

ന്യൂഡല്‍ഹി: എംപിമാരുടെ സസ്‌പെന്‍ഷനെ ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയും ലോക്‌സഭയും രണ്ടുമണിവരെ
നിര്‍ത്തിവച്ചു. രജ്യസഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി. എംപിമാരുടെ സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കണം എന്നായിരുന്നു ആവശ്യം.
എന്നാല്‍, സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്ന പ്രശ്‌നമേയില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
സസ്‌പെന്‍ഷനിലായ എംപിമാരുടെ പ്രകടനം സഭാരേഖകളില്‍ ഉള്‍പ്പെടുത്തില്ലെന്നും എന്നാല്‍ അവരുടെ പ്രവൃത്തി രാജ്യത്തെ ജനങ്ങള്‍ കാണണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
'സഭാതളത്തിലിറങ്ങിയ എംപിമാര്‍ മന്ത്രിമാരുടെ കയ്യിലുള്ള പേപ്പറുകള്‍ വലിച്ചെറിഞ്ഞു, ചെയറിനെ ചോദ്യം ചെയ്തു, സഭയ്ക്ക് യോജിച്ച തരത്തിലല്ല ഇവര്‍ പെരുമാറിയത്. അവര്‍ക്ക് ഖേദവുമില്ല. നമുക്ക് എന്തുചെയ്യാന്‍ സാധിക്കും? '-നായിഡു പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം ജോസ് കെ മാണിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ സമ്മേളന കാലയളവില്‍ പ്രതിഷേധം നടത്തിയതിനാണ് കേരളത്തില്‍ നിന്നള്ള എംപിമാര്‍ അടക്കം പന്ത്രണ്ട് രാജ്യസഭാ അംഗങ്ങളെ തിങ്കളാഴ്ച സസ്‌പെന്റ് ചെയ്തത്. ശൈത്യകാല സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍.മാപ്പുപറയാന്‍ തങ്ങള്‍ സവര്‍ക്കര്‍ അല്ലെന്ന് കഴിഞ്ഞദിവസം സിപിഐ എംപി ബിനോയ് വിശ്വം പറഞ്ഞിരുന്നു.
ലോക്‌സഭയില്‍ ടിആര്‍എസ് പ്രതിഷേധം
ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടപടികളുമായി സഹകരിച്ചു. ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധം ഉയര്‍ത്തിയില്ല. എന്നാല്‍ തെലങ്കാനയില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയായിരുന്നു ടിആര്‍എസ് എംപിമാരുടെ പ്രതിഷേധം. ടിആര്‍എസ് എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
അതേസമയം, സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിന് പിന്തുണയുമായി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെത്തി. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് രണ്ടാമതും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയായില്ല. കഴിഞ്ഞദിവസം, പ്രതിപക്ഷ അംഗങ്ങളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുമെന്ന് സൂചനയുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് എംപിമാരെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates