മൂക്കുത്തി വിറ്റ് പഠിപ്പിച്ച അമ്മ; പട്ടിണിയോട് പടവെട്ടി പഠനം; യൂണിറ്റ് രൂപീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കാവിക്കോട്ടയില്‍ എസ്എഫ്‌ഐക്കൊടി പാറിച്ച ചിത്തരഞ്ജന്റെ ജീവിതം

2009ല്‍ ആരംഭിച്ച് പത്തുവര്‍ഷക്കാലം എല്ലാ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എബിവിപിയുടെ കാവിക്കൊടി മാത്രം പാറിയ സര്‍വകലാശാലയാണ് ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി.
മൂക്കുത്തി വിറ്റ് പഠിപ്പിച്ച അമ്മ; പട്ടിണിയോട് പടവെട്ടി പഠനം; യൂണിറ്റ് രൂപീകരിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ കാവിക്കോട്ടയില്‍ എസ്എഫ്‌ഐക്കൊടി പാറിച്ച ചിത്തരഞ്ജന്റെ ജീവിതം

2009ല്‍ ആരംഭിച്ച് പത്തുവര്‍ഷക്കാലം എല്ലാ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും എബിവിപിയുടെ കാവിക്കൊടി മാത്രം പാറിയ സര്‍വകലാശാലയാണ് ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി. ആര്‍എസ്എസിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന സംസ്ഥാനത്തെ എബിവിപി ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടാണ് സര്‍വകലാശാലയില്‍ ഇത്തവണ ഇടതുവിദ്യാര്‍ത്ഥി സഖ്യം വിജയത്തിലെത്തിയത്. പ്രധാനപ്പെട്ട അഞ്ചു സീറ്റും എബിവിപിക്ക് നഷ്ടപ്പെട്ടപ്പോള്‍, എസ്എഫ്‌ഐ-ബാപ്‌സ സഖ്യം അധികാരത്തിലെത്തിയത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. 

2019ലാണ് എസ്എഫ്‌ഐ സര്‍വകലാശാലയില്‍ യൂണിറ്റ് ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം നേടിയ വലിയ വിജയം ചരിത്രമായാണ് ഇടത് ക്യാമ്പുകള്‍ അടയാളപ്പെടുത്തുന്നത്. 21കാരനായ ബിഎ ജര്‍മന്‍ വിദ്യാര്‍ത്ഥി ചിത്തരഞ്ജനാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 

'കാലങ്ങളായി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ എബിവിപിയെയാണ് പിന്തുണക്കുന്നത്. അവര്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചുവരികയായിരുന്നു. അവസാനം ഇത് തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കെതിരെ വോട്ടു ചെയ്യുകയായിരുന്നു'- ചിത്തരഞ്ജന്‍ പറയുന്നു. 

ബിഹാറിലെ ഗയയില്‍ നിന്ന് 56കിലോമീറ്റര്‍ ഉള്ളിലുള്ള ഗ്രാമത്തില്‍ നിന്നാണ് ചിത്തരഞ്ജന്‍ യൂണിവേഴ്‌സിറ്റിയിലെത്തിയത്. ഐഎഎസ് ഓഫീസര്‍ ആകണമെന്നാണ് ആഗ്രഹം. ട്രക്ക് ഡ്രൈവറായ അച്ഛന്‍ പത്തുവര്‍ഷമം മുമ്പ് അസുഖം കാരണം ജോലിക്കു പോകുന്നത് അവസാനിപ്പിച്ചിരുന്നു. പട്ടിണിയും ദുരിതവും ഒരുപാട് അനുഭവിച്ചിട്ടുണ്ട് എസ്എഫ്‌ഐക്കാരുടെ ഈ തിപ്പൊരി സഖാവ് ഇക്കാലയളവില്‍. ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ തന്നെയും സഹോദരനെയും പലപ്പോഴും സ്‌കൂളില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നും ചിതതരഞ്ജന്‍ ഓര്‍ക്കുന്നു. ആടിനെയും മൂക്കുത്തിയെയും വരെ വിറ്റാണ് തന്നെയും സഹോദരനെയും അമ്മ പഠിപ്പിച്ചതെന്നും ചിത്തരഞ്ജന്‍ കൂട്ടിച്ചേര്‍ത്തു. 

ഇഫ്‌ലുവില്‍ നിന്ന് ബിരുദം നേടിയ ചിത്തരഞ്ജന്റെ സഹോദരന്‍, ജെഎന്‍യുവില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നിരുന്നു.പക്ഷേ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മോശമായതിനാല്‍ പഠനം പാതിവഴി ഉപേക്ഷിച്ച് ജോലിക്കിറങ്ങേണ്ടിവന്നു. തനിക്കൊരു ജോലി ലഭിച്ചശേഷം സഹോദരന്റെ തുടര്‍ പഠനത്തിന് സഹായിക്കണമെന്നത് ചിത്തരഞ്ജന്റെ വലിയ ആഗ്രഹമാണ്. 

പട്ടിണിയും ദുരിതവുമാണ് തന്നെ എസ്എഫ്‌ഐയിലേക്ക് അടുപ്പിച്ചതെന്ന് ചിത്തരഞ്ജന്‍ പറയുന്നു. 'പോരാടുന്ന വിദ്യാര്‍ത്ഥികളുടേതാണ് സംഘടന. സഖാക്കള്‍ എപ്പോഴും പരസ്പരം സഹായിക്കുന്നു'- ചിത്തരഞ്ജന്‍ പറയുന്നു. 

മതത്തിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ വിഭജിക്കുന്ന സമയത്ത് ശക്തമായി പ്രതിരോധം തീര്‍ക്കാന്‍ കഴിയണം.സാധാരണക്കാരന് വേണ്ടി ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല- ചിത്തരഞ്ജന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com