യെച്ചൂരിയെ പിന്തുണച്ച് വീണ്ടും വി എസ്;  വോട്ടെടുപ്പ് നടത്തണം, കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കാനാവില്ല

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് വീണ്ടും മുതിര്‍ന്ന നേതാവ് വി എസ് അച്യൂതാനന്ദന്‍.
യെച്ചൂരിയെ പിന്തുണച്ച് വീണ്ടും വി എസ്;  വോട്ടെടുപ്പ് നടത്തണം, കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കാനാവില്ല

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് വീണ്ടും മുതിര്‍ന്ന നേതാവ് വി എസ് അച്യൂതാനന്ദന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കാനാവില്ലെന്ന് വി എസ് അച്യൂതാനന്ദന്‍ പറഞ്ഞു. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതിയിലെ ഉളളടക്കം. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം വോട്ടെടുപ്പ് സംബന്ധിച്ച തര്‍ക്കം മുറുകുന്ന പശ്ചാത്തലത്തില്‍ പൊളിറ്റ് ബ്യൂറോ യോഗം ചേരുകയാണ്. വോട്ടെടുപ്പ് സംബന്ധിച്ച തീരുമാനം എടുക്കാനാണ് യോഗം ചേരുന്നതെന്നാണ് സൂചന. 

നേരത്തെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യബാലറ്റെന്ന പതിവില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭേദഗതികളില്‍ വോട്ടെടുപ്പ് എങ്ങനെ വേണമെന്നതിനെ കുറിച്ച് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. ഭേദഗതികളില്‍ രഹസ്യ വോട്ടെടുപ്പ് നടത്തണമെന്ന യെച്ചൂരി പക്ഷത്തിന്റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു പ്രകാശ് കാരാട്ട്.

ഭേദഗതികളില്‍ ഇതിന് മുന്‍പും വോട്ടെടുപ്പ് നടന്നിട്ടുണ്ട്. അതെല്ലാം കൈപൊക്കിയുളള വോട്ടെടുപ്പ് മാത്രമായിരുന്നുവെന്നും കാരാട്ട് പറഞ്ഞു.

പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അതില്‍ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേര്‍തിരിവില്ലെന്നും കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.ബദല്‍ രേഖ തളളിയാലും സീതാറാം യെച്ചൂരിക്ക് ജനറല്‍ സ്ഥാനത്ത് തുടരാമെന്നും കാരാട്ട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com