ചീഫ് ജസ്റ്റിസിന് ക്ലീന്‍ചിറ്റ് : സുപ്രിംകോടതിക്ക് മുന്നില്‍ സ്ത്രീകൂട്ടായ്മയുടെ പ്രതിഷേധം

വാട്‌സ് ആപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരവധി വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി
ചീഫ് ജസ്റ്റിസിന് ക്ലീന്‍ചിറ്റ് : സുപ്രിംകോടതിക്ക് മുന്നില്‍ സ്ത്രീകൂട്ടായ്മയുടെ പ്രതിഷേധം

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനപരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളിയ ആഭ്യന്തര അന്വേഷണ സമിതിയുടെ തീരുമാനത്തിനെതിരെ സുപ്രിംകോടതിക്ക് മുന്നില്‍ സ്ത്രീകൂട്ടായ്മയുടെ പ്രതിഷേധം. വാട്‌സ് ആപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിരവധി വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ സമിതി ഇന്നലെയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പരാതി സമിതി തള്ളുകയും ചെയ്തു. 

ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ തന്നെ, സമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് വാട്‌സ് ആപ്പില്‍ സന്ദേശം പ്രചരിച്ചിരുന്നു. ഇതിന്‍രെ പശ്ചാത്തലത്തില്‍ സുപ്രിംകോടതിയില്‍ രാവിലെ മുതല്‍ വന്‍സുരക്ഷാസന്നാഹവും ഒരുക്കിയിരുന്നു. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാത്തതിലാണ് പ്രതിഷേധം.

സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ആഭ്യന്തര അന്വേഷണ സമിതിയാണ് സുപ്രിംകോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ പരാതി തള്ളിയത്. ചീഫ് ജസ്റ്റിസ് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് യുവതി സുപ്രിംകോടതിയിലെ ജഡ്ജിമാര്‍ക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com