ഭക്ഷണവുമായി വന്നത് അഹിന്ദു: ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് യുവാവ്, തക്ക മറുപടി കൊടുത്ത് സൊമാറ്റോ

'ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് '
ഭക്ഷണവുമായി വന്നത് അഹിന്ദു: ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് യുവാവ്, തക്ക മറുപടി കൊടുത്ത് സൊമാറ്റോ

ന്യൂഡല്‍ഹി: ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മടക്കിയയച്ച യുവാവിന് തക്കതായ മറുപടി കൊടുത്ത് സൊമാറ്റോ. അമിത് ശുക്ലയെന്ന യുവാവാണ് അഹിന്ദുവായ ആളെ ഡെലിവറി ബോയ് ആയി അയയ്ച്ചതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്. 

തുടര്‍ന്ന് തന്റെ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത ഇയാള്‍ സൊമാറ്റോക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് അമിത് ശുകഌതന്റെ വര്‍ഗീയമായ നിലപാട് വ്യക്തമാക്കിയത്. നമോ സര്‍ക്കാര്‍ എന്നാണ് ഇയാളുടെ ട്വിറ്റര്‍ ബയോ. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിയാണിയാള്‍. 

'സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. 

ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട'- ഇങ്ങനെയായിരുന്നു യുവാവിന്റെ ട്വീറ്റ്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അമിതിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. 'ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ' എന്നായിരുന്നു സൊമാറ്റോ റിട്വീറ്റ് ചെയ്തത്. 

'ഇന്ത്യ എന്ന ആശയത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഞങ്ങള്‍, അതിനൊപ്പം, ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ഉപയോക്താക്കളുടേയും പാര്‍ട്‌ണേഴ്‌സിന്റേയും കാര്യത്തിലും. ഞങ്ങളുടെ മൂല്യങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട് ലഭിക്കുന്ന ബിസിനസുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ ഞങ്ങള്‍ക്ക് സങ്കടമില്ല'- സൊമാറ്റോയുടെ സ്ഥാപകന്‍ ദീപിന്‍ന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു.

സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്റെ അടുത്ത അഞ്ച് ഓര്‍ഡറും സൊമാറ്റോയ്ക്കാണ്, ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു, നന്ദി സൊമാറ്റോ, ഇത്തരം വിഡ്ഡികള്‍ക്ക് വഴങ്ങുന്നത് അവരെ കൂടുതല്‍ ശക്തരാക്കാനേ ഉപകരിക്കൂ എന്നിങ്ങനെയായിരുന്നു സൊമാറ്റോയെ അഭിന്ദിച്ച് ആളുകള്‍ ട്വീറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com