കര്‍ണാടകയില്‍ ജെഡിഎസ് ബിജെപി ക്യാംപിലേക്ക് ? ; സാധ്യത തള്ളാതെ കുമാരസ്വാമി

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കു നിയമസഭ ഉണ്ടായാല്‍ ബിജെപിയുമായി വീണ്ടും കൂട്ടുകൂടുമെന്ന് എച്ച് ഡി കുമാരസ്വാമി സൂചന നല്‍കി
കര്‍ണാടകയില്‍ ജെഡിഎസ് ബിജെപി ക്യാംപിലേക്ക് ? ; സാധ്യത തള്ളാതെ കുമാരസ്വാമി

ബംഗലൂരു : നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ ജനതാദള്‍ എസ് വീണ്ടും ബിജെപി പാളയത്തിലേക്ക് അടുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കു നിയമസഭ ഉണ്ടായാല്‍ ബിജെപിയുമായി വീണ്ടും കൂട്ടുകൂടുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി സൂചന നല്‍കി. കോണ്‍ഗ്രസിനെ എങ്ങനെയും ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക ലക്ഷ്യമിട്ടാണ് ഈ നിലപാടിലേക്ക് പാര്‍ട്ടി നീങ്ങുന്നതെന്ന് കുമാരസ്വാമി വ്യക്തമാക്കി. 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ ഏക സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നിഷേധിച്ചതാണ് ജനതാദളിനെ പ്രകോപിപ്പിച്ചത്. ജെഡിഎസിന്റെ ആവസ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളുകയായിരുന്നു. കോണ്‍ഗ്രസ് പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജെഡിഎസ്, ബിജെപിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

കുമാരസ്വാമി ബിജെപി നേതാവ് യെദ്യൂരപ്പയ്‌ക്കൊപ്പം
കുമാരസ്വാമി ബിജെപി നേതാവ് യെദ്യൂരപ്പയ്‌ക്കൊപ്പം

2004 ല്‍ ജെഡിഎസ് കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ 2006 ല്‍ ജെഡിഎസ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം ചേരുകയായിരുന്നു. 20: 20 എന്ന കരാര്‍ പ്രകാരമായിരുന്നു ബിജെപി-ജെഡിഎസ് കൂട്ടുകക്ഷി ഭരണം. 20 മാസം ജെഡിഎസ് ഭരണത്തിന് നേതൃത്വം നല്‍കും. അടുത്ത 20 മാസം മുഖ്യമന്ത്രിപദം ബിജെപിക്ക് കൈമാറുക എന്നതായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി രാജിവെക്കാതിരുന്നതാണ് സഖ്യം തകരാന്‍ കാരണമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com