'ഹിന്ദു പാകിസ്ഥാന്‍': ബോധമുള്ളയാളാണ് ശശി തരൂര്‍; പറഞ്ഞതെന്തെന്ന് വായിക്കാതെ തരൂരിന് പിന്തുണയുമായി ഹമീദ് അന്‍സാരി 

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്ന വിവാദ പ്രസ്താവനയില്‍ ശശി തരൂരിന് പിന്തുണയുമായി മുന്‍ ഉപരാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ ഹമീദ് അന്‍സാരി
'ഹിന്ദു പാകിസ്ഥാന്‍': ബോധമുള്ളയാളാണ് ശശി തരൂര്‍; പറഞ്ഞതെന്തെന്ന് വായിക്കാതെ തരൂരിന് പിന്തുണയുമായി ഹമീദ് അന്‍സാരി 

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്ന വിവാദ പ്രസ്താവനയില്‍ ശശി തരൂരിന് പിന്തുണയുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ശശി തരൂര്‍ എന്താണ് പറഞ്ഞതെന്ന് താന്‍ വായിച്ചില്ലെന്നു വ്യക്തമാക്കിയ അന്‍സാരി, തരൂരിന് പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചത്. 

തരൂര്‍ വിവരമുള്ള മനുഷ്യനാണ്. എന്താണ് താന്‍ പറയാന്‍ പോകുന്നതൈന്ന് അത് പറയുന്നതിന് മുമ്പേ അദ്ദേഹം ആലോചിച്ചിട്ടുണ്ടാകുമെന്നും അന്‍സാരി പറഞ്ഞു.  ശശി തരൂരിന്റെ വാക്കുകള്‍ നിയന്ത്രിക്കണമായിരുന്നുവെന്നുള്ള കോണ്‍ഗ്രസിന്റെ നിപാട് വന്നതിന് പിന്നാലെയാണ് ഹമീദ് അന്‍സാരി പിന്തുണയുമായി രംംഗത്ത് വന്നിരിക്കുന്നത്. 

ശശി തരൂരിന് തന്റെ വീക്ഷണങ്ങള്‍ പറയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തായിരുന്നു ശശി തരൂര്‍ തന്റെ വിവാദ പരാമര്‍ശം നടത്തിയത്. ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ ഭരണഘടനയാവും ബിജെപി പുതിയതായി നിര്‍മ്മിച്ചെടുക്കുന്നത്. അതിനാവശ്യമായ എല്ലാ സാധ്യതകളും ഇന്ന് ബിജെപിയെന്ന വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കൈവശം ഉണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ എടുത്ത് കളയാനും അവര്‍ മടിക്കില്ലെന്നും തരൂര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു സ്ഥിതിയിലേക്ക് എത്തുന്നതിന് വേണ്ടിയല്ല മഹാത്മഗാന്ധിയും നെഹ്‌റുവുമൊന്നും പോരാടിയതെന്നും തരൂര്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നതിനെക്കാള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രീയ പ്രചരണയോഗങ്ങളിലാണ് താത്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു. ഇചിനെതിരെ ബിജെപി കടുത്ത പ്രതിഷേധമുയര്‍ത്തി രംഗത്തെത്തി. 

ശശി തരൂരിന്റെ നിലപാട് തള്ളിയ നേതാവ് രണ്‍ജീപ് സിങ് സുര്‍ജേവാല നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച്  പ്രയോഗിക്കണം എന്നാണ് നിലപാടെടുത്തത്. ഇന്ത്യയുടെ മുല്യങ്ങളും അടിസ്ഥാന തത്വങ്ങളുമാണ് നമ്മുടെ രാജ്യത്തിന്റെ ആധുനികതയില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുന്നത്. അതാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവരില്‍ അര്‍പ്പിതമായ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി ശശി തരൂര്‍ രംഗത്തെത്തി. ഞാന്‍ മുമ്പും ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്ഥാന്റെ തനിപ്പകര്‍പ്പാണ്.

മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമാകും അത്. അതൊരു ഹിന്ദു പാക്കിസ്ഥാന്‍ ആയിരിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടന്നത് അതിനുവേണ്ടിയായിരുന്നില്ല. ഭരണഘടനയില്‍ പവിത്രമായി സൂക്ഷിക്കുന്ന ഇന്ത്യയെന്ന സങ്കല്‍പം അതല്ല താനും. പാക്കിസ്ഥാന്റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കാത്തു സൂക്ഷിക്കുകയാണു വേണ്ടത്തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.അതേസമയം തരൂരിന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com