതിഹാസിക കർഷകമാർച്ചിന് നേതൃത്വം നൽകിയ അശോക് ധാവ്ളയെ പിബിയിലേക്ക് കൊണ്ടുവരണമെന്ന വാദം ശക്തമായിട്ടുണ്ട്. 

എസ്ആർപിയുടെ ഒഴിവിൽ കേരളത്തിൽ നിന്ന് പുതിയ പ്രതിനിധി ഉണ്ടാകുമോ എന്നതും ഏവരും ഉറ്റുനോക്കുന്നു. കേന്ദ്രകമ്മിറ്റി അം​ഗങ്ങളായ എ കെ ബാലൻ, എ വിജയരാഘവൻ, പി കരുണാകരൻ, ഡോ. തോമസ് ഐസക്ക് തുടങ്ങിയവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ദലിത് പ്രാതിനിധ്യം എന്നതാണ് ബാലനെ ഉയർത്തിക്കാട്ടുന്നവർ ചൂണ്ടിക്കാട്ടുന്നത്. 

നിലവിൽ കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായ വി എസ് അച്യുതാനന്ദനെ ആ പദവിയിൽ നിലനിർത്തിയേക്കും. വിഎസിനെ ഒഴിവാക്കരുതെന്ന നിലപാടാണഅ യെച്ചൂരിക്കുള്ളത്. അതേസമയം കേന്ദ്രകമ്മിറ്റിയിൽ നിന്നും പി കെ ​ഗുരുദാസൻ ഒഴിയും. പകരം എം വി ​​ഗോവിന്ദൻ മാസ്റ്റർ, ബേബിജോൺ, ആനത്തലവട്ടം ആനന്ദൻ തുടങ്ങിയ പേരുകൾ പറ‍ഞ്ഞുകേൾക്കുന്നു. 

പുതിയ ജനറൽ സെക്രട്ടറി, പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അം​ഗങ്ങൾ എന്നിവരെ പാർട്ടി കോൺ​ഗ്രസ് നാളെ പ്രഖ്യാപിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി തുടർന്നേക്കുമെന്നാണ് സൂചന. എന്നാൽ അവസാന നിമിഷം കാരാട്ട് വിഭാ​ഗം കളിച്ചാൽ യെച്ചൂരിക്ക് പകരം മറ്റാരെങ്കിലും ജനറൽ സെക്രട്ടറിയാകാനും സാധ്യതയുണ്ട്.  

രാഷ്ട്രീയ പ്രമേയം ഇന്നലെ പാർട്ടി കോൺ​ഗ്രസ് വോട്ടെടുപ്പോടെ അം​ഗീകരിച്ചിരുന്നു. കോൺ​ഗ്രസുമായി ധാരണ വേണ്ടെന്ന കാരാട്ട് അവതരിപ്പിച്ച ഔദ്യോ​ഗിക പ്രമേയത്തിലെ ഭാ​ഗം ഒഴിവാക്കിയാണ് രാഷ്ട്രീയ പ്രമേയം അം​ഗീകരിച്ചത്. ഇതോടെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് സ്വീകരിക്കാമെന്ന നിര്‍ണായക തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com