കനത്ത മൂടല്‍മഞ്ഞ്;  വലിയ ശബ്ദം; നിമിഷാര്‍ധം കൊണ്ട് തീഗോളമായി ഹെലികോപ്റ്റര്‍; ലാന്‍ഡിങ്ങിന് 5 മിനുട്ട് മാത്രം അകലെ ദുരന്തം; ഞെട്ടല്‍ മാറാതെ രാജ്യം

കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്
ഹെലികോപ്റ്റർ കത്തിയമർന്നപ്പോൾ/ പിടിഐ ചിത്രം
ഹെലികോപ്റ്റർ കത്തിയമർന്നപ്പോൾ/ പിടിഐ ചിത്രം


ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് സംശയം. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു.  ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ അകലെ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെ എംഐ 17വി5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂര്‍ വ്യോമത്താവളത്തില്‍ നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പോകുകയായിരുന്നു. വെല്ലിങ്ടണിലെ സൈനികത്താവളത്തില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാനായിരുന്നു യാത്ര. 

തകര്‍ന്നയുടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാന്‍ കഴിഞ്ഞതെന്നും പ്രദേശവാസികള്‍ പറയുന്നു. എസ്‌റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത്. പ്രദേശത്ത് ഒരു മണിക്കൂറോളം കനത്ത തീഗോളങ്ങള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഹെലികോപ്റ്റര്‍ ഒരു മരത്തിലിടിച്ച് നില്‍ക്കുന്നതും തീ ഉയരുന്നതുമാണ് കണ്ടത്. ഹെലികോപ്റ്ററില്‍നിന്ന് ഒന്നിലധികം മൃതദേഹങ്ങള്‍ താഴേക്ക് വീഴുന്നതും കണ്ടുവെന്ന് സമീപവാസി പറഞ്ഞു. ഒന്നരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ജനറല്‍ ബിപിന്‍ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് സൂചന. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. കോയമ്പത്തൂരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൂനൂരിലേക്ക് പോയി. ജനറല്‍ റാവത്തിന് എല്ലാ വിദഗ്ധ ചികിത്സയും ഏര്‍പ്പാടാക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. സ്റ്റാലിന്‍ അപകടം നടന്ന കൂനൂരിലേക്ക് പോയി. 

അപകടസ്ഥലത്തുവെച്ചു തന്നെ ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചതായി തമിഴ്‌നാട് വനംമന്ത്രി കെ രാമചന്ദ്രന്‍ പറഞ്ഞു. അപകടത്തില്‍ 11 പേര്‍ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. അപകടവവിരം അറിഞ്ഞ ഉടന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. രാജ്‌നാഥ് സിങ് റാവത്തിന്റെ വീട്ടിലുമെത്തിയിരുന്നു. പ്രതിരോധമന്ത്രി നാളെ പ്രസ്താവന നടത്തുമെന്നാണ് അറിയിപ്പ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com