അണികള്‍ കൂട്ടത്തോടെ കൂടുമാറി ; ബിജെപി ഓഫീസ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫീസായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th April 2018 09:13 AM  |  

Last Updated: 30th April 2018 09:13 AM  |   A+A-   |  

 

ബംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പാര്‍ട്ടി അണികള്‍ കൂട്ടത്തോടെ കൂടുമാറിയതോടെ ഒറ്റദിവസം കൊണ്ട് ബിജെപി ഓഫീസ് തന്നെ കോണ്‍ഗ്രസ് ഓഫീസായി മാറി. മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഓഫീസാണ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫീസായി മാറിയത്. 

ബിജെപി നേതൃത്വത്തിന്റെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി അണികളുടെ കൂട്ടത്തോടെയുള്ള കൂടുമാറ്റം. നേരത്തെ മുന്‍ മുക്യമന്ത്രി എസ് എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍, നിരവധി അനുയായികളും നാട്ടുകാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. 

എന്നാല്‍ ബിജെപിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയോടെ ഇവര്‍ തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു. ഭൂരിഭാഗം ആളുകളും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതോടെ, താലൂക്ക് യൂണിറ്റ് ഓഫീസിന്റെ ബിജെപി ബോര്‍ഡ് മാറ്റി, കോണ്‍ഗ്രസ് ബോര്‍ഡും ഇവര്‍ സ്ഥാപിച്ചു.