റഫാല്‍ പ്രചാരണായുധമെന്ന് രാഹുല്‍ ; പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ധര്‍ണ ; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍

കബളിപ്പിക്കല്‍, വീമ്പിളക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി
റഫാല്‍ പ്രചാരണായുധമെന്ന് രാഹുല്‍ ; പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ധര്‍ണ ; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍

ന്യൂഡല്‍ഹി : റഫാല്‍ വിമാന ഇടപാടും തൊഴിലില്ലായ്മയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കുമെന്ന് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ എംപിമാര്‍ക്ക് ആ നിര്‍ദേശം നല്‍കിയത്. റഫാല്‍ ഇടപാടില്‍ മുന്‍ സര്‍ക്കാരിന്റെ കരാറിനേക്കാള്‍ ലാഭകരമാണെന്നായിരുന്നു മോദി സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ഇതും കള്ളമാണെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ പറഞ്ഞു. 

യോഗത്തില്‍ സോണിയഗാന്ധിയും നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കബളിപ്പിക്കല്‍, വീമ്പിളക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും യോഗത്തില്‍ പങ്കെടുത്തു. 

അതിനിടെ റഫാല്‍ വിഷയത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റഫാല്‍ ഇടപാട് അന്വേഷിക്കുന്നതിനായി സംയുക്ത പാര്‍ലമെന്ററി സമതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന് മുന്നില്‍ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രതിഷേധിച്ചു. മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചു എന്ന ബാനറും ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. 

റഫാല്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുകളും പ്രതിപക്ഷ പ്രതിഷേധങ്ങളും തുടരുന്നതിനിടെ, ഇതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെച്ചു. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചത്. സിഎജി റിപ്പോര്‍ട്ടില്‍ വിമാനത്തിന്റെ വില വിവരം ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സിഎജി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കാനുള്ളതാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com