ക്യാന്‍സറിനെ മാത്രമല്ല കൊറോണയെയും ഇല്ലാതാക്കാന്‍ ചാണകം മതി: ബിജെപി എംഎല്‍എ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 02nd March 2020 07:45 PM  |  

Last Updated: 02nd March 2020 07:45 PM  |   A+A-   |  

 

ഗുവഹാത്തി: കൊറോണ ബാധിച്ച് ലോകത്താകമാനം ആയിരക്കണക്കിനാളുകളാണ് മരിച്ചുവീഴുന്നത്. അതിനിടെ കോറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമാണെന്ന് ബിജെപി എംഎല്‍എ സുമന്‍ ഹരിപ്രിയ. അസമില്‍ നിന്നുള്ള എംഎല്‍എയാണ് സുമന്‍.

ചാണകം, ഗോ മൂത്രം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോള്‍, പുറത്തുവിടുന്ന പുകയ്ക്ക് വൈറസിനെ നശിപ്പിക്കാന്‍ ശക്തിയുണ്ട്. അതുകൊണ്ടുതന്നെ കൊറോണയെ പ്രതിരോധിക്കാന്‍ ചാണകം സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. പശുക്കടത്തുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബിജോയ ചക്രവര്‍ത്തിയുടെ മകളണ് സുമന്‍ ഹരിപ്രിയ. ആദ്യമായാണ് എംഎല്‍എയാകുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുന്‍പ് ചലചിത്രരംഗത്തായിരുന്നു സുമന്‍. 

ശാസ്ത്രീയമായ കാരണങ്ങള്‍ കൊണ്ടാണ് മതപരമായ ചടങ്ങുകള്‍ക്ക് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത്. ഗുജറാത്തിലെ വിവിധ ആശുപത്രികളില്‍ രോഗികള്‍ക്ക് ചാണകവും ഗോമൂത്രവും ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചാമൃത് നല്‍കാറുണ്ടെന്ന് എംഎല്‍എ പറഞ്ഞു. കൂടാതെ  ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇവ രണ്ടും നല്ല ഔഷധമാണ്. ഇതിലൂടെ പലരുടെയും രോഗം മാറിയതായി ഞാന്‍ മനസിലാക്കി. ഇതുകൊണ്ടാണ് പഴയ ആളുകള്‍ പശുവിനെ ആരാധിച്ചത്. പശു ഞങ്ങള്‍ക്ക് തരുന്ന എല്ലാ പ്രധാനമാണ്. മതപരമായ ആചാരങ്ങള്‍ക്ക് മുനിമാരും സന്യാസിമാരും തുളസിയിലകള്‍ ഉപയോഗിച്ചു. പ്രമേഹത്തിന് ഏറ്റവും നല്ല ഔഷധമാണ് തുളസിയിലയെന്നും എംഎല്‍എ പറഞ്ഞു