രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യത; ബംഗലൂരുവില്‍ ചികിത്സയിലുള്ള ഡോക്ടറുടെ രണ്ട് കുടുബാംഗങ്ങള്‍ക്ക് കോവിഡ് 

ബംഗ്ലൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത തുടരുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. ഒമൈക്രോണ്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്ന് എത്തിയ ആറു പേര്‍ക്കു കൂടി ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാംപിളുകളും ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്. 

ബംഗ്ലൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇവരുമായി ഇടപെട്ട കൂടുതല്‍ പേരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരടക്കം പത്ത് പേരുടെ പരിശോധന ഫലം ഉടന്‍ വരും. ഒമൈക്രോണ്‍ ബാധിച്ച 46കാരനായ ഡോക്ടര്‍ ബംഗ്ലൂരുവില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. 

ഡോക്ടര്‍ക്ക് വിദേശ യാത്രാ പശ്ചാത്തലമില്ല. ഹൈറിസ്‌ക് രാജ്യങ്ങളിലേക്ക് ഒന്നും ഇക്കാലയളവില്‍ ഡോക്ടര്‍ യാത്ര നടത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ എവിടെ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന കാര്യത്തില്‍ നിശ്ചയമില്ല. ബംഗ്ലൂരുവില്‍ നിന്നാകാം ഡോക്ടര്‍ക്ക് ഒമൈക്രോണ്‍ ബാധിച്ചതെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നത്. 

ഡോക്ടറുടെ രണ്ട് കുടുബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സഹപ്രവര്‍ത്തകനായ മറ്റൊരു ഡോക്ടര്‍ക്കും കോവിഡ് കണ്ടെത്തി. ഇവര്‍ക്ക് പനിയും ശരീരവേദനയും ഉണ്ട്. ആശങ്ക വേണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി

രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാള്‍ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തില്‍ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി. പരിശോധന, നിരീക്ഷണം,നിയന്ത്രണം എന്നിവ സംസ്ഥാനങ്ങള്‍ കടുപ്പിക്കുകയാണ്. രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്.

ഹെ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക, ഡല്‍ഹി അടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു വാക്‌സീനെങ്കിലും എടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. 

അതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്‌സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളില്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, യു പി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com