വോട്ടിംഗ് മെഷീനെതിരെ തിരിഞ്ഞത് പരാജയ ഭീതി മൂലം ; പ്രതിപക്ഷത്തിന് ആകെയുള്ളത് ഇവിഎം കമ്മിറ്റികള്‍ മാത്രം ; പരിഹാസവുമായി പ്രകാശ് ജാവദേക്കര്‍

പ്രതിപക്ഷ സഖ്യത്തിന് ഒരു നേതാവോ, കാഴ്ചപ്പാടോ ഇല്ല. ജാതീയത, വര്‍ഗീയത, ഭീകരവാദം, തൊഴിലില്ലായ്മ തുടങ്ങിയ ഇല്ലാത്ത ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യം
വോട്ടിംഗ് മെഷീനെതിരെ തിരിഞ്ഞത് പരാജയ ഭീതി മൂലം ; പ്രതിപക്ഷത്തിന് ആകെയുള്ളത് ഇവിഎം കമ്മിറ്റികള്‍ മാത്രം ; പരിഹാസവുമായി പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതി മൂലമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടിംഗ് മെഷീനെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പരാജയം മുന്നില്‍ കാണുകയാണ്. അതിനാലാണ് തൊടുന്യായങ്ങള്‍ ഉന്നയിക്കുന്നത്. ബിജെപി നയിക്കുന്ന എന്‍ഡിഎ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ എത്തും. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകളും സീറ്റുകളും എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു. 

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹാറാലി നടന്നു. എന്നാല്‍ അതില്‍ പ്രകടനപത്രിക കമ്മിറ്റിക്ക് രൂപം നല്‍കിയില്ല. പൊതുമിനിമം പരിപാടി സംബന്ധിച്ച കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടില്ല. അവര്‍ ആകെ രൂപീകരിച്ചത് ഇലക്ട്രോണിംഗ് വോട്ടിംഗ് മെഷീന്‍ കമ്മിറ്റികളാണെന്ന് ജാവദേക്കര്‍ പരിഹസിച്ചു. 

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഒരു നേതാവോ, കാഴ്ചപ്പാടോ ഇല്ല. എന്നാല്‍ എന്‍ഡിഎയ്ക്ക് ഒരു വിഷന്‍ ഉണ്ട്. ജാതീയത, വര്‍ഗീയത, ഭീകരവാദം, തൊഴിലില്ലായ്മ തുടങ്ങിയ ഇല്ലാത്ത ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് സങ്കുചിതമനസ്സുള്ള പാര്‍ട്ടിയായി ചുരുങ്ങിയെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി. 

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ആവേശകരമായ വിജയം നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളിം വോട്ടുകളും സീറ്റുകളും കരസ്ഥമാക്കും. രാജസ്ഥാനില്‍ 25 ലോക്‌സഭ സീറ്റുകളും വിജയിക്കാനാണ് ബിജെപി പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ബിജെപി നേതൃയോഗത്തില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ വിട്ടുനിന്നത്, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഝാല്‍വാറില്‍ പോകേണ്ടി വന്നതിനാലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com