വരുണ്‍ സിങ്ങിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററില്‍; 48 മണിക്കൂറുകള്‍ നിര്‍ണായകം

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ്‌ അതീവ ഗുരുതരാവസ്ഥയില്‍
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്

ചെന്നൈ: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ്‌ അതീവ ഗുരുതരാവസ്ഥയില്‍. വെന്റിലേറ്ററില്‍ തുടരുന്ന സിങ്ങിന്റെ ആരോഗ്യനില വഷളായിട്ടില്ലെങ്കിലും അടുത്ത നാല്‍പ്പത്തിയെട്ടുമണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏകവ്യക്തി ക്യാപ്റ്റന്‍ വരുണ്‍ സിങ്ങാണ്. അദ്ദേഹത്തിന് 80- 85 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോര്‍്ട്ടുകള്‍.

വരുണ്‍ സിങ്ങിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നും എന്നാല്‍ ആരോഗ്യനില വഷളായിട്ടില്ലെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.  അദ്ദേഹം കര്‍ശന നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ആവശ്യമെങ്കില്‍ സൈനിക ആശുപത്രിയിലേക്ക് മാറ്റുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

ധീരതയ്ക്കുള്ള അംഗീകാരമായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ശൗര്യചക്ര പുരസ്‌കാരം ഏറ്റുവാങ്ങിയ സൈനികനാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ്‌. വ്യോമമസേനയില്‍ വിങ് കമാന്‍ഡറായ വരുണ്‍ സിങ് 2020 ഒക്ടോബര്‍ 12ന് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അര്‍ഹനായത്. വിമാനത്തിന്റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മര്‍ദ സംവിധാനത്തിനുമാണ് അന്ന് തകരാര്‍ നേരിട്ടത്. ഉയര്‍ന്ന വിതാനത്തില്‍ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ്‌ മനസ്ഥൈര്യത്തോടെ നേരിടുകയായിരുന്നു.

ഒരിക്കലും സംഭവിക്കുമെന്ന് മുന്‍കൂട്ടി കരുതാത്തത്രയും വലിയ തകരാറായിരുന്നു അന്ന് സംഭവിച്ചത്. ജീവനും യുദ്ധവിമാനവും നശിക്കുന്ന അപകടത്തിലേക്ക് വഴിതുറക്കുമായിരുന്നു. വിമാനം ഉയരത്തില്‍ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തില്‍ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യത്തില്‍ കടുത്ത ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദത്തിലായിരുന്നിട്ടും, വരുണ്‍ സിങ്ങ്‌ മനോധൈര്യം കൈവിട്ടിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com