മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍; എതിര്‍പ്പുമായി കോണ്‍ഗ്രസ്, പ്രതിപക്ഷ ബഹളം

മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍; എതിര്‍പ്പുമായി കോണ്‍ഗ്രസ്, പ്രതിപക്ഷ ബഹളം

സോണിയാ ഗാന്ധിയെപ്പോലെ ഒരു സ്ത്രീ നേതാവായി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇത്തരിത്തിലൊരു സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് വേദനാ ജനകം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ എതിര്‍പ്പിനിടെ മുത്തലാഖ് ബില്‍ വീണ്ടും ലോക്‌സഭയില്‍. ഒറ്റയടിക്കുള്ള മുത്തലാഖ് നിരോധിക്കുന്നതു ലക്ഷ്യമിട്ടുള്ള ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വോട്ടെടുപ്പിലൂടെയാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്.

രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിക്കാനായി എഴുന്നേറ്റയുടനെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ക്കുകയായിരുന്നു. മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും അവതരണാനുമതി നല്‍കരുതെന്നും കോണ്‍ഗ്രസ് അംഗം ശശി തരൂര്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നതോടെ ബില്‍ അവതരണം തടസപ്പെട്ടു. നിയമ നിര്‍മാണത്തിനാണ് ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നതന്നും ബില്‍ അവതരിപ്പിക്കുക തന്നെ ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. തുടര്‍ന്നു പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്നു.

എഴുപത്തി നാലിന് എതിരെ 186 വോട്ടിനാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. പുതിയ അംഗങ്ങള്‍ക്കായി ഇലക്ട്രോണിക് സംവിധാനം സജ്ജമല്ലാത്തതിനാല്‍ പേപ്പര്‍ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. 

മുത്തലാഖ് ബില്ലിന് മതവുമായി ഒരു ബന്ധവുമില്ലെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സ്ത്രീകള്‍ക്കു നീതി നല്‍കുക, അവരുടെ അന്തസ് ഉയര്‍ത്തുക, അവരെ ശാക്തീകരിക്കുക. ഇതു മാത്രമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സോണിയാ ഗാന്ധിയെപ്പോലെ ഒരു സ്ത്രീ നേതാവായി ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇത്തരിത്തിലൊരു സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് വേദനാ ജനകം മാത്രമല്ല, ഖേദകരം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ മുത്തലാഖ് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. അന്ന് ഇറങ്ങിപ്പോവുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇപ്പോള്‍ ഒവൈസിയെപ്പോലുള്ളവരുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോക്്‌സഭ പാസാക്കിയെങ്കിലും മുത്തലാഖ് ബില്‍ രാജ്യസഭ കടന്നിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ലോക്‌സഭയില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com