ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ 300 രൂപ വാങ്ങി; കടയുടമയെ സഹോദരങ്ങൾ കാർ കയറ്റി കൊന്നു 

നകുൽ സിങ്ങും സഹോദരൻ അരുൺ സിങ്ങുമാണ്​ കൊലപാതകം നടത്തിയത്
അറസ്റ്റിലായ പ്രതികളിൽ ഒരാൾ/ ചിത്രം: ട്വിറ്റർ
അറസ്റ്റിലായ പ്രതികളിൽ ഒരാൾ/ ചിത്രം: ട്വിറ്റർ

നോയിഡ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ 300 രൂപ ഈടാക്കിയതിനെ ചൊല്ലിയുണ്ടായ തർക്ക​ത്തിനൊടുവിൽ കടയുടമയെ സഹോദരങ്ങൾ കൊലപ്പെടു​ത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്​ പ്രദേശത്ത്​ കട നടത്തിയിരുന്ന നിതിൻ ശർമയുടെ മേൽ കാർ ഓടിച്ച്​ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗർബാര ഗ്രാമത്തിലെ നകുൽ സിങ്ങും സഹോദരൻ അരുൺ സിങ്ങുമാണ്​ കൊലപാതകം നടത്തിയത്​.

അരുണും നകുലും ചേർന്ന് ജമ്മുവിലേക്ക്​ ട്രെയിൻ ടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. എന്നാലിവർ ഞായറാഴ്ച ടിക്കറ്റ്​ റദ്ദാക്കാനായി കടയിലെത്തി. ട്രെയിൻ ടിക്കറ്റ്​ കാൻസൽ ചെയ്യുന്നതിനായി നിതിൻ ഇരുവരിൽനിന്നും 300 ഈടാക്കി. ഇതേ തുടർന്നുണ്ടായ തർക്കമാണ്​ കൊലപാതകത്തിൽ കലാശിച്ചത്. 

നിതിൻറെ ദേഹത്തേക്ക്​ ഇവർ കാർ മനപൂർവ്വം ഇടിച്ചുകയറ്റുകയായിരുന്നെന്നും രണ്ടു മൂന്നുതവണ കാർ പിറകോ​ട്ടെടുത്ത്​ ദേഹത്തേക്ക്​ കയറ്റിയെന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തതായി ഗ്രേറ്റർ നോയി അഡീഷനൽ ഡെപ്യൂട്ടി കമീഷണർ വിശാൽ പാണ്ഡെ അറിയിച്ചു. ഇവരിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com