നീരവ് മോദി രാജ്യം വിട്ടു; നീരവ് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്;  ബിജെപി പ്രതിരോധത്തില്‍

പിഎന്‍ബി തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ലോകസാമ്പത്തിക ഫോറം യോഗത്തിനിടെ ദാവോസില്‍ പ്രധാനമന്ത്രിയുമായി നീരവ് കൂടിക്കാഴ്ച നടത്തിയത്.
നീരവ് മോദി രാജ്യം വിട്ടു; നീരവ് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്;  ബിജെപി പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. നീരവിനെതിരെ ആദ്യതട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത ജനുവരി 31ന് തൊട്ടുമുന്‍പ് ഇയാള്‍ ഇന്ത്യ വിട്ടതായാണ് സൂചന. അതേസമയം നീരവ് ഇന്ത്യവിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പുറത്ത് വിട്ടു.

പിഎന്‍ബി തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ലോകസാമ്പത്തിക ഫോറം യോഗത്തിനിടെ ദാവോസില്‍ പ്രധാനമന്ത്രിയുമായി നീരവ് കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ വിട്ട നീരവ് പ്രധാനമന്ത്രിയ്‌ക്കൊപ്പം നിന്ന് കൂടിക്കാഴ്ചയില്‍ ഫോട്ടോയെടുത്തതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് ബാങ്ക് തട്ടിപ്പ് നടത്തുന്നവര്‍ രക്ഷപ്പെടുന്നത് ഓരേ രീതിയിലാണ്. മോദി സര്‍ക്കാരാണ് ഇവരെ സഹായിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

ബിജെപി സര്‍ക്കാരിന്റെ അറിവില്ലാതെയാണോ വിജയ്മല്യ രാജ്യം വിട്ടതെന്ന് വിശ്വസിക്കാനാവുമോയെന്ന്, നീരവ് മോദി രാജ്യം വിട്ട വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

തട്ടിപ്പ് നടത്തിയത് ഇങ്ങനെ

നീരവ് മോദിയുടെയും പങ്കാളികളുടെയും പേരിലുള്ള ഡയമണ്ട് ആര്‍ യു, സോളാര്‍ എക്‌സ്‌പോര്‍ട്‌സ്, സ്‌റ്റെല്ലാര്‍ ഡയമണ്ട്‌സ് എന്നീ കമ്പനികള്‍ക്ക് വിദേശത്തുനിന്ന് ഇറക്കുമതിക്കായി ഹ്രസ്വകാല വായ്പ ലഭിക്കാന്‍ ജാമ്യച്ചീട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുനടന്നത്.

ജനുവരി 16ന് ജാമ്യച്ചീട്ട് ലഭ്യമാക്കാനാവശ്യപ്പെട്ട് നീരവ് ബാങ്കിനെ സമീപിച്ചു. ജാമ്യച്ചീട്ട് നല്‍കാന്‍ ബാങ്കുദ്യോഗസ്ഥര്‍ 100 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതായി ബാങ്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയം, ഇതേ സൗകര്യം മുന്‍പ് ലഭിച്ചിരുന്നതായി നീരവ് വെളിപ്പെടുത്തി. എന്നാല്‍, ശാഖയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ സ്ഥാപനങ്ങള്‍ക്ക് മുന്‍പ് ജാമ്യച്ചീട്ട് നല്‍കിയതായി കണ്ടെത്താനായില്ല.

2010 മാര്‍ച്ച് 31 മുതല്‍ ഈ ശാഖയില്‍ ഡെപ്യൂട്ടി മാനേജരായുള്ള ഗോകുല്‍നാഥ് ഷെട്ടി, മറ്റൊരു ജീവനക്കാരന്‍ മനോജ് ഖരാത്തുമായി ചേര്‍ന്ന് നീരവിന് ജാമ്യച്ചീട്ട് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടുകള്‍ കണ്ടെത്താതിരിക്കാന്‍ ബാങ്കിന്റെ രേഖകളില്‍ ഇത് ചേര്‍ത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

മറ്റ് മൂന്ന് ബാങ്കുകള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്. പി.എന്‍.ബി.യുടെ ജാമ്യച്ചീട്ടിന്റെ അടിസ്ഥാനത്തില്‍ ഈ മൂന്ന് ബാങ്കുകളും നീരവ് മോദിയുടെ കമ്പനികള്‍ക്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനംചെയ്തിരുന്നു. ഈ ബാങ്കുകളുടെ വിദേശത്തുള്ള ശാഖകള്‍ നീരവ് മോദിയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഷോറൂമുകള്‍ക്ക് വന്‍ വായ്പകള്‍ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com