ആധാറിന് അംഗീകാരം ; വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിന് വിലക്ക് , സുപ്രീംകോടതിയുടെ ചരിത്രവിധി

ആധാര്‍ നിയമത്തിലെ രണ്ട് സുപ്രധാന വകുപ്പുകള്‍ കോടതി റദ്ദാക്കി. 
ആധാറിന് അംഗീകാരം ; വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിന് വിലക്ക് , സുപ്രീംകോടതിയുടെ ചരിത്രവിധി


ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത സുപ്രിംകോടതി അംഗീകരിച്ചു. അതേസമയം ആധാര്‍ നിയമത്തിലെ രണ്ട് സുപ്രധാന വകുപ്പുകള്‍ കോടതി റദ്ദാക്കി. സ്വകാര്യ കമ്പനികള്‍ക്ക് ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ ആവശ്യപ്പെടാമെന്ന 55 ആം വകുപ്പ് കോടതി റദ്ദാക്കി. സ്വകാര്യ ബാങ്കുകള്‍ക്കുും ഈ ഉത്തരവ് ബാധകമാണ്. കൂടാതെ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറുന്നതിലുള്ള ആധാറിലെ 33 ആം വകുപ്പുമാണ് കോടതി റദ്ദാക്കിയത്. 

ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.ഏകീകൃത തിരിച്ചറിയല്‍ സംവിധാനം നല്ലതെന്ന് ജസ്റ്റിസ് എ കെ സിക്രി അഭിപ്രായപ്പെട്ടു. ഒറ്റഐഡന്റിറ്റി ഉണ്ടാക്കുന്നത് നല്ലകാര്യം. ആധാറില്‍ കൃത്രിമം അസാധ്യം. പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍  സഹായകരമാണ്. 

ചുരുങ്ങിയ വിവരങ്ങളേ ശേഖരിക്കുന്നുള്ളൂ. ആധാര്‍ എന്റോള്‍മെന്റ് കുറ്റമറ്റതെന്ന് ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു. ആധാറിന് ആവശ്യമായ സംരക്ഷണ  സ്വകാര്യ കമ്പനികള്‍ക്ക് ആദാര്‍ നിര്‍ബന്ധമാക്കരുത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ സഹായകരമെന്നും കോടതി ഉത്തരവിട്ടു. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണ്. ഡ്യൂപ്ലിക്കേറ്റ് കിട്ടാന്‍ വഴിയില്ല. പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മേല്‍ നേരിയ നിയന്ത്രണമാകാമെന്നും ജസ്റ്റിസ് സിക്രി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസ് സിക്രിയുടെ വാദത്തോട് യോജിച്ചു. 

സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ദിവസം വാദം കേട്ട രണ്ടാമത്തെ കേസാണ് ആധാറിന്റേത്. ജനുവരി 17 മുതല്‍ 38 ദിവസങ്ങളിലായാണ് കേസില്‍ വാദം കേട്ടത്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇതു നിര്‍ബന്ധമാക്കുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് സുപ്രിം കോടതിയുടെ പരിഗണിച്ചത്. ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരാണ് കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിലെ  മറ്റംഗങ്ങള്‍. 

വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും അടക്കം ആധാറിനെതിരെ 27 ഓളം ഹര്‍ജികളാണ് സുപ്രിംകോടതിയിലെത്തിയത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ആധാര്‍ ലംഘിക്കുവെന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. പ്രതിപക്ഷ എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ മണി ബില്ലായാണ് ആധാര്‍ നിയമം അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി.  അതേസമയം ആധാറിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ക്ഷേമപദ്ധതികള്‍ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് വേണ്ടിയാണ് ആധാര്‍ നടപ്പിലാക്കിയതെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു. 

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നേരത്തെ സുപ്രിം കോടതി അനിശ്ചിതമായി നീട്ടിയിരുന്നു. ആധാറില്ലാത്തതുകൊണ്ട് വ്യക്തികള്‍ക്ക് ഒരു അവകാശവും നിഷേധിക്കാന്‍ പാടില്ലെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ആധാര്‍ കേസില്‍ അന്തിമവിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയത്.ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ്, വിവിധ ഉത്തരവുകളിലായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

നേരത്തെ സ്വകാര്യത ഭരണഘടനാ സംരക്ഷണമുള്ള അവകാശമാണോ എന്ന് തീരുമാനിക്കാന്‍ സുപ്രിംകോടതി ഒമ്പതംഗ ഭരണഘടന ബഞ്ചിനെ നിയമിച്ചിരുന്നു. സ്വകാര്യത ഭരണഘടനയാല്‍ സംരക്ഷിക്കപ്പെടേണ്ട അവകാശമാണെന്നായിരുന്നു ആ ബഞ്ചിന്റെ കണ്ടെത്തല്‍. ഒമ്പതംഗ ബഞ്ചാണ് ഏകകണ്ഠമായി സ്വകാര്യത മൗലിക അവകാശമാണെന്നും ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 21 ാം ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നതുമാണെന്ന് കണ്ടെത്തിയത്. നേരത്തെ ഇക്കാര്യത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടന്നാണ് കോടതി പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്.

2009 ലാണ് ആധാര്‍ നടപ്പിലാക്കാന്‍ വേണ്ടി 'യുനിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ' സ്ഥാപിക്കപ്പെട്ടത്. 2016 ലാണ് ആധാര്‍ ആക്ട് പാസ്സാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com