യെദ്യൂരപ്പയുടെ വിധി ഇന്നറിയാം: ആകാംക്ഷയോടെ രാജ്യം 

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമോ എന്ന് ഇന്നറിയാം
യെദ്യൂരപ്പയുടെ വിധി ഇന്നറിയാം: ആകാംക്ഷയോടെ രാജ്യം 

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമോ എന്ന് ഇന്നറിയാം. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നു വീണ്ടും വാദം കേള്‍ക്കാനാരിക്കെ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യം. 
ഭൂരിപക്ഷമുണ്ടെന്ന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഇന്ന് പത്തുമണിക്കു മുമ്പ് ഹാജരാക്കാനാണ് ബിജെപിയോട് മൂന്നംഗം ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കിലോ കത്തിലെ വസ്തുതകള്‍ കോടതിക്ക് ബോധ്യപ്പെട്ടില്ലെങ്കിലോ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ അസാധുവാക്കാനും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള തീരുമാനം റദ്ദാക്കാന്‍ കഴിയുമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. 

113 എംഎല്‍എമാരാണ് കേവലഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. എന്നാല്‍ ബിജെപിക്ക് 104 എംഎല്‍എമാരെയുള്ളു. 117പേരുടെ ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാക്കുന്ന കത്താണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നത്. ഇത് പരിഗണിക്കാതെയാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടിയും കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. 

അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അംഗസംഖ്യ ഇല്ലെങ്കില്‍ സുപ്രീംകോടതി രണ്ട് സാധ്യതകള്‍ പരിഗണിച്ചേക്കാം. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതിക്ക് വിലയിരുത്താം. അങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞ അസാധുവാക്കി കോടതി ഇടക്കാലവിധി പുറപ്പെടുവിക്കും. അതുമല്ലെങ്കില്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടരുതെന്ന കേന്ദ്രവാദം അംഗീകരിക്കാം. ഇത് അംഗീകരിച്ചാല്‍ പോലും ഭൂരിപക്ഷം തെളിയിക്കുന്നതിന് ഗവര്‍ണര്‍ നല്‍കിയ കാലപരിധി സുപ്രീംകോടതി വെട്ടിക്കുറച്ചേക്കാം.സമീപകാലത്ത് സമാനമായ കേസുകളിലെല്ലാം ഈ സമീപനമാണ് കോടതി സ്വീകരിച്ചതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് ഒരുമാസത്തിന്റെയും പതിനഞ്ചു ദിവസത്തേയുംം ഒക്കെ സമയം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെങ്കിലും ഇടക്കാലത്തൊന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അധികം സമയം രാഷ്ട്രീയ കക്ഷികള്‍ക്ക് കോടതി അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ബിജെപി സഖ്യകക്ഷികളുമായിച്ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി. തുടര്‍ന്നു മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയായി നിയമിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തി. 2017 മാര്‍ച്ച് 12നായിരുന്നു പരീക്കറെ നിയമിച്ചത്. 16ാം തീയതി തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് അന്ന് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍ എന്നിവര്‍ വിധിച്ചത്. അതുപോലൊരു തീരുമാനമാണ് കര്‍ണാടകയിലും സുപ്രീംകോടതി സ്വീകരിക്കുന്നതെങ്കില്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് വെറുതേയാകും. മാത്രവുമല്ല ഗോവ കേസില്‍ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് കോണ്‍ഗ്രസ് കോടതിയില്‍ ധരിപ്പിച്ചിട്ടുമുണ്ട്.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 15 ദിവസമാണ് ഗവര്‍ണര്‍ ബിജെപിക്ക് നല്‍കിയത്. എന്തിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തെ സമയം നല്‍കിയത് എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എതിര്‍പക്ഷത്തെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപിക്ക് ഒറ്റ ദിവസംകൊണ്ട് കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണറുടെ ഉദ്ദേശ ശുദ്ധി പൂര്‍ണമായും ചോദ്യം ചെയ്യപ്പെടുകയുണ്ടാകും. ഗവര്‍ണ്ണറുടെ തീരുമാനം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ പരാതിക്കാര്‍ക്കായാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സുപ്രിംകോടതിക്കാവും.

കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ വെറും ഏഴുദിവസം മതി, എന്നാല്‍ ബിജെപിക്ക് പതനനഞ്ച് ദിവസം നല്‍കിയത് തികഞ്ഞ രാഷ്ട്രീയമാണ് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അനിശ്ചിതത്വം തുടര്‍ന്നാല്‍ ഭരണം ആര് നിയന്ത്രിക്കും എന്ന ചോദ്യവും സുപ്രീംകോടതി ചോദിച്ചിരുന്നു. കോണ്‍ഗ്രസ് മതിയായ രേഖകളില്ലാതെ ഗവര്‍ണറെ സമീപിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com